റിയാദ് : പ്രവാസ ജീവിതത്തിന്റെ തീക്ഷണമായ ജീവിതസന്ദര്‍ഭങ്ങളെ കേന്ദ്രമാക്കിയുള്ള കഥകള്‍ കൊണ്ടു വായനക്കാരുടെ ശ്രദ്ധ നേടിയ പ്രശസ്ത കഥാകൃത്ത് ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാ സമാഹാരമായ ' പാപികളുടെ പട്ടണം' നവംബര്‍ രണ്ട്, ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലെ റൈറ്റെഴ്സ് ഫോറം ഹാളില്‍ വെച്ച് പ്രകാശനം ചെയ്യും.
ചിന്ത പബ്ളിഷേര്‍സ് തിരുവനന്തപുരമാണ് പ്രസാധകര്‍. പ്രശസ്ത ചിന്തകനും, പ്രഭാഷകനുമായ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ഡോ. പി.കെ. പോക്കര്‍, ഈ. കെ. ദിനേശന്‍, ഷാബു കിളിത്തട്ടില്‍, മസ്ഹര, ആര്‍.പി. മുരളി, രമേഷ് പെരുമ്പിലാവ്, മാധ്യമ പ്രവര്‍ത്തകര്‍, മാസ് ഷാര്‍ജ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആഖ്യാനത്തിന്റെ പുത്തന്‍ തലങ്ങളിലേക്കു സഞ്ചരിക്കുന്ന, ജീവന്റെ മണമുള്ള ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന കഥകളുടെ സമാഹാരമാണ് പാപികളുടെ പട്ടണം. മനുഷ്യരുടെ സ്വാര്‍ത്ഥ തകളുംഅരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിഹ്വലതകളും ഇഴചേരുന്ന ഈ കഥകള്‍ പുതിയ കാലത്തിന്റെ സൂക്ഷ്മതകളെ ആലേഖനം ചെയ്യുന്നു.
ഏകാന്തയുടെ വിഹ്വലതകള്‍, ഓരങ്ങളിലേക്ക് ഒതുക്കപെട്ടവരുടെ സങ്കടങ്ങള്‍ , അതി ക്രൂരമായ വിധം മനുഷ്യനെ പൊതിയുന്ന സ്വാര്‍ത്ഥതകള്‍, വര്‍ത്തമാന കാലത്തിന്റെ കാപട്യം ആര്‍ത്തി ഒക്കെ വെളിവാക്കുന്ന കഥകളാണ് ജോസഫിന്‍റെത്.
കഥയ്ക്ക് 2005 ലെ പൊന്‍കുന്നം വര്‍ക്കി നവലോകം പുരസ്കാരം, ഖത്തര്‍ സമന്വയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ ജോസഫ് അതിരുങ്കലിന്‍റെ നാലാമത് കഥാ സമാഹാരമാണ് പാപികളുടെ പട്ടണം. പ്രതിരോധങ്ങള്‍ തീര്‍ക്കുന്ന എഴുത്ത് നമ്മുടെ കാലം ആവശ്യപെടുന്നുവെന്ന ബോദ്ധ്യം വേണ്ടുവോളം ഉള്ള എഴുത്തുകരനും, സാസ്കാരിക പ്രവര്‍ത്തകനും, പ്രഭാഷകനുമായ ജോസഫ് അതിരുങ്കല്‍ റിയാദില്‍ ജോലി ചെയ്യുന്നു.
ഇണ യന്ത്രം, മോഡല്‍ എന്നീ കഥകള്‍ മലയാളിയുടെ സ്വകാര്യ ജീവിതത്തെ വിപണി എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.പ്രതീക്ഷയുടെ പെരുമഴയില്‍, പുലിയും പെണ്‍കുട്ടിയും, ഇണയന്ത്രം എന്നിവയാണ് ജോസഫിന്റെ മറ്റു കഥാ സമാഹാരങ്ങള്‍.