ദേശീയം

സർവോന്മുഖ വികസനക്കുതിപ്പിൽ “ഭൂമിയിലെ സ്വർഗം”; ജമ്മു കശ്മീർ ഇന്ന് കാർഷിക, വ്യാവസായിക, കായിക, യുവജക്ഷേമ, തൊഴിൽ, വിനോദ സഞ്ചാര രംഗങ്ങളിലെ അസൂയാർഹമായ ഉണർവിനും കുതിപ്പിനും സാക്ഷ്യം വഹിക്കുകയാണ്. കശ്മീർ ഇതുവരെ അവിടെയെത്തുന്ന സന്ദർശകർക്ക് ആയിരുന്നു സ്വർഗ്ഗമെങ്കിൽ ഇനി മുതൽ അവിടുത്തുകാരുടെ ജീവിതം കൂടി സ്വർഗീയമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രഭരണ സർക്കാർ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, August 8, 2021

ഇന്ത്യയുടെ അത്യുത്തര ഭൂപ്രദേശമായ കശ്മീർ പ്രകൃതി കടാക്ഷിച്ച ടൂറിസ്റ്റ് കേന്ദ്രമാണ്. രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായ കശ്മീർ, പക്ഷെ, ഇന്ന് വികസനത്തിന്റെയും ജനക്ഷേമ നടപടികളുടെയും കൂടി ഭൂമികയായി മാറുകയാണ്. ഇന്ത്യ മഹാരാജ്യത്തിലെ മറ്റിടങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന വികസന നേട്ടങ്ങളും ക്ഷേമപദ്ധികളുടെ ആനുകൂല്യങ്ങളും വാരിപുണരുകയാണ് കശ്മീരും കശ്മീരികളും ഇപ്പോൾ.

രണ്ടു വർഷങ്ങളായി ഭൂമിയിലെ സ്വർഗം ഈ ചിത്രമാണ് രാജ്യത്തിനും ലോകത്തിനും നൽകുന്നത്. 2019 ആഗസ്ത് 5 ന് ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിലൂടെയാണ് ജമ്മു കശ്മീരിന്റെ മുഖഛായ അക്ഷരാർത്ഥത്തിൽ മറ്റൊന്നായി മാറുന്നത്.

ഇതോടെ നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ കാർഷിക, വ്യാവസായിക, കായിക, യുവജക്ഷേമ, തൊഴിൽ, വിനോദ സഞ്ചാര രംഗങ്ങളിലെ അസൂയാർഹമായ ഉണർവിനും കുതിപ്പിനും സാക്ഷ്യം വഹിക്കുകയാണ്. താഴ്വരയിലെവിടെയും…

അനന്ത വികസന സാധ്യതകൾ പടിപടിയായി ചൂഷണം ചെയ്യുന്നതോടൊപ്പം, അവിടത്തുകാർക്കുള്ള ക്ഷേമ പദ്ധ്വതികൾക്കും വേണ്ട പശ്ചാത്തലമൊരുക്കിയിരിക്കുകയാണ് ഭരണഘടനയിലെ വകുപ്പ് 370 റദ്ദാക്കിയതിലൂടെ കേന്ദ്രസർക്കാർ.

ഇതോടെ, മറ്റേതൊരു കേന്ദ്ര ഭരണ പ്രദേശത്തും രാജ്യത്തെവിടെയും ഉള്ള ഇന്ത്യക്കാർ അനുഭവിക്കുന്ന ആനുകൂല്യങ്ങളും വികസന നേട്ടങ്ങളും ഇന്ന് കാശ്‌മീരിനും കശ്മീർകാർക്കും ലഭിച്ചു തുടങ്ങിയിരിക്കയാണ്.

കേവലം ഏതെങ്കിലും ഒരു മേഖലയിലല്ല ഇന്നത്തെ താഴ്വരയിലെ സമൃദ്ധിയും ഐശ്വര്യവും. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളെല്ലാം ഗുണപരമായി മാറികൊണ്ടിരിക്കുകയാണ്. താഴ്വരയിലെ സ്ഥിതി അതിന്റെ ചരിത്രത്തിൽ എന്നത്തേക്കാളും മികച്ചതാണെന്നതിന് അവിടുത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ജനജീവിതവും സാക്ഷി. കശ്മീർ ഇതുവരെ അവിടെയെത്തുന്ന സന്ദർശകർക്ക് സ്വർഗ്ഗമായിരുന്നു.

