പാലാ:കളരിയാമ്മാക്കലില്‍ റോഡ് പാലത്തില്‍ മുട്ടാനുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് ഏഴാണ്ട് പൂര്‍ത്തിയാവുന്നു. 2015ലാണ് പാലത്തിന്റെയും ചെക്ക് ഡാമിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായത്. തുടര്‍ന്ന് പാലത്തിലേക്ക് പ്രവേശിക്കാനുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണം തടസ്സപ്പെട്ടതോടെയാണ് പാലം കൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാതായത്.
/sathyam/media/post_attachments/0z5TtMl5YIHGjUKcNg1h.jpg)
കോടികള്‍ മുടക്കി പണിത പാലത്തിലേയ്ക്ക് നാട്ടുകാര്‍ക്ക് കാല്‍നടയായി പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. പാലാ നഗരസഭയെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലവും റോഡും പാലാ ടൗണ്‍ റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. ചെത്തിമറ്റത്ത് പാലാ നഗരസഭാതിര്‍ത്തിക്കുള്ളിലുള്ള ഭാഗത്ത് നിലവില്‍ റോഡുണ്ടങ്കിലും അപ്രോച്ച് റോഡായി നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മറുകരയില്‍ മീനച്ചില്‍ പഞ്ചായത്തില്‍ പാലത്തെ ബന്ധിപ്പിച്ച് റോഡിന് സ്ഥലം ഏറ്റെടുക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. വസ്തുവിന്റെ വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമേ വഴി വെട്ടാവൂ എന്ന ആവശ്യവുമായി ഉടമ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ആവശ്യം അംഗീകരിച്ച് വിധിയും വന്നു. പിന്നീട് നാല് വര്‍ഷത്തോളമായിട്ടും റോഡ് നിര്‍മ്മാണം എങ്ങുമെത്തിയില്ല.
നാട്ടുകാരുടെ നേതൃത്വത്തില്‍ കൂട്ടായ്മയായി എംഎല്‍എക്കും വകുപ്പ് മന്ത്രിക്കും സംസ്ഥാന നേതാക്കള്‍ക്കും നിവേദനം നല്‍കിയതോടെ 13.5 കോടി രൂപാ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ജനപ്രതിനിധികളും ഉറപ്പും ലഭിച്ചു. ഉറപ്പ് ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും നഗരവികസനത്തിന് നോക്കുകുത്തിയായി പാലവും അപ്രോച്ച് റോഡ് സ്വപ്‌നങ്ങളും പഴയപടി നില്‍ക്കുകയാണ്.
പാലത്തിന്റെയും ചെക്ക് ഡാമിന്റയും നിര്‍മ്മാണത്തിനായി 5.61 കോടി രൂപയാണ് അനുവദിച്ചത്. ജലസേചന വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. 7.5 മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പാലം പണി തീര്‍ത്തിരിക്കുന്നത്.പാലായില്‍ പുതിയതായി നിര്‍മ്മിക്കുന്ന റിംങ് റോഡില്‍ ഉള്‍പ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. സ്ഥലം അളന്നു തിരിച്ചതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല. പാലത്തിനൊപ്പം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി നടത്തിയാലേ പദ്ധതി പ്രയോജനപ്രദമാവുകയുള്ളു.
കളരിയാമ്മാക്കല്‍ പാലത്തിന്റെയും റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ നാട്ടുകാരെ കബളിപ്പിക്കുന്ന അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി പാലാ പൗരസമിതി രംഗത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ വോട്ട് ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചു. എന്‍.ജെ. സജീവ്, പി. പോത്തന്‍, ജോയി ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us