കര്‍ക്കടക കഞ്ഞി അഥവാ ഔഷധക്കഞ്ഞി എളുപ്പത്തില്‍ തയ്യാറാക്കാം

author-image
admin
New Update

Image result for ഔഷധക്കഞ്ഞി

മഴക്കാലത്തെ കര്‍ക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിൻ്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി  വല്ലാത്തൊരു ബന്ധമുണ്ട്. ശാരീരികവും മാനസികവുമായി ആരോഗ്യത്തിനു ഊന്നല്‍ നല്‍കുന്നതാണ് കര്‍ക്കിടകചികിത്സ. കേരളത്തിൻ്റെ തനതു കാലാവസ്ഥയ്ക്കും ജീവിതചര്യയ്ക്കും ഭക്ഷണ രീതിക്കുമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് കർക്കടക ചികിത്സ.  ഇന്ന് ഈ ചികിത്സ നമ്മുടെ കേരളം വിട്ടു വിദേശരാജ്യങ്ങളില്‍ പോലും പ്രസിദ്ധി നേടി കഴിഞ്ഞു.

Advertisment

Image result for ഔഷധക്കഞ്ഞി

ഭക്ഷണകാര്യത്തില്‍ നമ്മള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കര്‍ക്കടകം.  സൂര്യന്‍ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തില്‍ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേര്‍തിരിച്ചിട്ടുണ്ട്. കര്‍ക്കടകം ഒന്നുമുതല്‍ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായണത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും പ്രധാനമായും രോഗപ്രതിരോധശേഷി കുറയും ഇതിനെ തുടര്‍ന്ന് അസുഖങ്ങള്‍ പെട്ടെന്ന്   വരാന്‍ സാധ്യതയുണ്ട്. ഇത് കൊണ്ടാണ് കര്‍ക്കടകമാസം ചികിത്സയ്ക്കായി മാറ്റിവെയ്ക്കുന്നത് എന്നാണു വിശ്വാസം.

Image result for ഔഷധക്കഞ്ഞി

കര്‍ക്കടക ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് കര്‍ക്കടക കഞ്ഞി അഥവാ ഔഷധക്കഞ്ഞി. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നതാണ് എങ്ങനെയാണ് ഇത് എളുപ്പത്തില്‍ തയ്യാറാക്കുന്നത് എന്നൊന്ന് നോക്കാം.  കര്‍ക്കടക കഞ്ഞി കിറ്റുകള്‍ കടകളില്‍ ലഭിക്കുമെങ്കിലും ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിച്ചാല്‍ അതാകും നല്ലത്.

ചേരുവകൾ

  • ഞവരയരി(100ഗ്രാം)
  • ചുക്ക്,കുരുമുളക്,തിപ്പല്ലി,കുറുംതോട്ടി,ജീരകം,അതിമധുരം,ഓമം(ഉണക്കിപ്പൊടിച്ചത്‌ 5 ഗ്രാം വീതം)
  • ചുവന്നുള്ളി (5 അല്ലി)
  • ഉഴിഞ്ഞ,കടലാടി(രണ്ടും ഒരുപിടി)
  • തേങ്ങാപ്പാൽ(ഒരുതുടം )
  • ഇന്തുപ്പ്‌(ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം

100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍  ഒരു കിഴിപോലെ കെട്ടി 
അരിയില്‍ ഇട്ടു വേവിക്കണം(കിഴി അല്‍പ്പം ലൂസാക്കി കെട്ടണം ).ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക.അതിനുശേഷം ഒരുതുടം തനി തേങ്ങാപാലും, ഉഴിഞ്ഞയും, കടലാടിയും നന്നായി
അരച്ചുചേർത്ത് ഇളക്കി മൂടിവെക്കുക. പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന്‌
ഇന്തുപ്പ്‌ ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് 
കിഴി നന്നായി പിഴിഞ്ഞുമാറ്റാൻ മറക്കരുത്‌. 

Advertisment