/sathyam/media/post_attachments/aTYmWo9VVTEKdDf9ebvM.jpg)
മിനിസ്‌ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജിഷിനും വരദയും. പരമ്പരയില്‍ നായികയും വില്ലനുമായി അഭിനയിക്കുന്നതിടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും. തമാശ കലര്‍ന്ന രസത്തോടെ ജിഷിന്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും, അതിന് നല്‍കുന്ന ക്യാപ്ഷനുകളെല്ലാം സോഷ്യല്‍മീഡിയകളില്‍ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തരത്തിലുള്ള സൈബര്‍ അറ്റാക്കാണ് ജിഷിനും വരദയും നേരിടുന്നത്. ജിഷിന്‍ സദാചാര പൊലീസിംഗിന് ഇരയായെന്ന തരത്തിലായിരുന്നു പ്രചരണം. ജിഷിന്‍റെയും വരദയുടെയും ദാമ്പത്യത്തില്‍ ഇത് വിള്ളല്‍ വീഴ്ത്തിയെന്നുമൊക്കെ ചില യുട്യൂബ് ചാനലുകള്‍ തമ്പ്നെയിലുകള്‍ നല്‍കി.
സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇരുവരേയും ഒന്നിച്ച് കാണാത്തതും വ്യാജ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി. പിന്നാലെ വരദ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. 'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നു മാത്രം. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.' എന്നായിരുന്നു അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വരദ പറഞ്ഞത്.
കഴിഞ്ഞ ദിവസം ജിഷിന്റെ അഭിമുഖം ആദിത്യന്‍ ജയന്‍ നടത്തിയപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ആളുകള്‍ അറിയുന്നത്. ''മലയാളി നടിയുടെ കൂടെ എന്നെ കാറില്‍ നിന്ന് പിടിച്ചെന്നും, അവര്‍ കാറില്‍ നിന്ന് ഇറങ്ങിയിട്ടും ഞാന്‍ ഇറങ്ങാത്തതുകൊണ്ട് നാട്ടുകാര്‍ എന്നെ പിടിച്ച് ഇറക്കിയെന്നും എന്നുമായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ജിഷിന്‍ വരദ എന്ന് ഇപ്പോള്‍ ഗൂഗിള്‍ ചെയ്താല്‍ എന്ത് വാര്‍ത്തയാണ് വരിക എന്ന് എനിക്ക് അറിയാം. ഏതായാലും ഡിവോഴ്‌സ് ആയിട്ടില്ല. ആകുമ്പോള്‍ അറിയിക്കാം. സുഹൃത്തുക്കള്‍ ചില വീഡിയോ ലിങ്കുകള്‍ അയച്ച് തരുമ്പോഴോ, അവര്‍ കാര്യം തിരക്കുമ്പോളോ ആയിരിക്കും മിക്ക കാര്യവും അറിയുന്നത്. പിന്നെ അങ്ങനങ്ങ് പോകട്ടെ എന്ന് കരുതും. നടിയൊന്നിച്ചുള്ള പ്രശ്‌നത്തില്‍ അത് ഞാനല്ല എന്ന് പറയാന്‍ പറഞ്ഞുകൊണ്ടിരുന്നത് അമ്മയാണ്.. പക്ഷെ എന്റെ അമ്മയ്ക്കും വരദയ്ക്കും അറിയാം അത് ഞാനല്ലായെന്ന്. പിന്നെ എന്തിനാണ് ഞാന്‍ ആധി വയ്ക്കുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് ഞാനല്ല എന്ന് പറഞ്ഞ് ഞാന്‍ ലൈവില്‍ വന്നിരുന്നു.. പക്ഷെ അത് വാര്‍ത്ത പോലെ അത്ര വൈറലായില്ല. വീഡിയോയ്ക്ക് വരുന്ന കമന്റുകളാണ് രസം. അവര്‍ വരദയുടെ ഭര്‍ത്താവല്ലേ, അത് ചെയ്യും എന്നെല്ലാമാണ് ആളുകള്‍ പറയുന്നത്.'' ജിഷിന്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us