കുറവിലങ്ങാട് കോഴായിൽ നിർദ്ദേശിച്ചിരിക്കുന്ന മാലിന്യ പ്ലാന്റ് ഒഴിവാക്കാൻ സർക്കാർ ഉത്തരവ് ഇറക്കാത്തത് തികച്ചും പ്രതിഷേധാർഹം; മോൻസ് ജോസഫ് എം.എൽ.എ

New Update

publive-image

കുറവിലങ്ങാട്: സംസ്ഥാന സർക്കാർ കോട്ടയം ജില്ലയ്ക്ക് വേണ്ടി ആവിഷ്ക്കരിക്കുന്ന മാലിന്യ പ്ലാന്റ് കുറവിലങ്ങാട് കോഴായിലെ ഒരേക്കർ കൃഷിസ്ഥലത്ത് സ്ഥാപിക്കാനുള്ള നടപടി ഒഴിവാക്കിക്കൊണ്ട് ഇതുവരെയും ഉത്തരവ് ഇറക്കാത്തത് തികച്ചും പ്രതിഷേധാർഹവും, ജനങ്ങളോടുള്ള വഞ്ചനയുമാണെന്ന് പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.

Advertisment

യുഡിഎഫ് കുറവിലങ്ങാട് പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ പ്ലാന്റിന്റെ കാര്യത്തിൽ എൽഡിഎഫ് നേതൃത്വവും, ജില്ലാ പഞ്ചായത്തും, കുറവിലങ്ങാട് പൗരാവലിയെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. കോഴായിൽ നിന്ന് മാലിന്യ സംസ്കരണ പ്ലാന്റ് ഒഴിവാക്കുമെന്ന് ചില പ്രാദേശിക ജനപ്രതിനിധികൾ പത്ര പ്രസ്താവന ഇറക്കിയത് അല്ലാതെ ഇക്കാര്യത്തിൽ യാതൊരു നിർദേശവും സർക്കാരിൽ നിന്ന് ഇതുവരെയും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

കുറവിലങ്ങാട് പൗരാവലിയുടെ ആശങ്ക ജൂലൈ 31 ന്, നടന്ന കോട്ടയം ജില്ലാ വികസന സമതി യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ ഉന്നയിച്ചപ്പോൾ കോഴാ ഒഴിവാക്കുന്നതിന് സർക്കാർ ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറിൽ നിന്ന് മറുപടി ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽ പകരം മറ്റൊരു സ്ഥലം നിർദ്ദേശിക്കാതെ കോഴാ ഒഴിവാക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കുകയും ചെയ്തു.

ഇതിലൂടെ കുറവിലങ്ങാടിന്റെയും, കോഴായുടെയും ആശങ്ക കൂടുതൽ ഗൗരവമായി തീർന്നിരിക്കുകയാണെന്ന് യുഡിഎഫ് നേതൃയോഗം ചൂണ്ടിക്കാട്ടി. സ്ഥലം എംഎൽഎ മോൻസ് ജോസഫിനെയും, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയെയും, സർവ്വകക്ഷി നേതാക്കളെയും ഒഴിവാക്കി തിരുവനന്തപുരത്തിന് പോയ എൽഡിഎഫ് നിവേദക സംഘം മുഖ്യമന്ത്രിയെ കാണാൻ പോലും കഴിയാതെ നാണംകെട്ട് മടങ്ങി പോന്നതായി യുഡിഎഫ് വ്യക്തമാക്കി.

