ലാളിക്കാനും ലാളിക്കപ്പെടാനും കൊതിക്കാത്തവരുണ്ടോ ?കേരളത്തില്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലും ആരും ഇനി ലാളിക്കരുത്. പ്രത്യേകിച്ച് മടിയിലിരുത്തി !. നമ്മള്‍ എത്ര കരുതലോടെയും സ്‌നേഹത്തോടെയുമാണ് ഒരു കുരുന്നിനെ മടിയിലിരുത്തി ഒാമനിക്കുന്നത്. അത് കുഞ്ഞുങ്ങളൊക്കെ തെറ്റിധരിക്കുകയെന്നു വച്ചാല്‍ .. എന്തു കഷ്ടമാണിത്. അമളി പിണഞ്ഞത് പാവം സിവിക്ക് ചന്ദ്രനാണ്. എഴുനേറ്റു നില്‍ക്കാന്‍ പോലും ജീവനില്ലാത്ത , അവശനും ആര്‍ത്തനും വയോധികനുമൊക്കെയായ ഒരു സാധു മനുഷ്യന്‍ ! . ഒരു കാലത്ത് അദ്ദേഹം പുലിയായിരുന്നു, അല്ല പുപ്പുലി. അങ്ങേര് ഒരു യുവതിയെയാണ് മടിയില്‍ പിടിച്ചിരുത്തിയത്. ശാരീരികവൈകല്യമുണ്ടായിട്ടും ഓമനിക്കാനുള്ള സഹജമായ വാസനമൂലം മടിയില്‍ പിടിച്ചിരുത്തിയതാണ് പാവം. തന്റെ ശിഷ്യയെന്നോ പേരക്കുട്ടിയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കുട്ടിയല്ലേ എന്നേ കരുതിയുള്ളൂ.. എന്നിട്ടും കുട്ടി തന്നെ തെറ്റിധരിച്ചു. അതും പോട്ടെ, കോടതി കയറ്റി.
ഈ വയസ്സാംകാലത്ത് പിതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ ഒന്നോമനിച്ചുപോയി എന്ന ഒറ്റ കുറ്റത്തിന് കോടതി കയറേണ്ടിവന്നത് തന്റെ തലേവരയായിരിക്കും !. ഒരുത്തി കോടതിയില്‍ പോയെന്നു കേട്ടതോടെ വേറൊരുത്തിയും രംഗത്തുവന്നിട്ടുണ്ടത്രേ.. ഒരു വൃദ്ധന്റെ ഉദ്ദേശശുദ്ധി മാനിക്കാത്ത പെണ്ണുങ്ങള്‍.. ലാളനയും പീഡനവും തിരിച്ചറിയാത്ത വിഡ്ഡികള്‍ !. സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നൊക്കെയാണ് നാട്ടുകാര്‍ ബഹുമാനിക്കുന്നത്. എന്നിട്ട് പട്ടികജാതിയില്‍പ്പെട്ട കുട്ടിയോട് അതിക്രമം കാണിച്ചന്ന് പറഞ്ഞുപരത്തിയാലോ.. മുന്‍ നക്‌സലൈറ്റ് എന്നൊക്കെയായിരുന്നു ഇതുവരെ ആളുകള്‍ വിളിച്ചോണ്ടിരുന്നത്. പറഞ്ഞിട്ടെന്താ, ഒറ്റ ഓട്ടമോടി ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യം തേടിയാണ് ശ്വാസംപോലും വിട്ടത്. ഒന്നുമല്ലേല്‍ താനൊരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നല്ലോ. വേണ്ട , രാഷ്ട്രീയ നിരൂപകനായി പേരെടുത്ത ആളല്ലേ. ആ പരിഗണനപോലും കാണിക്കാതെ ഇവളുമാര് ഓരോന്ന് ഭാവനകണ്ട് വിളിച്ചു പറയുമ്പോ.. കോടതിയെങ്കിലും തന്റെ സത്യസന്ധത മനസ്സിലാക്കിയല്ലോ. അതു മതി. സന്തോഷമായി,ആശ്വാസമായി !.
75-ാം വയസ്സില്‍ സിവിക്ക് ചന്ദ്രന്റെ മാന്യതയുടെ പട്ടുകുപ്പായം പറന്ന് പറന്ന് അറബിക്കടലിലാണ് പതിച്ചത്.
