തിരുവനന്തപുരം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം എന്ന് സർക്കാർ. നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയാണ് വിവരം അറിയിക്കേണ്ടത്.
/sathyam/media/post_attachments/CYKT6AlGkG9FIpYrwy5i.jpg)
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതോ കത്തിക്കുന്നതോ നിരോധിത പ്ലാസ്റ്റിക് വില്‍ക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ / വീഡിയോ സഹിതം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ഇ - മെയിലില്‍ പരാതി നല്‍കാം. ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടിയുണ്ടാകുമെന്നും ജില്ലാ ശുചിത്വമിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അതേസമയം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറകടര്‍ ചെയര്‍മാനും ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജില്ലാ നോഡല്‍ ഓഫീസറുമായാണ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.