കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ കേന്ദ്രത്തിന് സാവകാശം

Tuesday, May 8, 2018

 

ദില്ലി: കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി രൂപീകരിക്കുന്നതിന് കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയും വരെ കേന്ദ്രത്തിന് സാവകാശം. പദ്ധതി സമർപ്പിക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി അറിയിച്ചു കേസ് മെയ് 14 ലേക്ക് സുപ്രിംകോടതി മാറ്റി. കേന്ദ്ര ജലവിഭവ സെക്രട്ടറി അന്ന് കോടതിയിൽ നേരിട്ട് ഹാജരായി പദ്ധതി സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നത് കോടതിയലക്ഷ്യമാണെന്നു കോടതി വിമർശിച്ചു.

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം നല്‍കണമെന്നും പദ്ധതിയുടെ കരട് തയ്യാറായതായും കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം നല്‍കാന്‍ സാവകാശം വേണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നാല് ടിഎംസി ജലം നൽകാൻ കര്‍ണാടകയോട് നിർദ്ദേശിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിൽ കോടതി തീരുമാനമെടുത്തില്ല.  സംഭരണികളില്‍ അധിക ജലം ഇല്ലെന്നും അര്‍ഹതപ്പെട്ട വെള്ളം ഇതിനകം നല്‍കിയതിനാല്‍ തമിഴ്‌നാടിന് കൂടുതല്‍ വെള്ളം നല്‍കാനാകില്ലെന്നുമാണ് കര്‍ണാടകയുടെ നിലപാട്.

×