ഇനി മുതൽ അവിടുത്തുകാരുടെ ജീവിതം കൂടി സ്വർഗീയമാക്കാനുള്ള കൊണ്ടുപിടിച്ച യത്നത്തിലാണ് ജമ്മു കശ്മീർ കേന്ദ്രഭരണ സർക്കാർ. ആ നിലയ്ക്കുള്ള തീരുമാനങ്ങളും നടപടികളുമാണ്, വകുപ്പ് 370 റദ്ദാക്കിയത് മുതൽ കേന്ദ്രവും ജമ്മു കശ്മീരിലെ കേന്ദ്ര ഭരണ സർക്കാരും ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നത്.

ജനക്ഷേമ – വികസന പദ്ധതികളിൽ ചിലതിലൂടെ ഒരു ഓട്ടപ്രദക്ഷിണം:

പർവാസ് പദ്ധതി പ്രകാരം സിവിൽ സർവീസുകൾക്കും മറ്റ് മത്സര പരീക്ഷകൾക്കും കോച്ചിംഗ് നൽകുന്നതിന് ജമ്മുവിലും ശ്രീനഗറിലും രണ്ട് അത്യാധുനിക കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കാൻ കേന്ദ്രഭരണ പ്രദേശത്തെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ, 2021 ഫെബ്രുവരി 14 ന് “മിഷൻ യൂത്ത്” സംരംഭത്തെ സൊസൈറ്റീസ് റജിസ്‌ട്രേഷൻ ആക്ട് പ്രകാരമുള്ള ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നു.

യുവാക്കളുടെ നൈപുണ്യവും തൊഴിൽ ക്ഷമതയും വർദ്ധിപ്പിക്കുന്നതിന്, ഐ സി ഐ സി ഐ ഫൗണ്ടേഷൻ, ബി എസ് ഇ ഇൻസ്റ്റിറ്റ്യൂട്ട്, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ വൻകിട സ്ഥാപനങ്ങളുമായി “മിഷൻ യൂത്ത്” പങ്കാളിത്തം സ്ഥാപിച്ചിരുന്നു. ജൂൺ 23 -ന്, “മിഷൻ യൂത്ത്” എല്ലാ വർഷവും 2500 ലധികം വിദ്യാർത്ഥികളെ അഖിലേന്ത്യാ തലത്തിലുള്ള പരീക്ഷകൾക്കും മത്സരങ്ങൾക്കും പ്രാപ്തരാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു.

അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് സഹായവും ഈ ഉദ്യമത്തിൽ ഉൾപ്പെടുന്നു. പ്രാദേശിക ഭരണ – രാഷ്ട്രീയത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള നീക്കങ്ങളും ഈ ചുരുങ്ങിയ കാലയളവിൽ ജമ്മു കശ്മീരിലെ കേന്ദ്രഭരണ സർക്കാർ വിജയകരമായി കൈകൊള്ളുകയുണ്ടായി.

നാടിന്റെയും നാട്ടാരുടേയും വിവിധ തലങ്ങളിലുള്ള വികസന, ക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി രൂപം കൊടുത്ത ത്രിതല ജനകീയ ഭരണ സമിതി (ഡി ഡി സി, ബി ഡി സി, ഹൽഖാ പഞ്ചായത്ത്) കളാണ് പുതിയ ജമ്മു കശ്മീരിൽ രൂപം കൊണ്ടിരിക്കുന്നത്.

310 ബ്ലോക്ക് അംഗ ഡവലപ്മെന്റ് കൗൺസിൽ (ബി ഡി സി), 20 ജില്ലകളിലെ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കൗൺസിൽ (ഡി ഡി സി) എന്നിവകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകൾ കേന്ദ്ര സർക്കാർ നടപടികളോടുള്ള കശ്മീർ ജനതയുടെ മനോഗതി അനാവരണം ചെയ്തു. 2019 ഒക്ടോബറിൽ ബി ഡി സിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 98.3 ശതമായിരുന്നു പോളിംഗ്.

