കേരളത്തിൽ വീണ്ടും പഴകിയ മത്സ്യങ്ങളുടെ വില്പന വ്യാപകമാകുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ് ഈ മത്സ്യങ്ങൾ എന്നാണ് പുറത്തു വരുന്ന വിവരം. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസവസ്തുക്കൾ കലർത്തി എത്തുന്നത്.
/sathyam/media/post_attachments/djT1xF0vOc9qCIqjk9wc.jpg)
ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയിൽ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും വീട്ടമ്മമാർ പരാതി പറയുന്നു.
കഴിഞ്ഞ ദിവസം സംക്രാന്തി സ്വദേശിയായ യുവാവ് ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യം വീട്ടിലെത്തി മുറിച്ചു നോക്കിയപ്പോൾ പുഴുവരിച്ച് മുട്ടയിട്ട നിലയിലായിരുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ടായിരുന്നു. രണ്ട് മാസം മുൻപ് കൊച്ചിയിൽ നിന്ന് ടൺ കണക്കിന് പഴകിയ മത്സ്യം കണ്ടെയ്നറിൽ നിന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏറ്റുമാനൂരിലെ മത്സ്യമാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടികൂടി.
സർക്കാരിന്റെ മത്സ്യ ഫെഡിന്റെ മത്സ്യ സ്റ്റാളുകളിലും ഗുണനിലവാരമില്ലാത്ത മത്സ്യവില്പന സജീവമാണ്. ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്. പ്രധാന മാർക്കറ്റുകൾ മാത്രം കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനകൾ നടത്തുന്നത്. ഇവയും പേരിൽ മാത്രമായി ഒതുങ്ങുന്നു.
പഴകിയ മീൻ തിരിച്ചറിയാൻ നിരവധി വഴികളുണ്ട്. പുതിയ മീനിന്റെ മാംസം ഉറച്ചതും തിളക്കമുള്ളതുമാവും. ഫ്രഷ് ആണെങ്കിൽ അധികം ദുർഗന്ധം അനുഭവപ്പെടില്ല. അമോണിയയുടെ ഗന്ധവും ഉണ്ടാകില്ല. ഫ്രഷ് മീനുകൾക്ക് കണ്ണിൽ തിളക്കം ഉണ്ടാകും. രാസവസ്തുക്കൾ ചേർത്തതിന് കണ്ണിൽ നീലനിറമായിരിക്കും. ചെകിളകൾ നനഞ്ഞതും ചുവപ്പു നിറത്തിലും ആണെങ്കിൽ ഫ്രഷ് ആണ്. മുറിച്ചു നൽകുന്ന മീനിന് ഈർപ്പം ഉണ്ടോയെന്ന് പരിശോധിക്കണം. മീനിന് തവിട്ടുനിറവും അറ്റത്ത് മഞ്ഞനിറവും ഉണ്ടെങ്കിൽ പഴയതാണ്. വലിയ മീൻ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്.