കോഴിക്കോട്: എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പൻ ആണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് എംപി പരിഹസിച്ചു.
അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. എന്നാൽ അദ്ദേഹം വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നതാണ് സത്യമെന്നും സുധാകരൻ പറഞ്ഞു. അടുത്തതായി ബിജെപിയിലേക്ക് പോകുന്നത് കെ സുധാകരൻ ആണെന്ന എം വി ജയരാജന്റെ പ്രസ്താവനയേയും അദ്ദേഹം തള്ളി. ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്നും കെ സുധാകരൻ പറഞ്ഞു.
എ കെ ആന്റണിയുടെ അറിവോടെയാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്നും അടുത്തതായി കെ സുധാകരനാണ് ബിജെപിയിൽ ചേരുകയെന്നുമായിരുന്നു എം വി ജയരാജൻ പറഞ്ഞത്.
എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. അന്വേഷണത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നത്. പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അന്വേഷണമാണ് നടക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിയത് മൂന്ന് മണിക്കൂറിന് ശേഷമാണ്. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.