‘വിവാഹവും സാമൂഹിക നൈതികതയും' - കേളി സംവാദം സംഘടിപ്പിച്ചു

author-image
admin
New Update

publive-image

കേളി കുടുംബവേദിയുടേയും സാംസ്‌കാരിക കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ ‘വിവാഹവും സാമൂഹിക നൈതികതയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംവാദ സദസ്സിൽ നിന്നും

Advertisment

റിയാദ്: നിരന്തര നിയമസഹായവും, സമൂഹത്തിൽ നിന്നുള്ള സഹകരണവും, വേഗത്തിൽ നീതി കിട്ടുമെന്ന ഉറപ്പും ഉണ്ടായാൽ മാത്രമേ ഭർതൃ ഗൃഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ശക്തി ലഭിക്കുകയുള്ളൂ എന്ന് കായകുളം എംഎൽഎ യു.പ്രതിഭ പറഞ്ഞു.

സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളേയും മുൻനിർത്തി കേരള സമൂഹത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങളെ സംബന്ധിച്ച് കേളിയുടെ സാംസ്‌കാരിക കമ്മിറ്റിയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘വിവാഹവും സാമൂഹിക നൈതികതയും' എന്ന വിഷയത്തിൽ ഓൺലൈൻ സംവാദ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു.പ്രതിഭ.

സമൂഹത്തിൽ അന്നന്നുണ്ടാകുന്ന അരുതായ്മകളെ കുറിച്ച് നമ്മുടെ പ്രതികരണം ഒരു സ്റ്റേറ്റ്മെന്റിൽ ഒതുങ്ങിപ്പോവുന്നതാണ് വിസ്മയമാർ ആവർത്തിക്കുന്നതും കരയുന്ന അമ്മമാരും പെണ്കുട്ടികളും വീണ്ടും വീണ്ടും ഉണ്ടാകുന്നതും.

പീഡനമേൽക്കുന്ന സ്ത്രീകൾ അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുമ്പോൾ സമൂഹത്തിന്റെ ഒറ്റപെടുത്തലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ചെവികൊടുക്കാതെ തന്റേടത്തോടുകൂടി നിലകൊള്ളാനാണ് ശ്രമിക്കേണ്ടതെന്നും യു.പ്രതിഭ പറഞ്ഞു.

സമ്പത്തിന്റെ പേരിൽ ഉണ്ടാകുന്ന അതിക്രമങ്ങളും അടിച്ചമർത്തലുകളും കേരളത്തിലെ കുടുംബത്തിനകത്ത് വർദ്ധിച്ച് വരികയാണെന്നും, ഇടതുപക്ഷ ബോധം കാത്തുസൂക്ഷിക്കുകയും, പ്രബുദ്ധ മലയാളികൾ എന്ന് അഹങ്കരിക്കുകയും ചെയ്യുന്ന നാം ഇതിനോടൊക്കെ ഒരാത്മപരിശോധന നടത്താൻ തയ്യാറാകണമെന്ന് സംവാദത്തിൽ ഇടപെട്ട് സംസാരിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറും കോഴിക്കോട് അഡീഷണൽ ഗവർമെന്റ് പ്ലീഡറുമായ അഡ്വക്കറ്റ് പി.എം.ആതിര പറഞ്ഞു.

കേളി സാംസ്കാരിക കമ്മിറ്റി കൺവീനർ സജിത് സ്വാഗതമാശംസിച്ച ചടങ്ങിൽ കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് അധ്യക്ഷത വഹിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, സജീന സജിൻ, ഫസീല നാസർ, സാംസ്‌കാരിക കമ്മിറ്റി അംഗം സതീഷ് കുമാർ, എന്നിവർ സംവാദത്തിൽ ഇടപെട്ട് സംസാരിച്ചു. സാംസ്‌കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ വിനയൻ നന്ദി പ്രകാശിപ്പിച്ചു.

soudi news
Advertisment