ചില വിഘടിത ശക്തികളുടെ എതിർപ്പുകൾ ആശങ്ക ജനിപ്പിച്ചിരുന്നെങ്കിലും ആവേശകരമായ ജനകീയ പ്രതികരണമാണ് ശാന്തമായി അരങ്ങേറിയ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. സർക്കാരിന്റെ മനോദാർഢ്യവും സുരക്ഷാ വിഭാഗങ്ങളുടെ ജാഗ്രതയും ചേർന്നപ്പോൾ ജനകീയ വ്യായാമം ആരോഗ്യകരമായ സമൂഹത്തിന് അടിത്തറപാകിയെന്നാണ് നിരീക്ഷണം.

കഴിഞ്ഞ ജൂൺ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേർത്ത അഖില കക്ഷി യോഗം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തു പുനഃസ്ഥാപിക്കപ്പെടുന്ന മതേതര, ജനാതിപത്യ രാഷ്ട്രീയത്തിന്റെ പുതിയ തുടക്കമായി കണക്കാക്കാം. ജമ്മുവിലെയും കശ്മീരിലെയും പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചിരുന്നു.

ഇതിനെത്തുടർന്ന്, ജൂലൈ ആറിന്, ഡിലിമിറ്റേഷൻ കമ്മീഷൻ രാഷ്ട്രീയ നേതാക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ തേടുകയും ചെയ്തു. ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയാവുന്ന മുറക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പുകളെക്കുറിച്ച് തീരുമാനിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങൾ അവരെ പ്രതിനിധീകരിക്കേണ്ടവരെ തിരഞ്ഞെടുക്കുകയും ചെയ്യും.

ജമ്മു കശ്മീരിൽ നടപ്പാക്കുന്ന സാമ്പത്തിക പദ്ധ്വതികൾ ഒട്ടേറെയാണ്. വികസനത്തിനാണ് ഇതിൽ മുഖ്യസ്ഥാനം നൽകിയിരിക്കുന്നത്. മാർച്ച് 17 ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാറാം പ്രഖ്യാപിച്ച 108,621 കോടി രൂപയുടെ ബജറ്റ് (ഇതിൽ 37 ശതമാനവും – 69,000 കോടിയോളം രൂപ – പ്രാദേശിക വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ളതാണ്), ബ്ലോക്ക്, ജില്ലാ ഡവലപ്മെന്റ് കൗണ്സിലുകൾക്ക് ഇതാദ്യമായി വികസന ഫണ്ടുകൾ നീക്കിവെച്ചത് എന്നിവ പ്രത്യേക പരാമർശം അർഹിക്കുന്നു.

ഇരുപത് ജില്ലകളിൽ ഓരോന്നിനും പത്ത് കോടി രൂപ വീതവും 285 ബ്ലോക്കുകളിൽ ഓരോന്നിനും ഇരുപത്തിയഞ്ച് ലക്ഷം വീതവും വികസന ഫണ്ട് ആയി നടപ്പ് വർഷം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) വിപുലപ്പെടുത്തുന്നതിന് പുറമെ, കശ്മീർ താഴ്‌വരയിലെ തൊഴിൽ – പ്രധാനമായ ടൂറിസം വ്യവസായത്തിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും.

ശ്രീനഗറിലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുളസി ഉദ്യാനം, തൊട്ടടുത്തുള്ള ഗുൽമാർഗിലെ സ്കീ റിസോർട്ടും ഉദാഹരണങ്ങളാണ്.  ടൂറിസം മേഖലയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ ആഭ്യന്തര ടൂറിസം പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്ക് ജമ്മു കശ്മീരിന് നൽകുകയും ചെയ്യുന്ന സർക്കാർ നീക്കങ്ങളും ഇതിൽ ശ്രദ്ധേയമാണ്. വിനോദ സഞ്ചാരികളെ കാശ്മീരിലേക്ക് ആകർഷിക്കാനുള്ള പദ്ധ്വതികൾക്കും മറ്റുമായി വലിയ തുകയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്.

