തിരുവനന്തപുരം: കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ കയറിയിറങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
/sathyam/media/post_attachments/LMQFzX8CbEfCyJLenki3.jpg)
ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളില്‍ കയറുകയും ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ ഇപ്പോള്‍ ഈദുല്‍ ഫിത്തറിന് മുസ്ലീംഭവനങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജെപിയുടെ തീരുമാനം.
ഇക്കാലമത്രയും മുസ്ലീംങ്ങളെ ശത്രുക്കളായി കരുതുകയും അവരോട് എണ്ണിയാലൊടുങ്ങാത്ത പാതകങ്ങള്‍ കാട്ടുകയും ചെയ്തതിനു പിന്നാലെ ഇത്തരം പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍, പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും മായില്ലെന്ന സത്യമാണ് ഓര്‍മവരുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
മുസ്ലീംകള്‍ക്കെതിരേ കടുത്തവിവേചനത്തോടെ 2019ല്‍ പാസാക്കിയ പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കില്ല എന്നൊരു ഉറപ്പുപോലും നല്‍കാതെയാണ് ഭവനസന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എന്‍ആര്‍സി നടപ്പാക്കല്‍, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഗുജറാത്ത് കലാപം, അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ നിയമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാജ്യത്തുണ്ടായ നിരവധി കലാപങ്ങള്‍ തുടങ്ങി മുസ്ലീം സമുദായത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളില്‍ വ്യക്തത വരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.