എം.പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 30, 2020

കുവൈറ്റ് സിറ്റി: രാജ്യസഭാ അംഗവും മുൻ കേന്ദ്രമന്ത്രിയും ഇടത് മുന്നണിയുടെ പ്രമുഖനായ നേതാവും ലോക് താന്ത്രിക്ക് ജനതാദൾ സംസ്ഥാന അധ്യക്ഷനു മായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കി. 1987ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി.

കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. കേരളത്തിൽ ഇടത് മുന്നണി രൂപീകരിച്ചപ്പോൾ ആദ്യ കൺവീനറായിരുന്നു. കൂടാതെ മലയാള സാഹിത്യത്തിന് നിരവധി സംഭാവനകൾ അദ്ദേഹം നൽകി.

ലോകവും രാജ്യവും കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ രാഷ്ട്രീയരംഗത്ത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ സംഭാവന നൽകേണ്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും, ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

×