കോമഡിയുമായി ജ്യോതികയും രേവതിയും; ജാക്ക് പോട്ട് ട്രെയിലര്‍ കാണാം

ഫിലിം ഡസ്ക്
Tuesday, July 23, 2019

ജ്യോതിക കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ജാക് പോട്ട്. സിനിമയുടെ ട്രെയിലർ പുറത്തിറക്കി. സിനിമയിൽ രേവതിയും നായികാ തുല്യമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസം ആദ്യമാണ് ജാക്പോട്ടിന്റെ റിലീസ്.

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസ്മയിപ്പിച്ച ജ്യോതികയും രേവതിയും ഇതാദ്യമായി ഒരുമിക്കുന്നു എസ് കല്യാൺ സംവിധാനം ചെയ്ത ജാക്പോട്ടിലൂടെ. നാച്ചിയാറിൽ പൊലീസ് ഓഫീസറായി എത്തി ഞെട്ടിച്ച ജ്യോതിക ഇത്തവണ എത്തുന്നത് മാസ് കോമഡി എന്റർടെയിനറുമായാണ്. ജ്യോതികയുടെ ആദ്യ ആക്ഷൻ കോമഡി ചിത്രമാണിത്. കരുത്തുറ്റ പ്രകടനവുമായി ഒപ്പം രേവതിയും.

ട്രെയിലറിൽ പൊലീസ് ഓഫീസർമാരായും വെറ്റിനറി ഡോക്ടർമാരായും തടവുപുള്ളികളായും എല്ലാം രേവതിയും ജ്യോതികയും നിറ‍ഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ ഇവരുടെ യഥാർത്ഥ കഥാപാത്രം എന്താണെന്ന് വെളിപ്പെടുത്തുന്നില്ല. ജ്യോതികയുടെ കിടിലൻ ആക്ഷനാണ് ട്രെയിലറിന്റെ മറ്റൊരു ഹൈ ലൈറ്റ്.

മൻസൂർ അലി ഖാൻ, ആനന്ദ്‌രാജ്, മൊട്ട രാജേന്ദ്രൻ, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. 2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ നടൻ സൂര്യയാണ് സിനിമ നിർമിക്കുന്നത്. വിശാൽ ചന്ദ്രശേഖറാണ് സംഗീതസംവിധായകൻ. ആഗസ്റ്റ് 2ന് ജാക് പോട്ട് തീയറ്ററുകളിലെത്തും.

×