തിരുവനന്തപുരം: ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായാണ് കേരളം മത്സരിക്കുന്നതെന്നും സാധ്യമാകുന്ന പുതിയ ആശയങ്ങളെല്ലാം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് നിലകളിലായി 22 റൂമുകളാണ് 12 കോടി 27 ലക്ഷം രൂപ ചെലവഴിച്ച് പൊന്മുടിയിൽ നിർമ്മിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസുകൾ ഇനിയും നവീകരിച്ചു മുന്നോട്ടു പോകണം എന്നുള്ളതാണ് സർക്കാരിന്റെ കാഴ്ചപ്പാട്.
കേരളത്തിൽ 212 റൂമുകൾ കൂടി ഈ വർഷം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ 39 റൂമുകളുടെ പുതിയ ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കന്യാകുമാരിയിലും ഗുരുവായൂരും സുൽത്താൻ ബത്തേരിയിലും പഴയ ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കി. വർക്കലയും പീരുമേടും ആലുവയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പ് നമ്മുടെ സംസ്ഥാനത്തുണ്ടായി. ടൂറിസം ജനങ്ങൾക്ക് വേണ്ടിയാണ്, ജനങ്ങളാണ് ടൂറിസത്തിൻ്റെ ബ്രാൻഡ് അംബാസിഡറെന്നും മന്ത്രി കൂട്ടിച്ചേർത്തു.