Advertisment

കെ-റെയിലെന്നത് നടക്കാത്ത സ്വപ്‌നം, തട്ടിക്കൂട്ട് ഡിപിആറില്‍ പണിയാന്‍ കേരള സര്‍ക്കാര്‍ 20 വര്‍ഷമെടുക്കും; സര്‍ക്കാരിനെ ഭിത്തിയിലൊട്ടിച്ച് മെട്രോമാന്റെ തുറന്നു പറച്ചില്‍

author-image
Charlie
Updated On
New Update

കൊല്ലം: സില്‍വര്‍ലൈന്‍ വന്നാല്‍ കേരളത്തിന് നിരവധി പാരിസ്ഥിതിക നേരിടേണ്ടിവരുമെന്നും തട്ടിക്കൂട്ട് ഡിപിആറില്‍ ആരും വായ്പ നല്കില്ലെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നമ്മുടെ പരിസ്ഥിതിക്ക് ചേര്‍ന്നതല്ല. 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കുന്നത്. സാധാരണ ഒരിടത്തും ഹൈ സ്പീഡ് ട്രെയിന്‍ നിലത്തുകൂടെ കൊണ്ടുപോകില്ല. എംബാന്‍മെന്റിന് ഏകദേശം ഏഴു മുതല്‍ എട്ട് മീറ്റര്‍ ഉയരമുള്ളതും ഭാരമേറിയതുമാണ്. ഇതിന്റെ ഭാരം താങ്ങാനുള്ള കരുത്ത് നമ്മുടെ ഭൂപ്രകൃതിക്ക് ഇല്ല.

ഹൈ സ്പീഡ് റെയില്‍വെയില്‍ ആളുകളോ മൃഗങ്ങളോ ക്രോസ് ചെയ്യാന്‍ പാടില്ല. അതിനാല്‍ രണ്ടു വശങ്ങളിലും എട്ട് ഒന്‍പത് അടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടിവരും. 600 കിലോമീറ്റര്‍ ദൂരവും 60 കിലോമീറ്റര്‍ വീതിയുമുള്ള കേരളത്തില്‍ 400 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ പണിയുന്നത് കേരളത്തെ രണ്ടായി വിഭജിക്കുന്നതാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ഡിപിആറില്‍ വലിയ ബ്രിഡ്ജുകളെക്കുറിച്ച്‌ മാത്രമാണ് പറയുന്നത്. ചെറിയ ബ്രിഡ്ജുകളെക്കുറിച്ച്‌ ഒരു പരാമര്‍ശവുമില്ല. കൊങ്കണ്‍ റെയില്‍വെയില്‍ ഒരു കിലോമീറ്ററില്‍ 10 ചെറിയ ബ്രിഡ്ജുകളാണ് ഉണ്ടായിരുന്നത്. അപ്പോള്‍ 400 കിലോമീറ്ററില്‍ എത്ര ചെറിയ ബ്രിഡ്ജുകള്‍ ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതെയുള്ളു. എന്നാല്‍ അതിനുവേണ്ട പണത്തിന്റെ ചെലവോ ഭൂമിയെയോ നിര്‍മിക്കാനെടുക്കുന്ന സമയത്തെക്കുറിച്ചോ ഡിപിആറില്‍ ഒന്നും പറയുന്നില്ല. ഇതിലേക്ക് ഭൂമി എവിടെനിന്ന് എടുക്കുമെന്ന് പറയുന്നില്ല.

1568 ഹെക്ടര്‍ സ്ഥലമാണ് ഡിപിആറില്‍ പറയുന്നത്, അതിന്റെ ഇരട്ടിവേണ്ടിവരും. ഇപ്പോള്‍ പറയുന്ന 9000 പകരം 20,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. ഇപ്പോള്‍ ഉണ്ടാക്കിയ ഡിപിആര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. ഇതിന്റെ ആകെ ചെലവ് ചുരുക്കികാണിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാനാണ് കെആര്‍ഡിസിഎല്‍ ശ്രമിക്കുന്നത്. അഞ്ചു കൊല്ലം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്. ഏറ്റവും മികച്ച ഒരു ഏജന്‍സിയെക്കൊണ്ട് പണിചെയ്താല്‍പ്പോലും മിനിമം 10 വര്‍ഷമെടുക്കും ഇത് പൂര്‍ത്തീകരിക്കാന്‍. അത് കേരള സര്‍ക്കാര്‍ പണിയുകയാണെങ്കില്‍ കുറഞ്ഞത് 20 കൊല്ലമെങ്കിലുമെടുക്കും.

അപ്പോള്‍ ഇതിന്റെ കമ്മിഷന്‍ കോസ്റ്റ് 1,25,000 കോടിയെങ്കിലുമാകും. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചോ അതിനുള്ള ചെലവോ വേണ്ടരീതിയില്‍ ഡിപിആറില്‍ കാണിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇതിന് കേന്ദ്രത്തിന്റെ അനുമതി കിട്ടാനുള്ള സാധ്യത ഒട്ടും തന്നെയില്ല. റെയില്‍വെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് പ്രോജക്‌ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ വരുമാനത്തെക്കുറിച്ച്‌ പറയുന്നത് മുഴുവന്‍ തെറ്റായ കാര്യങ്ങളാണ്. ഇതിലൂടെ ഗുഡ്‌സ് സര്‍വീസ് നടത്തി അതിലൂടെ പണം കണ്ടെത്തുമെന്നാണ് പറയുന്നത്.

ഇങ്ങനെയുള്ള റെയില്‍വെയിലൂടെ ഗുഡ്‌സ് സര്‍വീസ് നടത്താന്‍ കഴിയില്ല. പകല്‍ ഓരോ അഞ്ചു മിനിട്ടിലും യാത്രക്കാരെ വഹിച്ചുള്ള ട്രെയിനുകളാണ് ഓടുന്നത്. മെയിന്റനന്‍സ് നടത്തേണ്ടതിനാല്‍ രാത്രിയിലും ഗുഡ്‌സ് ഓടിക്കാന്‍ കഴിയില്ല. സ്ലീപ്പര്‍ ട്രെയിനിനെക്കുറിച്ച്‌ ഡിപിആറില്‍ പറയുന്നു. നാലുമണിക്കൂര്‍ യാത്രയ്ക്ക് എന്തിനാണ് സ്ലീപ്പര്‍ ട്രെയിന്‍ എന്നും ഇ. ശ്രീധരന്‍ ചോദിച്ചു.

ശരിയായ എസ്റ്റിമേറ്റ് ഉണ്ടാക്കി പുതിയ ഡിപിആര്‍ തയ്യാറാക്കണം. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എടുക്കും. വിദഗ്ധര്‍ ഇതിന് 1,24,000 കോടി രൂപയാണ് ചെലവ് കാണുന്നത്. കേരളം ഇപ്പോള്‍ത്തന്നെ 3 ലക്ഷം കോടി രൂപയുടെ കടത്തിലാണ്. ചെലവ് മുഴുവന്‍ കേരളം തന്നെ വഹിക്കണമെന്നാണ് റെയില്‍വെ പറയുന്നത്. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വായ്പയെടുക്കാനും കേരളത്തിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

e sreedharan k rail project latest news
Advertisment