കൊറോണ മൂലം ഗൾഫിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിയ്ക്കുക; കേരള അസോസിയേഷൻ കുവൈറ്റ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 30, 2020

കുവൈറ്റ് : കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ദുരിതകാലത്ത്, ഗൾഫിൽ മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന്, അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ കുവൈറ്റ് മുഖ്യമന്ത്രി പിണറായി വിജയനും, നോർക്കയ്ക്കും നിവേദനം നൽകി.

കൊറോണ കാരണം കേരളത്തിൽ 7 പേർ മരണമടഞ്ഞപ്പോൾ, വിദേശരാജ്യങ്ങളിലായി 150 മലയാളി പ്രവാസികളാണ് മരണമടഞ്ഞത്. ഇത്തരത്തിൽ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങൾ പോലും നാട്ടിലുള്ള ബന്ധുക്കൾക്ക് കാണാനാകാതെ, അതാത് രാജ്യങ്ങളിൽ സംസ്കരിയ്ക്കുകയാണ് ചെയ്തു വരുന്നത്.

മരണമടഞ്ഞ പ്രവാസികളിൽ ഭൂരിപക്ഷവും താണവരുമാനക്കാരായ സാധാരണ പ്രവാസികൾ ആണ്. അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബങ്ങൾ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ കുടുംബങ്ങളെ സഹായിയ്ക്കാനുള്ള ബാധ്യത കേരളസമൂഹത്തിനും സർക്കാരിനും ഉണ്ട്.

കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ദുരിതകാലത്ത്, വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന് കേരളസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്നും,മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിനു സാമ്പത്തീക സഹായവും, ഒപ്പം അവരുടെ മക്കളുടെ വിദ്യാഭ്യാസം മുടക്കമില്ലാതെ തുടരുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണം എന്നും, വിദ്യഭ്യാസ ലോൺ എടുത്തിട്ടുള്ള കുട്ടികൾക്ക് പലിശ സബ്സിഡി നൽകണം എന്നും കേരള അസോസിയേഷൻ കുവൈറ്റ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മരണപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ഭാവി ജീവിതം കരുപ്പിടിപ്പിയ്ക്കാനായുള്ള സംവിധാനം ഒരുക്കാൻ വേണ്ടി, പ്രായോഗികമായ പദ്ധതികൾ നോർക്ക വഴി തയ്യാറാക്കി നടപ്പിലാക്കണമെന്നും കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ഷാഹിൻ ചിറയിൻകീഴ്, ജനറൽ സെക്രട്ടറി പ്രവീൺ നന്ദിലത്ത്, ജനറൽ കോർഡിനേറ്റർ ശ്രീഎം ലാൽ മുരളി എന്നിവർ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.

×