എയ്ഡഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍; നിയമന പ്രായപരിധി 40 ല്‍ നിന്ന് 50 വയസാക്കി പുതിയ ഉത്തരവിറക്കി

author-image
Gaana
New Update

തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. നിയമന പ്രായപരിധി 40 ല്‍ നിന്ന് 50 വയസാക്കി പുതിയ ഉത്തരവിറക്കി. സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സർവകലാശാലകളോട് സർക്കാർ നിർദേശിച്ചു.

Advertisment

publive-image

പ്രൊഫസര്‍ ശ്യാം ബി മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ട്രെയിനിങ് കോളേജുകള്‍, ലോ കോളേജ്, അറബിക്-സംസ്‌കൃത കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസായിരിക്കും.

ഇതുമായി ബന്ധപ്പെട്ട് കൊളീജിയേറ്റ് എജുക്കേഷൻ സ്‌പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തുമെന്നും സർക്കാർ അറിയിച്ചു. സര്‍വകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതികള്‍ അതാത് സര്‍വകലാശാലകള്‍ വരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കാനായി യുജിസി ചട്ടങ്ങള്‍ക്ക് വിധേയമായി സർവകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികളെടുക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

Advertisment