കോഴിക്കോടിനടുത്ത് കൊയിലാണ്ടി നന്തിയിലെ കടപ്പുറത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോഴാണ് സിവിക്ക് ലൈംഗികാക്രമണം നടത്തിയതെന്നാണ് യുവതി പറയുന്നത്.2020-ല്‍ നടന്ന അതിക്രമത്തെപ്പറ്റി
പരാതിപ്പെടാന്‍ രണ്ടര വര്‍ഷം കാത്തിരുന്നതെന്തിനാണെന്ന ചോദ്യം പാടില്ല.കഥയില്‍ ,സോറി കവിതയില്‍
ചോദ്യം പാടില്ല.ഇപ്പോഴാണ് പുറത്തുപറയാനുള്ള ഊര്‍ജ്ജം കിട്ടിയത്.
പെണ്‍കുട്ടികളൊക്കെ പുരുഷന്റെ ലൈംഗികചോദന ഉണര്‍ത്തുന്ന വസ്ത്രം മേലില്‍ ധരിക്കരുത്.അതുകൊണ്ടല്ലേ ഈ എഴുപത്തിഅഞ്ചാം വയസ്സില്‍ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ ബാലന്‍സ് തെറ്റിപ്പോയത്. പ്രകോപിതനായി മടിയില്‍ പിടിച്ചിരുത്തിയത്.അസ്ഥാനത്ത കൈവച്ചത്.താലിബാന്‍ പറയുന്നതു പോലെ അടിമുടി മൂടികെട്ടിയേ പുറത്തിറങ്ങാവൂ.അതാണ് സുരക്ഷിതം.പിന്നെ കഥ,കവിത എന്നൊക്കെപ്പറഞ്ഞ് പെണ്ണുങ്ങള്‍ ചാടിത്തുള്ളരുത്.അഥവാ പുറത്തിറങ്ങിയാല്‍ യുവാക്കളുടെ അടുത്തൊക്കെ ഇരുന്നോളണം.എഴുപതുകാരുടെ അടുത്തെങ്ങും പോകരുത്.. ഇതിപ്പോ ഉറങ്ങിക്കിടന്ന വ്യാഘ്രത്തെ വിളിച്ചുണര്‍ത്തിയതും പോരാ ഇപ്പം കുറ്റം വ്യാഘ്രത്തിന്റേതായി.വിളിച്ചുണര്‍ത്തിയവര്‍ ഇരകളും ഉറങ്ങിക്കിടന്നവന്‍ വേട്ടക്കാരനുമായി !.
സഖാവേ നിങ്ങളൊക്കെ ഇതുവരെ പറഞ്ഞോണ്ടിരുന്ന തുല്യതയും സാമൂഹ്യപരിഷ്‌കരണവും ഒരു മുഖം
മൂടിയായിരുന്നെന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ് കേരളത്തിലെ ജനങ്ങള്‍.എന്തൊക്കെയായിരുന്നു ജല്‍പ്പനങ്ങള്‍. എഴുപത്തിഅഞ്ചില്‍ ഇത്രയുമാണെങ്കില്‍ , ആയകാലത്ത് എന്തായിരുന്നിരിക്കണം?. നക്‌സലെന്നൊക്കെ മേനി പറഞ്ഞ് ഒളിവിലൊക്കെപോയി കാട്ടിക്കൂട്ടിയത് പുറത്തുവരുമോ ഇനി, ആവോ ? ഇപ്പോ മീടുവിനൊക്കെ ശുക്രദശയാണല്ലോ.. സിനിമമേഖല മാത്രമല്ല സാഹിത്യലോകവും ലൈംഗികഅതിക്രമങ്ങളുടെ വിളഭൂമിയാണെന്ന് അടുത്തകാലത്തു വന്ന ചില പരാതികള്‍ തെളിയിക്കുന്നു.എഴുത്തുകാരനോടുള്ള ആരാധന മുതലാക്കി ലൈംഗിക ആക്രമണത്തിന് മുതിരുന്നവരുടെ എണ്ണം കൂടുന്നു.ഒരു പാലമുണ്ടെങ്കില്‍ അങ്ങോട്ടുംഇങ്ങോട്ടും എന്ന ചിന്തയാണ് പല സാഹിത്യകാരന്‍മാര്‍ക്കും.എവിടെയും ഗോഡ്ഫാദര്‍ ഇല്ലെങ്കില്‍ വിജയിക്കില്ലെന്ന ഉപദേശങ്ങള്‍.ഒരു കവിത തിരുത്തിയതുകൊണ്ടോ കഥയെപ്പറ്റി അഭിപ്രായം പറഞ്ഞതുകൊണ്ടോ ഒരു പ്രസാധകനെ പരിചയപ്പെടുത്തിയതുകൊണ്ടോ സ്ത്രീ വഴങ്ങിത്തരും എന്ന തെറ്റിധാരണ വച്ചു പുലര്‍ത്തരുത്.അതേ സമയം ഒരു കാര്യം മറക്കുന്നില്ല. ഇത്രയുമൊക്കെ ചെയ്തു കൊടുത്താല്‍ അടുത്തിരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന പെണ്ണുങ്ങളും വിരളമല്ല എന്നത്. പുരുഷനെ പ്രലോഭിപ്പിച്ച് നേട്ടങ്ങളൊക്കെ ഒപ്പിച്ചെടുത്തിട്ട് ഒടുവില്‍ അവര്‍ പീഡകരാണെന്ന് വിളിച്ചുപറഞ്ഞ് അപമാനിക്കുന്ന രീതി ഭൂഷണമല്ല.
