പാലാ: മീനച്ചില്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യ കൂറുമാറ്റത്തിന് അരങ്ങൊരുങ്ങി. പത്താം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച കേരള കോണ്‍ഗ്രസ് - എം വിമതന്‍ ബിജു കുമ്പളന്താനമാണ് ഇടതുപക്ഷത്തേയ്ക്ക് കാലുമാറാന്‍ ഒരുങ്ങുന്നത്.
ഇതിനു മുന്നോടിയായി ശനിയാഴ്ച പൂവരണി സഹകരണ ബാങ്ക് പ്രസിഡന്‍റ് പ്രൊഫ. എബ്രഹാം മാപ്പിളക്കുന്നേലിന്‍റെ വസതിയില്‍ ജോസ് കെ മാണി എംപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തില്‍ ബിജു പങ്കെടുത്തിരുന്നു.
ബിജുവിനൊപ്പം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കേരള കോണ്‍ഗ്രസ് - എമ്മില്‍ നിന്നും വിട്ടുപോയ വിമത വിഭാഗത്തിലെ ഒട്ടുമിക്ക നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഒറ്റക്കെട്ടായി മാതൃ സംഘടനയിലേയ്ക്ക് തിരിച്ചു വരാനാണ് ധാരണയായിരിക്കുന്നത്.
ഇതോടെ രണ്ടു മാസം മുമ്പ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്‍റെയും ജോസഫ് വിഭാഗത്തിന്‍റെയും വോട്ടു വാങ്ങി വിജയിച്ച ബിജു കുമ്പളന്താനം ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് - എം പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ ഭാഗമായി മാറും. നിലവില്‍ 3 അംഗങ്ങളാണ് കേരള കോണ്‍ഗ്രസിനുള്ളത്. ബിജു കൂടി എത്തുമ്പോള്‍ ഇത് 4 ആയി മാറും.
അതേസമയം മീനച്ചില്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന തൊഴുത്തില്‍ കുത്തിന്‍റെ ഭാഗമായി നടന്ന വഴിവിട്ട രാഷ്ട്രീയ നാടകങ്ങളുടെ തരംതാണ ക്ലൈമാക്സാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് യാഥാര്‍ത്ഥ്യം.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 5 വര്‍ഷം മുമ്പ് കേരള കോണ്‍ഗ്രസ് - എം വിട്ട് ഇടതു മുന്നണിയുമായി ചേര്‍ന്ന് ഭരണം നടത്തിയ റെനി ബിജു ഈറ്റത്തോട്ട്, സാജോ പൂവത്താനി, ബിജോയ് ഈറ്റത്തോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ജോസ് കെ മാണി പക്ഷത്തേയ്ക്ക് തിരികെ വന്നത്.
ഇവരെ തിരിച്ചെടുക്കുന്നതിനെ അന്നത്തെ ഔദ്യോഗിക വിഭാഗത്തിന്‍റെ ഭാഗമായ ഇന്നത്തെ വിമതരും ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളും ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ പാര്‍ട്ടി നേതൃത്വം ബിജോയ് ഈറ്റത്തോടിന്‍റെ നേതൃത്വത്തിലുള്ള വിമതരെ തിരിച്ചെടുത്തു.
അതില്‍ പ്രതിഷേധിച്ച് വിമതര്‍ മത്സരിച്ച 4 വാര്‍ഡുകളില്‍ ഇവരെ പരാജയപ്പെടുത്തുക, വിമതരിലെ സാജോ പൂവത്താനി പ്രസിഡന്‍റാകുന്നത് തടയാന്‍ കേരള കോണ്‍ഗ്രസ് - എം എന്ന സ്വന്തം പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ മെമ്പര്‍മാര്‍ വിജയിച്ചു വരുന്നത് തടയുക, ഇടതു മുന്നണി അധികാരത്തിലെത്തുന്നത് തടയുക തുടങ്ങിയ ഹിഡന്‍ അജണ്ടകളുമായാണ് പുതിയ വിമതര്‍ അന്ന് പാര്‍ട്ടിക്ക് പുറത്തിറങ്ങിയത്.
'ലക്ഷ്യങ്ങളെല്ലാം' നേടി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മടങ്ങിവരണമെന്ന നിര്‍ദ്ദേശത്തോടെ മീനച്ചിലിലെ കേരള കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അതിനു പിന്തുണയും നല്‍കി. തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടങ്ങളിലും അകത്തുള്ളവരും പുറത്തുള്ളവരും ഒറ്റക്കെട്ടായാണ് ഇടതു മുന്നണിക്കെതിരെ കരുക്കള്‍ നീക്കിയത്.
അതിന്‍റെ ഭാഗമായി അന്ന് പുറത്തുപോയ വിമതരിലെ 3 പേര്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചു. അതില്‍ റെനി ബിജോയിക്കെതിരെ മത്സരിച്ച ബിജു കുമ്പളന്താനം മാത്രം വിജയിച്ചു വന്നു. എന്നാല്‍ ബിജോയ് ഈറ്റത്തോട് പക്ഷം മത്സരിച്ച 4 വാര്‍ഡുകളില്‍ രണ്ടിലും കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു.
ഇതൊക്കെയാണെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി പഞ്ചായത്തില്‍ അധികാരത്തില്‍ വന്നു. 13 -ല്‍ 8 സീറ്റുകള്‍ ഇടതുപക്ഷം നേടി. സാജോ പൂവത്താനി ആദ്യ ടേമില്‍ പ്രസിഡന്‍റാകുന്നത് തടയാനും കഴിഞ്ഞു.
എന്തായാലും ആ നാടകങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് 'ദൗത്യം' പൂര്‍ത്തിയാക്കിയ സംതൃപ്തിയില്‍ പുതിയ വിമതര്‍ മടങ്ങിയെത്തുന്നത്. എന്നാല്‍ ഈ കളികള്‍ക്കിടയില്‍ വഞ്ചിതരായത് പത്താം വാര്‍ഡിലെ യുഡിഎഫിന്‍റെ പ്രവര്‍ത്തകരാണെന്ന് മാത്രം. അവര്‍ കേരള കോണ്‍ഗ്രസിലെ തൊഴുത്തില്‍ കുത്തിന് കരുക്കളാക്കപ്പെടുകയായിരുന്നു.