ആനകളുടെ കഥ പറഞ്ഞ് ‘ജംഗ്‌ലി’ ട്രെയിലർ

ഫിലിം ഡസ്ക്
Wednesday, March 6, 2019

ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ചക് റസ്സല്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജംഗ്‌ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒപ്പം ആനവേട്ടയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നായകന്റെ കൈയും ആനയുടെ തുമ്പിക്കൈയും കോര്‍ത്തുപിടിച്ചിരിക്കുന്ന ആദ്യ പോസ്റ്ററിലൂടെ തന്നെ ചിത്രം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വിദ്യുത് ജമാല്‍ ആണ് രാജ് എന്ന ആനപ്രേമിയായെത്തുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് വേട്ടക്കാരനായെത്തുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിരവധി ആക്ഷന്‍ രംഗങ്ങളുണ്ട് സിനിമയില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പൂജ സാവന്ത്, ആശ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇറേസര്‍, ദി മാസ്‌ക്, സ്‌കോര്‍പിയന്‍ കിംഗ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ് ചക്ക് റസ്സല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജംഗ്ലി. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

 

×