നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; വാര്‍ത്ത ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നും നോട്ടീസിലെ മുന്നറിയിപ്പ്

author-image
Gaana
New Update

തിരുവനന്തപുരം : നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. വാര്‍ത്ത ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് സ്പീക്കറുടെ ഓഫീസ് നല്‍കിയ നോട്ടീസിലെ മുന്നറിയിപ്പ്. അതീവ സുരക്ഷാ മേഖലയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്.

Advertisment

publive-image

സംഘര്‍ഷം പകര്‍ത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിലെ ആർ ശ്രീജിത്ത്, ന്യൂസ് 18 കേരളയിലെ വി വി അരുൺ, റിപ്പോർട്ടർ ചാനലിലെ ആർ റോഷിപാൽ എന്നിവർക്കാണ് നോട്ടീസ്.

സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിന് പ്രതിപക്ഷ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരുന്നു.

സ്പീക്കര്‍ നിരന്തരം അടിയന്തര പ്രമേയ നോട്ടീസ് അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച് 15ന് പ്രതിപക്ഷ എംഎല്‍എമാര്‍ അദ്ദേഹത്തിന്റെ നിയമസഭയിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. എംഎല്‍എമാരെ മാറ്റാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈയ്ക്ക് പൊട്ടല്‍ ഏല്‍ക്കുകയും ചെയ്തിരുന്നു.

Advertisment