ജമ്മു കശ്മീരിലെ ഓരോ ജില്ലയിലും കൃഷി ഉൾപ്പെടെയുള്ള വ്യവസായ മേഖലയുടെ വികസനത്തിനും വമ്പിച്ച പ്രാധാന്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. ജമ്മു കശ്മീരിന്റെ വ്യാവസായിക വികസനത്തിന്, 284 ബില്ല്യൺ രൂപയുടെ ബജറ്റ് വിഹിതത്തോടെ “പുതിയ വ്യവസായ നയം 2021-30” സർക്കാർ ആരംഭിച്ചു. ഈ തുക ഒരു റിക്കാർഡ് നീക്കിവെയ്പ്പാണ്. ഈ കാലയളവിൽ, 200 ബില്യൺ രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്ത് ജമ്മു കശ്മീരിൽ പ്രതീക്ഷിക്കുന്നത്, ഇതിലൂടെ 0.45 ദശലക്ഷം തൊഴിലവസരങ്ങളും.

ഗുണമേന്മയുള്ള ആപ്പിളിന്റെ ഉൽപാദനം, പാക്കേജിംഗ്, പ്രോസസ്സിംഗ്, മാർക്കറ്റിംഗ് എന്നിവയ്ക്കായി സർക്കാർ കർഷകരെ ഉദാരമായി സഹായിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ വൻകിട സെറികൾച്ചർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയും കേന്ദ്രഭരണ പ്രദേശത്തെ ഓരോ കർഷകർക്കും പ്രയോജനം ലഭിക്കുന്ന വിധത്തിൽ പ്രധാനമന്ത്രിയുടെ കിസാൻ യോജന സുതാര്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള ദൃഢനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തോട്ടവിളകളുടെ രാജ്യാന്തര പരിപോഷണത്തിനായി കഴിഞ്ഞ ജനുവരിയിൽ നാഫെഡുമായി ജമ്മു കശ്മീർ സർക്കാർ ഒരു ധാരണയിൽ ഒപ്പിട്ടുണ്ട്. താഴ്വരയിലെ ആപ്പിൾ, വാൽനട്ട്, ചെറി, പിയർ, പ്ലം, ആപ്രിക്കോട്ട്, പൂക്കൾ തുടങ്ങിയ ഉയർന്ന സാന്ദ്രതയുള്ള കൃഷികളുടെയും ഹോർട്ടികൾച്ചർ ഉൽപന്നങ്ങളുടെയും രാജ്യാന്തര തലത്തിലുള്ള പ്രോത്സാഹനമാണ് ലക്ഷ്യം.

ധാരണ പ്രാവർത്തികമാവുന്നതോടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1700 കോടി രൂപ ചെലവിൽ 5500 ഹെക്ടർ സ്ഥലത്തെ കൃഷിയിൽ നിന്ന് കർഷകരുടെ വരുമാനം 3- 4 മടങായി ഇരട്ടിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ, നാഫെഡ് 20 ജില്ലയിലും ഓരോ കർഷക – ഉൽപാദക സംഘടന സ്ഥാപിക്കും. കൂടാതെ 3 കോൾഡ് സ്റ്റോറേജ് ശ്രുംഖലകളും സ്ഥാപിക്കും. വടക്കൻ കാശ്മീർ, ദക്ഷിണ കശ്മീർ, കത്തുവ എന്നിവിടങ്ങളിൽ 500 കോടി രൂപ ചെലവിലായിരിക്കും ഈ അടിസ്ഥാന സൗകര്യവികസനം സാധിച്ചെടുക്കുക.

ഗോ എയർ സ്വകാര്യ വിമാനകമ്പനിയുമായും നാഫെഡ് ധാരണയിൽ ഒപ്പ് വെച്ചിട്ടുണ്ട്. ഇതനുസരിച്ച്, കാർഷിക ഉല്പന്നങ്ങൾ താമസം വിനാ രാജ്യത്തെയും വിദേശത്തെയും ലക്ഷ്യങ്ങളിലേയ്ക്ക് എത്തിക്കും. ഏറ്റവും ഒടുവിൽ ഉണ്ടായ ഒരു നടപടിയിൽ, ഇതാദ്യമായി കഴിഞ്ഞ മാസം ആറിന് സർക്കാർ “മിശ്രി ചെറി” പഴം ശ്രീനഗറിൽ നിന്ന് ദുബൈയിൽ എത്തിക്കുകയുണ്ടായി. ഇതാദ്യമാണ് കശ്മീർ കർഷകർക്ക് ഇത്തരം ഒരനുഭവം.