എത്ര വയസ്സു ചെന്നാലും പുരുഷന്റെ പ്രകോപനയന്ത്രം പവര്‍ത്തനസജ്ജമാണെന്ന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക.അവന്റെ ലൈംഗികചോദനകള്‍ അസ്തമിക്കുന്നില്ലെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കും വേണം. പരിധിയില്‍ കൂടുതല്‍ ഒരു അന്യപുരുഷനെ ആശ്രയിക്കുമ്പോള്‍ ,അവന്‍ സഹായം ചെയ്തുതരുമ്പോള്‍ തിരിച്ചും ചിലത് പ്രതീക്ഷിക്കും എന്ന് മറക്കരുത്. മുപ്പതു വയസ്സുള്ള യുവതി ഇള്ളക്കുട്ടിയല്ല.ശാരീരികവൈകല്യമുള്ള ഒരാള്‍ ബലമായി പിടിച്ച് മടിയിലിരുത്തിയെന്നൊക്കെ പരാതി പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങാന്‍
ഇത്തിരി പ്രയാസമാണ്.കൈ നീട്ടി ഒരെണ്ണംകൊടുക്കാനുള്ള തന്റേടം കേരളത്തിലെ സ്ത്രീയ്ക്ക് ഇനി എന്നാണോ ഉണ്ടാവുക.പകരം രണ്ടര വര്‍ഷം കാത്തിരുന്നിട്ട് പരാതി നല്‍കുന്ന ദയനീയ അവസ്ഥ.ഈ കാലതാമസവും സംശയം ജനിപ്പിക്കുന്നത് സ്വാഭാവികം.നമ്മുടെ പല പുരുഷന്‍മാര്‍ക്കും ഒരു തെറ്റിധാരണയുണ്ട്.ഒരു സ്ത്രീയോട് അവര്‍ക്ക് താത്പര്യം തോന്നിയാല്‍ തിരിച്ചിങ്ങോട്ടും തോന്നിക്കോളണം.എനിക്കിഷ്ടമാണ്,നീ വഴങ്ങിക്കോളണം എന്ന ധാര്‍ഷ്ട്യം.എല്ലാവര്‍ക്കും എല്ലാവരോടും തോന്നുന്ന ഒന്നല്ലല്ലോ സ്‌നേഹവും പ്രണയവും .അപ്പോള്‍പ്പിന്നെ ലൈംഗിക താത്പര്യത്തിന്റെ കാര്യമോ ?.
