/sathyam/media/media_files/2025/10/23/1001347382-2025-10-23-10-38-39.png)
കോട്ടയം: രാഷ്ട്രപതി ഇന്നു കോട്ടയം ജില്ലയില്‍. ഉച്ചകഴിഞ്ഞ് കോട്ടയത്തെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് കോട്ടയം വഴി കുമരകത്തെത്തുന്ന രാഷ്ട്രപത്രി വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിക്കും. ഇന്ന് ജില്ലയില്‍ തങ്ങുന്ന രാഷ്ട്രപതി നാളെ കൊച്ചി വഴി ഡല്‍ഹിയിലേക്കു മടങ്ങും.
ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തു നിന്നുമെത്തുന്ന രാഷ്ട്രപതി ഇന്ന് ഉച്ചകഴിഞ്ഞ് 3.50ന് പാലായിലെ ഹെലിപ്പാടില്‍ എത്തും.
നാലിനു സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
50 മിനിറ്റ് നീളുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം വീണ്ടും ഹെലികോപ്റ്ററില്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട് മൈതാനിയിലെ ഹെലിപ്പാടില്‍ ഇറങ്ങും.
തുടര്‍ന്നു ലോഗോസ് ജങ്ഷന്‍, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, സീയേഴ്സ് ജങ്ഷന്‍, ബേക്കര്‍ ജങ്ഷന്‍ വഴി കുമരകത്തേയ്ക്കു കാര്‍ മാര്‍ഗം പോകും.
കുമരകം താജ് ഹോട്ടലില്‍ താമസിക്കുന്ന രാഷ്ട്രപതിയ്ക്കും സംഘത്തിനുമായി വൈകിട്ട് കേരളത്തിന്റെ തനതുകലാ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കും.
അത്താഴത്തിനായി കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടെ വിപുലമായ വിഭവങ്ങള്‍ ഒരുക്കും.
നാളെ രാവിലെ കാലാവസ്ഥ ഉള്‍പ്പെടെ അനുയോജ്യമെങ്കില്‍ കായല്‍ സവാരിയ്ക്കു സാധ്യതയുണ്ട്.
പത്തിനു കാര്‍ മാര്‍ഗം കോട്ടയത്തേയ്ക്കു മടങ്ങി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു പോകും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി സമാനതകളില്ലാത്ത സുരക്ഷയാണ് കോട്ടയത്തും കുമരകത്തും പാലായിലും ഒരുക്കിയിരിക്കുന്നത്.
പാലായിലേക്കും തിരികെയുമുള്ള യാത്ര നിലവില്‍ ആകാശമാര്‍ഗമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായാല്‍ റോഡ് മാര്‍ഗം ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏറ്റുമാനൂര്‍ വഴി പാലായിലേക്കുള്ള വഴി പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാകും.
ഇന്നലെ, റോഡ് മാര്‍ഗം ട്രയല്‍ റണ്‍ നടത്തിയിരുന്നു.
എം.സി. റോഡിലേക്കും ഏറ്റുമാനൂര്‍ -പാലാ റോഡിലേക്കുമുള്ള മുഴുവന്‍ ഇടറോഡുകളിലും പോലീസിനെ നിയോഗിച്ചുകൊണ്ടാണ് സുരക്ഷ ഒരുക്കുന്നത്.