‘മീര’യുടെ മകന്റെ കല്യാണത്തിന് ‘ഹൗസ് ഓണര്‍’ എത്തി

ഉല്ലാസ് ചന്ദ്രൻ
Monday, January 20, 2020

എണ്‍പതുകളിലെ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് മോഹന്‍ലാലും കാര്‍ത്തികയും. ‘സന്മനസുള്ളവര്‍ക്ക് സമാധാനം’ എന്ന സിനിമയിലെ ഹൗസ് ഓണര്‍ ഗോപാലകൃഷ്ണ പണിക്കരും മീരയും ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്.

കൂടാതെ, അടിവേരുകള്‍, താളവട്ടം, ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ നിരവധി സിനിമകളാണ് ലാല്‍-കാര്‍ത്തിക താരജോഡികള്‍ മലയാളത്തിന് സമ്മാനിച്ചത്. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിനയത്തോട് വിട പറഞ്ഞ കാര്‍ത്തികയും മോഹന്‍ലാലും കഴിഞ്ഞ ദിവസം വീണ്ടും കണ്ടുമുട്ടി.

കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ലാല്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകുന്നേരത്തോടെ എത്തിയ താരം മിനിറ്റുകളോളം വേദിയില്‍ ചെലവിട്ട ശേഷമാണ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൂജയാണ് വധു.

അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ജൂണിലായിരുന്നു വിവാഹനിശ്ചയം. വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

×