ചരിത്രനിർമ്മിതി ഉറപ്പാക്കാൻ ഇടതുപക്ഷത്തെ ഹൃദയത്തോടു ചേർത്തവർക്ക് അഭിനന്ദനങ്ങൾ : റിയാദ് കേളി

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, May 3, 2021

റിയാദ്: നവകേരള സൃഷ്ടിക്ക് തുടക്കമിട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടർച്ചയ്ക്കുള്ള ഉജ്ജ്വല ജനവിധി സമ്മാനിച്ച കേരള ജനതയോട് നന്ദി പറയുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദി. ചരിത്രം തിരുത്തിക്കുറിച്ച വിജയം നേടിയ എല്ലാ ഇടതുപക്ഷ സ്ഥാനാർത്ഥികളേയും കേളിയുടെ അഭിനന്ദനക്കുറിപ്പിൽ അഭിവാദ്യമർപ്പിച്ചു.

നുണക്കോട്ടകൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് വിശ്വസിച്ച പ്രതിപക്ഷത്തിന്റെയും, പ്രതിപക്ഷത്തേക്കാളും മുന്നിൽ നിന്ന് സർക്കാരിനെ വിമർശിക്കുകയും, പിണറായി സർക്കാരിനെതിരെ നിഗൂഢമായ അജണ്ടയുമായി പ്രവർത്തിച്ച വലതുപക്ഷ മാധ്യമങ്ങളുടെയും, വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ കുതന്ത്രങ്ങളൊക്കെയും അതിജീവിച്ചാണ് ഇടതു ജനാധിപത്യ മുന്നണി തിളക്കമാർന്ന രണ്ടാം വിജയം നേടിയത്.

ഒരു ഇടതുപക്ഷ മതേതര ബദൽ എങ്ങിനെ കെട്ടിപ്പടുക്കാമെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ എന്നും കേളി സെക്രട്ടറിയേറ്റിന്റെ കുറിപ്പിൽ പറഞ്ഞു.

ഇടപതുപക്ഷ മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവാസികൾക്കും, ഇടതുമുന്നണിക്ക് വേണ്ടി വോട്ടു ചെയ്ത മുഴുവൻ പ്രവാസി കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നതായും കേളിയുടെ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു.

×