കാരുണ്യപദ്ധതിയുടെ അനിശ്ചിതത്വം അവസാനിപ്പിക്കണം ജോസ് കെ.മാണി

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, June 2, 2020

കോട്ടയം . നിര്‍ധനരോഗികള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യപോലുള്ള ആരോഗ്യപദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കാരുണ്യപദ്ധതി പുനരാംരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്‌ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യപദ്ധതിയില്‍ നിന്നുള്ള ധനസഹായത്തോടെ ചികിത്സ നടത്തിയിരുന്ന ഹീമോഫീലിയ ബാധിതരടക്കമുള്ള നാല്‍പതിനായിരം രോഗികള്‍ ഇപ്പോള്‍ വലിയ ആശങ്കയിലാണ്. ആരോഗ്യവകുപ്പ് 2021 മാര്‍ച്ച് 31 വരെ കാരുണ്യപദ്ധതി തുടരും എന്ന് പറയുമ്പോള്‍ നികുതി വകുപ്പ് 2020 ജൂണ്‍ 30 വരെ മാത്രമെ ഈ പദ്ധതിയുടെ ആനുകൂല്യമുള്ളൂ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിനാല്‍ കാരുണ്യ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഫലത്തില്‍ മുടങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബിജു കുന്നപ്പറമ്പില്‍, വിജയ് മാരേട്ട്, രാജേഷ് വാളിപ്ലാക്കല്‍, സിറിയക് ചാഴികാടന്‍, അഖില്‍ ഉള്ളംപ്പള്ളി, ഷൈന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

×