പോഷകാഹാര മാസാചരണം വ്യത്യസ്ത പരിപാടികളിലൂടെ ശ്രദ്ധേയമായി ഇത്തിക്കര ഐ.സി.ഡി.എസ്. 951 കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷകസമൃദ്ധിക്കായുള്ള ‘പോഷന്‍ മാഹ്’ മാസാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് ഇത്തിക്കര ഐ.സി.ഡി.എസ്.
പോഷകാഹാരത്തിന്റെ പ്രാധാന്യം, സമീകൃത ആഹാരത്തിന്റെ ഗുണങ്ങള്‍ എന്നിവയാണ് പരിപാടികളിലൂടെ വ്യക്തമാക്കിയത്. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളിലെയും പരവൂര്‍ നഗരസഭയിലെയും ഉള്‍പ്പെടെ 193 അങ്കണവാടികള്‍ മുഖേനയായിരുന്നു പരിപാടികള്‍. ജൈവ-ഭക്ഷ്യപ്രദര്‍ശന മേളയും കുട്ടികളുടെ പാചക മത്സരവും നടത്തി.
ആയുഷ് മിഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ പരിപാടികള്‍, രചന മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ പോഷകാഹാര അവബോധത്തിനായുള്ള വേദികളായി. വളര്‍ച്ചക്കുറവുള്ള കുട്ടികള്‍ക്ക് ആയുഷ് മിഷനുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ സജ്ജീകരിക്കും എന്ന് ഇത്തിക്കര സി.ഡി.പി.ഒ രഞ്ജിനി പറഞ്ഞു.