/sathyam/media/post_attachments/zbidbHcEt4M2a2IObgI9.jpg)
പാലാ: ഓശാനയുടെ വിശുദ്ധി ദിനത്തിൽ സാധാരണക്കാരെ സന്ദർശിച്ച് പ്രചാരണ രംഗത്ത് സജീവമായി ജോസ് കെ മാണി. ഓശാന ഞായറാഴ്ചയായ ഇന്ന് തുറന്ന വാഹനത്തിലെ പ്രചാരണം പൂർണമായും ഒഴിവാക്കിയിരുന്നെങ്കിലും സജീവമായി തന്നെ സ്ഥാനാർത്ഥി മണ്ഡലത്തിലുടനീളമുണ്ടായിരുന്നു.
രാവിലെ ളാലം കത്തീഡ്രൽ പള്ളിയിൽ ഓശാന ദിനത്തിലെ പ്രാർത്ഥനകളിലും കുർബാനയിലും ഭാര്യ നിഷ ജോസ് കെ മാണിയോടൊപ്പം പങ്കെടുത്താണ് ജോസ് കെ മാണി പ്രചാരണ ദിനത്തിന് തുടക്കമിട്ടത്. ആദ്യം പള്ളിയിൽ പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം പാലായിലെ വിവിധ സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. കുടുംബ യോഗത്തിൽ വീട്ടമ്മാരെയും യുവാക്കളെയും നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
തുടർന്നു പൈകയിലെ ഇടതു യുവജന സംഘടനയുടെ യോഗത്തിൽ പങ്കെടുത്ത ജോസ് കെ മാണി ഇവിടെ യുവാക്കളുമായി സംവദിച്ചു. വോട്ട് ചോദിക്കുന്നതിനും അപ്പുറം യുവാക്കളോട് രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുന്നതിനാണ് അദ്ദേഹം സമയം ചിലവഴിച്ചത്. തുടർന്ന് പാലായിലെ വിവിധ പ്രദേശങ്ങളിലെ കുടുംബ യോഗങ്ങളിൽ പങ്കെടുത്താണ് ജോസ് കെ മാണി ഇന്നലെ പ്രചാരണം അവസാനിപ്പിച്ചത്.