ഇന്ത്യന്‍ സിനിമ

കമൽ ഹാസനോടൊപ്പം ‘വിക്രം’ത്തിൽ ഒന്നിക്കാൻ ഫഹദ് ഫാസിലും; ലൊക്കേഷനിൽ നിന്നും കമൽ ഹാസനൊപ്പമുള്ള സെൽഫി പങ്കുവെച്ച് താരം

ഫിലിം ഡസ്ക്
Saturday, July 24, 2021

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന വാർത്തയ്ക്ക് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിക്രം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും കമൽ ഹാസനൊപ്പമുള്ള സെൽഫി പങ്കുവെച്ചെത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ചിത്രത്തിനൊപ്പം വിക്രം എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ചിത്രം ശ്രദ്ധേയമായതിന് പിന്നാലെ ട്രോളുകളും വന്നെത്തി.

കാരണം, വിക്രം എന്ന് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നതുകൊണ്ട് ഇത് കമൽ ഹാസനല്ലേ എന്നൊക്കെയാണ് ആളുകൾ കമന്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, കമൽഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. വിക്രം എന്ന ചിത്രത്തിൽ നടൻ നരേനും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

×