സല്യൂട്ട് വിഷയത്തിൽ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: ജോൺ ഡാനിയൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, July 3, 2021

തിരുവനന്തപുരം: പോലീസിന്റെ സല്യൂട്ട് വേണമെന്ന തൃശൂർ മേയറുടെ ആവശ്യത്തിൽ സിപിഎം നേതൃത്വത്തിന്റെ നിലപാടറിയാൻ പൊതുസമൂഹത്തിനു താൽപര്യമുണ്ടെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണോ മേയർ സല്യൂട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി പരാതി നൽകിയതെന്ന് വ്യക്തമാക്കണം. താൻ സ്റ്റേറ്റിന്റെ മേയറാണെന്ന ധിക്കാരഭാവം വെച്ച് പുലർത്തുന്ന തൃശൂർ മേയറുടെ സല്യൂട്ട് ആവശ്യം തൃശൂരിനും മേയർ പദവിക്കും പൊതു സമൂഹത്തിൽ നാണക്കേട് ഉണ്ടാക്കിയിട്ടും സിപിഎം മൗനം പുലർത്തുന്നത് എന്തു കൊണ്ടാണ്?

സല്യൂട്ട് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി കൊടുത്തത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും അറിവോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൊഴിലാളിവർഗത്തിൽ ഉൾപ്പെടുന്ന പൊലീസ് സേനാംഗങ്ങളെ അടിമകളായി കാണുന്ന ഫ്യൂഡൽ ചിന്ത വെച്ചുപുലർത്തുന്ന ഒരാളെ മേയർ സ്ഥാനത്തേക്ക് പിന്തുണക്കേണ്ടി വരുന്നത് ഗതികേടുകൊണ്ട് ആണെങ്കിൽ ആ ഗതികേട് സിപിഎം തുറന്നു പറയണം.

നിലവിലുള്ള നിയമപ്രകാരം മേയർക്ക് സല്യൂട്ടിന് അർഹതയുണ്ടെങ്കിൽ അത് അനുവദിക്കേണ്ടതു തന്നെയാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ചട്ടപ്രകാരം അതിന് സാധുതയില്ലെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മേയറുടെ അമിതാധികാര മന:സ്ഥിതി തിരുത്താൻ ഇടതുമുന്നണിയും സിപിഎമ്മും ഇടപെടണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

×