കശ്മീരി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി, ഇന്ത്യൻ ഗവൺമെന്റ് സമഗ്ര പദ്ധതിയായ “ഹിമായത്ത്” നടപ്പിലാക്കിയിട്ടുണ്ട്. നൈപുണ്യം പരിപോഷിപ്പിക്കാനുള്ള പരിശീലനത്തോടൊപ്പം നിയമനവും കൂട്ടിച്ചേർത്തു കൊണ്ടുള്ള പദ്ധ്വതിയാണ് “ഹിമായത്ത്”. യുവജന പരിപാടികളിൽ സ്പോർട്സിന് വമ്പിച്ച പ്രാധാന്യം നൽകുകയും ഇതിനായി രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി പ്രധാനമന്ത്രിയുടെ ഡവലപ്മെന്റ് പാക്കേജിൽ നിന്ന് രണ്ട് ബില്യൺ രൂപ ഇതിനായി നീക്കിവെച്ചിരിക്കുകയുമാണ്.

2021 ജൂലൈ 5 ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശ്രീനഗറിലെ കശ്മീർ ഗോൾഫ് ക്ലബ്ബിൽ ഗോൾഫ് പരിശീലന അക്കാദമി ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. പഞ്ചായത്ത് തലത്തിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്, 2021 ജൂൺ 18 ന് കശ്മീർ കേന്ദ്രഭരണ പ്രദേശത്തുള്ള എല്ലാ പഞ്ചായത്തിലും യൂത്ത് ക്ലബ്ബുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിലൂടെ, സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് അവസരം ഉണ്ടാക്കുകയും യുവ യുവതലമുറയുടെ എല്ലാ ആശങ്കകളും പരിഹരിക്കുകയും ചെയ്യുകയെന്നതാണ് യൂത്ത് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ, 4290 പഞ്ചായത്തുകളിൽ നിന്നുള്ള 22,500 യുവാക്കൾ യൂത്ത് ക്ലബ്ബുകളിൽ പങ്കാളികളാവും. ഈ സംരംഭത്തിനായി 12 കോടി രൂപയാണ് സർക്കാരിന് ചിലവ്. അതേ, 2019 ആഗസ്റ്റ് 05 മുതൽ, ജമ്മു കശ്മീരിലെ ജനങ്ങൾ നാട്ടിന്റെ വികസന നേട്ടങ്ങളിലും ജനക്ഷേമ ആനുകൂല്യങ്ങളിലും ആകൃഷ്ടരായി മാറിയിരിക്കുന്നു എന്നതാണ് അനിഷേധ്യ യാഥാർഥ്യം.

ഗവൺമെന്റ് ആരംഭിച്ച വികസന, ക്ഷേമ നടപടികളിൾക്ക് ലഭിക്കുന്ന ആവേശകരമായ ജനകീയ സ്വീകാര്യത, കാശ്മീർ സംബന്ധിച്ച കേന്ദ്ര സർക്കാർ നടപടി ഉചിതമായെന്ന് തെളിയിക്കുന്നു. ജമ്മു,കശ്മീർ, ലഡാക് തുടങ്ങിയ എല്ലാ മേഖലയിലും മാറ്റത്തിന്റെ മന്ദമാരുതൻ ജനഹൃദയം കീഴടക്കി അടിച്ചു കൊണ്ടിരിക്കുകയാണ്.

ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാട് അവശേഷിക്കുന്നു എന്നതും യാഥാർഥ്യമാണ്. അതിൽ പരമ പ്രധാനം, ശത്രു കേന്ദ്രങ്ങളുടെ തെറ്റായ പ്രചാരണങ്ങളിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്നും താഴ്വരയിലെ നിഷ്കളങ്കരായ ജനതയെ രക്ഷിക്കുകയെന്നതാണ്…

×