/sathyam/media/post_attachments/JpGyWSqhEAjyCyaMjshy.jpg)
കരുവന്നൂർ കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ.സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ കള്ളപ്പണവും കൊള്ളപ്പണവും ഒളിപ്പിച്ചു വെക്കുന്ന ഗൂഢ സങ്കേതങ്ങളായി മാറിയതുകൊണ്ടാണ് അവിടെ വൻ രീതിയിലുള്ള കൊള്ള നടക്കുന്നതെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
കരുവന്നൂർ കൊള്ള സിബിഐ അന്വേഷിക്കണം
സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ കള്ളപ്പണവും കൊള്ളപ്പണവും ഒളിപ്പിച്ചു വെക്കുന്ന ഗൂഢ സങ്കേതങ്ങളായി മാറിയതുകൊണ്ടാണ് അവിടെ വൻ രീതിയിലുള്ള കൊള്ള നടക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിലെ ആയിരം കോടി രൂപയുടെ മോഷണം ഈ രംഗത്ത് നടക്കുന്ന കടും കൊള്ളയുടെ ഒരു സൂചകം മാത്രമാണ്. മഞ്ഞുകട്ടയുടെ മുകൾ ഭാഗം മാത്രമാണത്. ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തു വരാനുണ്ട്.
ശക്തമായ സഹകരണ നിയമം ഉണ്ടെങ്കിലും സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നടക്കുന്ന കൊള്ളയുടെ പേരിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിന്റെ പ്രധാന കാരണം, സഹകരണ സംഘം / ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരെയെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയനേതൃത്വം എന്നിവരെല്ലാം ചേർന്നു സൃഷ്ടിച്ചിരിക്കുന്ന മാഫിയ പ്രവർത്തനമാണ് ബാങ്കിൽ നടക്കുന്നത്.
സഹകരണ സംഘങ്ങൾ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നായിരുന്നു സഹകരണപ്രസ്ഥാനം രൂപീകരിക്കുമ്പോഴുള്ള സങ്കല്പം. എന്നാൽ കേരളത്തിലെ എഴുപത് ശതമാനം സഹകരണ സംഘങ്ങളും മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ചുകളായിട്ടാണ് പ്രവർത്തിക്കുന്നത്. അവിടെയെല്ലാം കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ട്, എന്നുമാത്രമല്ല ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് തിരിമറി നടത്താൻ അവസരവും ഒരുക്കുന്നുണ്ട്. നിയമപ്രകാരം കൃത്യമായ പരിശോധന നടക്കുകയും വീഴ്ച വരുത്തുന്നവർ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു എങ്കിൽ കരുവന്നൂർ കൊള്ള നടക്കുമായിരുന്നില്ല.
മാർക്സിസ്റ്റ് പാർട്ടി ഭരിച്ചു കൊണ്ടിരിക്കുകയും പോലീസ് വകുപ്പ് മന്ത്രിയായി പിണറായി വിജയൻ തുടരുകയും ചെയ്യുന്ന കാലത്തോളം സംസ്ഥാന പോലീസ് അന്വേഷിച്ചാൽ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ല. പാർട്ടി നേതൃത്വത്തിന്റെ സംരക്ഷണമില്ലാതെ കരുവന്നൂർ കൊള്ളക്കാർക്ക് ആയിരം കോടിയൊന്നും അടിച്ചു മാറ്റാൻ കഴിയില്ല. അതുകൊണ്ട് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതം.
(ഡോ. കെ. എസ്. രാധാകൃഷ്ണൻ)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us