/sathyam/media/post_attachments/mPL0y0XbmGnaj4qji0ag.jpeg)
ദുബായ്: ലോക്ക്ഡൗണിനിടെ ഗള്‍ഫില്‍ നിന്ന് ആദ്യ വിമാനം കേരളത്തിലേക്കെത്തുന്നു. ദുബായില്‍ അന്തരിച്ച വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായാണ് പ്രത്യേക വിമാനം കോഴിക്കോട്ടേക്ക് എത്തുന്നത്.
ജോയിയുടെ ഭാര്യ സെലിന്‍, മകന്‍ അരുണ്‍, മകള്‍ ആഷ്‌ലിന്‍ എന്നിവര്‍ക്ക് മൃതദേഹത്തെ അനുഗമിക്കാന്‍ പ്രത്യേക അനുമതിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രത്യേക അനുമതി നല്‍കിയത്.
കോഴിക്കോട് എംപി എം.കെ രാഘവന്‍, വ്യവസായിയും എലൈറ്റ് ഗ്രൂപ്പ് എംഡിയുമായ ആര്‍ ഹരികുമാര്‍, സാമൂഹ്യപ്രവര്‍ത്തകരായ അഷ്‌റഫ് താമരശേരി, അഡ്വ. ടി.കെ. ഹാഷിക് തുടങ്ങിയവരുടെ ശ്രമഫലമായാണ് അനുമതി ലഭിച്ചത്.
എന്നാല്‍ വിദേശകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവയുടെ അനുമതിയും ലഭിച്ചാല്‍ മാത്രമേ പറക്കാന്‍ സാധിക്കൂവെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വിദേശകാര്യ ഡയറക്ടര്‍ സുമം സിംഗ് ഒപ്പുവച്ച അനുമതിപ്പത്രത്തില്‍ പറയുന്നു.
ആരോഗ്യവകുപ്പിന്റെ അനുമതി തടസം കൂടാതെ ലഭിച്ചാല്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോ ബുധനാഴ്ചയോ ആയി വിമാനം പറക്കും. ഏപ്രില്‍ 23നായിരുന്നു വയനാട് സ്വദേശിയും വ്യവസായിയുമായിരുന്ന അറയ്ക്കല്‍ പാലസില്‍ ജോയ് അറയ്ക്കല്‍ ദുബായില്‍ നിര്യാതനാകുന്നത്.
അതേസമയം പുതിയ നടപടി വഴി മറ്റു യാത്രാവിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കുമോയെന്ന ആകാംക്ഷ ഗള്‍ഫില്‍ സജീവമാണ്.