ഇസ്രായേല്‍ എല്ലാ അന്തര്‍ദേശീയ ധാരണകളെയും ലംഘിക്കുന്നു: അബ്ദുല്ല വടകര

New Update

publive-image

കുവൈറ്റ് സിറ്റി: എല്ലാ അന്തര്‍ദേശീയ ധാരണകളും മാനവിക മൂല്യങ്ങളും
പരസ്യമായി ലംഘിച്ചു കൊണ്ടാണ് ഏഴു പതിറ്റാണ്ടായി ഇസ്രായേല്‍ ഫലസ്തീനുമേല്‍
അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇസ്രായേലിന്‍റെ ഈ നിലപാടാണ്
മേഖലയിലെ സമാധാനത്തിന് വിഘ്നം സൃഷ്ടിക്കുന്നതെന്നും ഐ.സി.എഫ്
കുവൈറ്റ് നാഷ്ണല്‍ സെക്രട്ടറി അബ്ദുല്ല വടകര അഭിപ്രായപ്പെട്ടു.

Advertisment

'പാലസ്തീന്‍; ഇരയാര്? വേട്ടക്കാരനാര് ?' എന്ന വിഷയത്തില്‍ ഐ.സി.എഫ് കുവൈറ്റ് സിറ്റി
സെന്‍ട്രല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലിന്നോളം ഒരു രാജ്യത്തിനെതിരെയും പാസാക്കേണ്ടി വന്നിട്ടില്ലാത്തയത്രയും കൂടുതല്‍ പ്രമേയങ്ങളാണ് ഇസ്രായേലിനെതിരെ പാസ്സാക്കിയത്.

അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ നിരന്തരമായി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഇസ്രായേല്‍ പുലര്‍ത്തിപ്പോരുന്ന മാനവിക വിരുദ്ധ നയങ്ങളുടെ പേരിലാണ്.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും കുടിവെള്ളം, വൈദ്യസഹായം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെയും നിഷേധിക്കുന്നതിന്‍റെ പേരില്‍ എല്ലാ അന്താരാഷ്ട്ര ഏജന്‍സികളും ഇസ്രായേലിനെ വിമര്‍ശിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള ഒരു രാഷ്ട്രമാണ് ഏറ്റവും ദുര്‍ബലമായ ഫലസ്തീനികളുടെ ചെറുത്തു നില്‍പുകളെ ഭീകരതയായി കൊട്ടിഘോഷിക്കുന്നത്. ഫലസ്തീനികളുടെ സ്വാസ്ഥ്യം കെടുത്തുകയും അവരെ ആട്ടിയോടിക്കുകയും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും കൊന്നുതള്ളുകയും ചെയ്യുന്ന ഒരു രാജ്യമാണ് സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു അവകാശവുമില്ല.

ഇസ്രായേലിന്‍റെ കിരാതമായ മനുഷ്യത്വവിരുദ്ധ നടപടികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയും ലോകസമൂഹവും ശക്തമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐ.സി.എഫ് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷം വഹിച്ചു. മുഹമ്മദ് ബാദുഷ മുട്ടനൂര്‍ സ്വാഗതവും സ്വാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

kuwait news
Advertisment