Advertisment

രണ്ടാമത്തെ ജിദ്ദാ - കരിപ്പൂർ വിമാനം പുറപ്പെട്ടു; യാത്രക്കാരിൽ 73 ഗർഭിണികളും 14 കുട്ടികളും; വലിയ വിമാനം സർവീസിനിടാത്ത കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം വ്യാപകം

New Update

publive-image

Advertisment

ജിദ്ദ: വന്ദേ ഭാരത് മിഷനിൽ വിദേശങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകളിൽ വലിയ വിമാനങ്ങളെ ഉൾപ്പെടുത്താത്തതിൽ വ്യാപകമായ പ്രതിഷേധം നിലനിൽക്കെ ജിദ്ദയിൽ നിന്ന് കരിപ്പൂരിലേയ്ക്കുള്ള രണ്ടാമത്തെ വിമാനം വെള്ളിയാഴ്ച പുറപ്പെട്ടു.

എയര്‍ ഇന്ത്യയുടെ ചെറിയ തരം എ ഐ-960 വിമാനത്തിൽ യാത്ര തിരിച്ചവരിൽ 73 ഗള്‍ഭിണികൾ, 14 കൈക്കുഞ്ഞുങ്ങൾ, ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന 24 പേർ, അടിയന്തര ചികിത്സ ആവശ്യമായ 36 പേർ എന്നിവരും ഉൾപ്പെടുന്നു.

മെയ് 13 ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേയ്ക്ക് പറന്ന ആദ്യ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും മെഡിക്കൽ രേഖകൾ പൂർണ്ണമല്ലെന്ന കാരണത്താൽ എയർ ഇന്ത്യ അധികൃതർ യാത്ര നിഷേധിച്ച രോഗിയായ മലപ്പുറം കക്കാട് കരിമ്പിൽ സ്വദേശി അയ്യൂബും വെള്ളിയാഴ്ചയിലെ വിമാനത്തിൽ പുറപ്പെട്ടവരിൽ ഉൾപ്പെടുന്നു.

publive-image

ശനിയാഴ്ച (മെയ് 30) യും ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 3.30 ന് പുറപ്പെടുന്ന വിമാനത്തിൽ മറ്റൊരു 149 പേർ കൂടി നാടണയും. അതേസമയം, 319 പേർക്ക് യാത്രചെയ്യാവുന്ന വലിയ വിമാനമായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, പ്രത്യേകമായ ഒരു കാരണവും പറയാതെ അത് ചെറിയ വിമാനങ്ങളായി ചുരുക്കുകയായിരുന്നു. ഇതിൽ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം വ്യാപിക്കുകയാണ്.

ഓരോ സർവീസിലൂടെയും ചെറിയ എണ്ണം പേർ മാത്രമാണ് നാട്ടിലെത്തുന്നത് എന്നതിനാൽ പ്രതീക്ഷയിലായിരുന്ന നിരവധി പേരാണ് ഹതാശയരാവുന്നത്. അതിനിടെ, ശനിയാഴ്ച കരിപ്പൂർ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഗർഭിണിയായ ത്വാഇഫിലെ ബ്ലെസി മാത്യു എന്ന യുവതി ഇന്ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

പരമാവധി പേരെ എത്രയും വേഗത്തിൽ നാട്ടിലെത്തിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിന്റെ വെളിച്ചത്തിൽ സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിവേദനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇത് വരെ യാതൊരു ഫലവും ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാനും അവർക്ക് യാത്രാശംസ നേരാനും ഇന്ത്യൻ അധികൃതരും സന്നദ്ധ സംഘടനാ പ്രവർത്തകരും എത്തിയിരുന്നു. മലയാളിയായ കോണ്‍സല്‍ ഹംന മറിയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisment