കാസർകോട്: ഗ്രാമീണ സൂപ്പർ മാർക്കറ്റ് എന്ന പേരിൽ സ്ഥാപനം തുടങ്ങി കോടികൾ വെട്ടിച്ച കേസിൽ പണമിടപാട് കമ്പനികളോ ധനകാര്യ സ്ഥാപനങ്ങളോ തുടങ്ങാൻ പാടില്ലെന്ന് കോടതി ഉത്തരവ് നൽകിയിരിക്കെയാണ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് കമ്പനി തുടങ്ങി കാസർകോട്ടെ വിനോദ്കുമാറും സംഘവും 800കോടി അടിച്ചെടുത്തത്.
കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം , തൃശൂർ എന്നിവിടങ്ങളിൽ നിന്നായി എണ്ണൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി . ഒരു ലക്ഷം നിക്ഷേപിക്കുന്നവർക്ക് എൺപതിനായിരം രൂപ പത്ത് മാസം കൊണ്ട് പലിശ നൽകുമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ജി ബി ജി നിധി ലിമിറ്റഡ് രണ്ടു വർഷം മുമ്പാണ് പ്രവർത്തനം തുടങ്ങിയത്.
കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും സംഘം പണം തട്ടിയിട്ടുണ്ട്. ജി ബി ജി നിധിയുടെ മറവിൽ 11 സ്ഥാപനങ്ങൾ ഇവർ നടത്തിവരുന്നുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ 18 കേസുകളാണ് വിനോദ് കുമാറിനെതിരെ ബേഡകം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 17 കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരു കേസിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ നേടിയതിനാൽ ആ കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ല. ജി ബി ജി നിക്ഷേപം സംബന്ധിച്ച് ബേഡകം പൊലീസ് സ്റ്റേഷനിൽ കൂട്ടത്തോടെ പരാതികൾ വന്നതോടെയാണ് ചെയർമാൻ ഒളിവിൽ പോയത്. നാട്ടുകാരുടെ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചുവന്ന വിനോദ് കുമാർ വിവിധ സ്ഥലങ്ങളിൽ സ്വത്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
സ്ഥാപനത്തിന് അടുത്തുള്ള വീട് ജീവനക്കാർക്ക് താമസിക്കാൻ നൽകി മറ്റൊരു സ്ഥലത്ത് കോടികൾ ചിലവഴിച്ചാണ് പുതിയ വീട് പണിതത്. ടൂറിസ്റ്റ് കേന്ദ്രമായ പൈതൽ മലയിൽ റീസോർട്ട് വാങ്ങിയതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസുകളിൽ കമ്പനിയുടെ മുഴുവൻ ഡയറക്ടർമാരെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുമെന്നും ഇയാളും കൂട്ടാളികളും എത്ര കോടികളുടെ വെട്ടിപ്പാണ് നടത്തിയതെന്ന് പരിശോധിക്കുകയാണെന്നും ബേഡകം ഇൻസ്‌പെക്ടർ ടി. ദാമോദരൻ പറഞ്ഞു.
ബേഡകം പൊലീസ് അറസ്റ്റ് ചെയ്ത ഏജന്റും ജി ബി ജി നിധി ലിമിറ്റഡ് ഡയറക്ടറുമായ പെരിയയിലെ ഗംഗാധരൻ നായർ കമ്പനിക്ക് വേണ്ടി പിരിച്ചു നൽകിയത് 50കോടിയാണ്. ആ വകയിൽ ഒരുകോടി രൂപയാണ് ഗംഗാധരൻ നായർക്ക് വിനോദ് കുമാർ നൽകിയത്. 25 ലക്ഷം രൂപയുടെ കടബാദ്ധ്യത തീർക്കാൻ ഉപയോഗിച്ച ഇയാൾ ബാക്കിയുള്ള തുക കൊണ്ട് പുതിയ ആഡംബര വീട് പണിയുകയും ചെയ്തു.
ലക്ഷകണക്കിന് രൂപയാണ് ഇയാൾ ഓരോ നിക്ഷേപകരിൽ നിന്നും കമ്പനിയുടെ അക്കൗണ്ടുകളിൽ എത്തിച്ചത്. ജി ബി ജി ചെയർമാൻ കുണ്ടംകുഴി സ്വദേശി വിനോദ് കുമാർ, ഡയറക്ടറും ഏജന്റുമായ പെരിയയിലെ ഗംഗാധരൻ നായർ എന്നിവരാണ് അറസ്റ്റിലായത്.