നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര താലൂക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സര്‍ജികല്‍ കോട്ടന്‍ തുണി യുവതിയുടെ ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്ന പരാതിയില്‍ ജില്ലാ മെഡികല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപോർട്ട് നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
/sathyam/media/post_attachments/3H2p2H8A49kdROSShoui.jpeg)
സംഭവത്തില്‍ നേരത്തെ ശസ്ത്രിക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. എട്ട് മാസങ്ങളോളമാണ് തുണി കുടുങ്ങിയതിനെ തുടര്‍ന്ന് യുവതി ദുരിതം അനുഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തുണി കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷമാണ് തുണി പുറത്തെടുത്തത്.
നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) ഡോക്ടറുടെ അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ഡോക്ടര്‍ സുജാ അഗസ്റ്റിന്‍ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
2022 ജൂലൈ 26നാണ് ശസ്ത്രിക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയ സമയത്ത് ഉപയോഗിക്കുന്ന കോട്ടന്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ ശരീരം തുന്നിച്ചേര്‍ത്തു. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചികിത്സ കഴിഞ്ഞ് യുവതി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
വീട്ടിലെത്തിയതോടെ ആണ് യുവതിക്ക് സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് എന്നിവ തുടര്‍ന്നതിനാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ തന്നെ കാണിച്ചു. എന്നാല്‍, ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകും എന്നുമായിരുന്നു ഡോക്ടറുടെ മറുപടി.
പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. ഇവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭപാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത്.