പിന്നെ സ്ത്രീയുടെ വസത്രധാരണയാണ് എല്ലാത്തിനും കാരണമെന്ന കോടതിയുടെ നിരീക്ഷണം ദയനീയമാണ്.അങ്ങനെയെങ്കില്‍ നാലു വയസ്സുകാരി കുഞ്ഞിനെ പീഡിപ്പിച്ചതിന് പോക്‌സോകേസില്‍ പ്രതിയായ എഴുപതുകാരന്റെ വിശദീകരണമെന്തായിരിക്കും.മാന്യമായ വസ്ത്രധാരണം ചെയ്യുന്ന കന്യാസ്ത്രീമാര്‍ ലൈംഗികഅതിക്രമത്തിനും ബലാല്‍സംഗത്തിനും ഇരകളാവുന്നതെങ്ങനെ ?.തളര്‍വാതരോഗിയായ തൊണ്ണൂറുകാരിയെ വീട്ടില്‍ കയറിച്ചെന്ന് ബലാല്‍ക്കാരംനടത്തിയതിനെപ്പറ്റിയുള്ള നിരീക്ഷണമോ..സിവിക്ക് ചന്ദ്രന്‍ ഏതെങ്കിലും വിദേശരാജ്യത്ത് പോയാല്‍ സ്ത്രീകള്‍ ബിക്കിനിയിട്ടു ബീച്ചില്‍ കിടക്കുന്നതു കണ്ടാലുടന്‍ മടിയില്‍ പിടിച്ചിരുത്തുമോ ?.അപ്പോ കേരളത്തിലെ പെണ്ണുങ്ങള്‍ വിധേയരാണെന്ന തോന്നലാണ് കാരണം.അവര്‍ പ്രതികരിക്കില്ലെന്ന തന്റേടം.കോടതിയിലും അവള്‍ക്കു നീതി കിട്ടില്ലെന്ന അവസ്ഥ ഇനി മാറിയേ പറ്റൂ.ഒരു കാര്യം കൂടെ മനസ്സിലാക്കണം പീഡനത്തിന് അതിര്‍വരമ്പ് നിശ്ചയിച്ചത് ആരാണ് ?.സിവിക്ക് ചന്ദ്രന്റെ എസ്എസ്എല്‍സി ബുക്കില്‍ ജാതി എഴുതിയിട്ടില്ലത്രേ.അങ്ങനെയുള്ള താന്‍ പട്ടികജാതിയില്‍പ്പെട്ടവളെ അപമാനിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.അതിനെങ്ങനെ നാട്ടുകാര്‍ക്ക് ഉത്തരം പറയാനാവും.കാമം ജ്വലിക്കുമ്പോള്‍ ജാതി നോക്ക്യാണോ ശമനം തേടുക. പട്ടികജാതിക്കാരിയായാലും പട്ടികവര്‍ഗ്ഗക്കാരിയായാലും സവര്‍ണ്ണവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീയായാലും പീഡനം അവളില്‍ ഏല്‍പ്പിക്കുന്ന മാനസ്സിക ആഘാതം ഒന്നുതന്നെയാണ്.ശാരീരിക മുറിവുകളേക്കാള്‍ ഒരിക്കലും ഉണങ്ങാത്തത്ര ആഴത്തിലുള്ള മാനസ്സികമുറിവുകളാണ് അവ എല്ലാ പെണ്ണുങ്ങള്‍ക്കും നല്‍കുക.
എന്തായാലും പുരുഷന് ഗതികേടിന്റെ കാലമാണിത്.അവനെ കുടുക്കാന്‍ ഒരു കൊച്ചുകുഞ്ഞിനെ കരുവാക്കിയാല്‍പ്പോലും ജീവിതം വഴിമുട്ടും. ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും മുള്ളിന്റെ മുനയൊടിഞ്ഞുപോകും.ഇല പഴയ ഇലയല്ലിപ്പോള്‍.ഇരുമ്പുകൊണ്ടു തീര്‍ത്ത ഇലകളാണ് ഞങ്ങള്‍ സ്ത്രീകള്‍ !..
**പുരുഷന്‍ അറിയാന്‍..
ഞങ്ങളുടെ വസ്ത്രധാരണമാണ് നിങ്ങളുടെ ലൈംഗികചോദനകളെ കെട്ടഴിച്ചുവിടുന്നതെന്നു കേട്ടു.പക്ഷേ ഞങ്ങളത്തരക്കാരല്ല.പുരുഷന്‍ പരിപൂര്‍ണ്ണനഗ്നരായി ഞങ്ങളുടെ മുന്നില്‍ നിന്ന് നൃത്തം ചെയ്താല്‍പ്പോലും നോ പ്രോബ്‌ളം.ഞങ്ങളാരും നിങ്ങളെ കയറി പിടിക്കയില്ല.മടിയിലിരുത്തുകയുമില്ല.ഞങ്ങള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക കൂടിയില്ല.മുഖം തിരിച്ച് എത്രയും വേഗം സ്ഥലം കാലിയാക്കും.അതാണ് പെണ്ണിന്റെ കരളുറപ്പ്,സംയമനം !! .