വൈക്കം എംഎൽഎയെ കൂട്ടിക്കൊണ്ട് പോയെങ്കിലും മുഖ്യമന്ത്രിയുടെ പി.എയെ കണ്ട് കത്ത് കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായത്. വിവിധ മന്ത്രിമാരെ കണ്ട് ഫോട്ടോ എടുത്തതല്ലാതെ ഒരു കാര്യത്തിലും സർക്കാർ ഉത്തരവ് ഇറക്കാൻ കഴിയാതെ പോയി. ജനങ്ങളെ കബളിപ്പിച്ച് കൊണ്ട് തികച്ചും പ്രഹസനം നടത്തുകയും, കഴിവ് കേട് തെളിയിക്കുകയും ചെയ്ത എൽഡിഎഫ് ജന പ്രതിനിധികളുടെ രാഷ്ട്രീയ തട്ടിപ്പ് അവസാനിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മാലിന്യ പ്ലാന്റ് കുറവിലങ്ങാട് കോഴായിൽ സ്ഥാപിക്കാൻ ഉദ്യോഗസ്ഥന്മാർ നിർദ്ദേശ ഉത്തരവ് മോൻസ് ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ ഒറ്റദിവസം കൊണ്ട് ക്യാൻസൽ ചെയ്ത് ഉത്തരവിറക്കിയ കരുത്തുറ്റ നിലപാട് കോട്ടയം ജില്ലാ പഞ്ചായത്തും, എൽഡിഎഫ് പ്രാദേശിക നേതൃത്വവും കണ്ട് പഠിക്കുന്നത് നല്ലതാണെന്ന് യുഡിഎഫ് യോഗം ചൂണ്ടിക്കാട്ടി.

കുറവിലങ്ങാട് കോഴായിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനിച്ചു. ഇതിനായി സർവ്വകക്ഷി യോഗം തെരഞ്ഞെടുത്തിരിക്കുന്ന പ്രധാന ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ട് കോഴാ മാലിന്യ പ്ലാന്റ് വിരുദ്ധ നേതൃത്വ സംഗമം ഈ മാസം 7 ന്, ഉച്ച കഴിഞ്ഞ് 3 മണിക്ക് കുറവിലങ്ങാട്ട് വിളിച്ച് കൂട്ടുന്നതാണ്.

കുറവിലങ്ങാടിന്റെ വിവിധങ്ങളായ ഭാവി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് തലത്തിലുള്ള വികസന യോഗം നടത്തുന്നതിന് യോഗം തീരുമാനിച്ചു.

2000-ാം ആണ്ടിൽ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച കെ.ആർ നാരായണൻ ഗ്രാമീണ റോഡ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ യുടെ പരിശ്രമഫലമായി പൊതുമരാമത്ത് വകുപ്പിലേക്ക് ബൈപ്പാസ് റോഡായി ഏറ്റെടുത്ത് ടാർ ചെയ്യിക്കാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ 10 വർഷമായി ബൈപ്പാസ് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം കോടതി സ്റ്റേ മൂലം മുടക്കി കളഞ്ഞത് ഒരു വിഭാഗം നാടിനോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

എന്നാൽ ഇക്കാര്യത്തിൽ പിന്നോട്ട് പോകാതെ നിരന്തരമായ പോരാട്ടത്തിലൂട ബൈപ്പാസ് നിർമ്മാണത്തിന് അനുകൂല വിധി സമ്പാദിച്ച് നിയമ യുദ്ധത്തിൽ വിജയം കൈവരിച്ച അഡ്വ. മോൻസ് ജോസഫ് എംഎൽഎ യെ യുഡിഎഫ് യോഗം അനുമോദിച്ചു.

കുറവിലങ്ങാട് ബൈപ്പാസ് റോഡിന്റെ ഭാവി വികസനത്തിന് ഇതുവരെയും സർക്കാർ തലത്തിൽ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഫണ്ട് അനുവദിക്കുകയും, പുതിയ പ്രൊജക്ടിന് രൂപം നൽകുകയും ചെയ്യണം.

എന്നാൽ ഇത് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിന് ജന പ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട് ബൈപ്പാസ് റോഡ് വികസന യോഗം ഉടനെ വിളിച്ച് ചേർക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി മെമ്പർ അഡ്വ. ടി.ജോസഫ്, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോമസ് കണ്ണന്ത്ര, യുഡിഎഫ് നേതാക്കളായ ബേബി തൊണ്ടാംകുഴി, ജോസഫ് തെന്നാട്ടിൽ, ജോർജ് ചെന്നേലിൽ, സിനോജ് മിറ്റത്താനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, മെമ്പർമാരായ ടെസി സജീവ്, എം.എം ജോസഫ്, ജോയിസ് അലക്സ്, ലതിക സാജു എന്നിവർ പ്രസംഗിച്ചു.

NEWS
Advertisment