വോട്ടെടുപ്പ് ദിവസം വരെ ശബരിമല വിഷയം വോട്ടർമാരുടെ മനസ്സിൽ കാര്യമായി സ്വാധീനം ഉണ്ടാക്കാതിരിക്കാൻ പരമാവധി ഇടത് മുന്നണി ശ്രദ്ധിച്ചിരുന്നു; എന്നാൽ ഏപ്രിൽ 6 ന് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു ! സ്വാമി അയ്യപ്പന്റെ ശാപം; പോളിങ്ങിന്റെ തലേ ദിവസം വരെ ശബരിമല ചൂണ്ടയിൽ കൊത്താതിരുന്ന പിണറായി വിജയന് അവസാനം അത് സംഭവിച്ചു

Thursday, April 8, 2021

-തിരുമേനി-

പിണറായിയുടെ നാവിൽ ഗുളികൻ – സ്വാമി അയ്യപ്പന്റെ ശാപം. പോളിങ്ങിന്റെ തലേ ദിവസം വരെ ശബരിമല ചൂണ്ടയിൽ കൊത്താതിരുന്ന പിണറായി വിജയന് അവസാനം അത് സംഭവിച്ചു. ശബരിമല വിഷയം ആദ്യം ശക്തമായി എടുത്തിട്ടത് ഉമ്മൻചാണ്ടിയാണ്. അപകടം തിരിച്ചറിഞ്ഞ പിണറായിയും ഇടത് നേതാക്കളും ചൂണ്ടയിൽ കൊത്താതെ ഒഴിഞ്ഞുമാറി.

വിഷയം സുപ്രീം കോടതിയുടെ മുമ്പിലാണെന്നും ശബരിമലയിൽ യാതൊരു പ്രശ്നവുമില്ല എന്നും തീർത്ഥാടനം ഭംഗിയായി നടന്നു എന്നും പറഞ്ഞു വച്ച പിണറായി ഒന്നുകൂടി പറഞ്ഞു. സുപ്രീം കോടതി വിധി എതിരായാൽ എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും എന്നും പിണറായി പറഞ്ഞു. ആത്മാർത്ഥയുണ്ടെങ്കിൽ സത്യവാങ്മൂലം മാറ്റി കൊടുക്കണം എന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തോട് പിണറായി പ്രതികരിച്ചില്ല.
വോട്ടെടുപ്പ് ദിവസം വരെ ശബരിമല വിഷയം വോട്ടർമാരുടെ മനസ്സിൽ കാര്യമായി സ്വാധീനം ഉണ്ടാക്കാതിരിക്കാൻ പരമാവധി ഇടത് മുന്നണി ശ്രദ്ധിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ നരേന്ദ്രമോഡി കോന്നിയിൽ ശബരിമല വിഷയം ആളിക്കത്തിച്ചു. നരേന്ദ്രമോദി ശരണം വിളിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ കാര്യമായി പ്രതികരിക്കാതെ പിണറായി ഒഴിഞ്ഞുമാറി. എന്നാൽ ഏപ്രിൽ 6 ന് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു.

വോട്ട് ചെയ്ത് പുറത്തിറങ്ങിയ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും വിശ്വാസികളുടെ ഒരു സർക്കാരാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് നടന്നതെല്ലാം സ്വാമി അയ്യപ്പൻ വിചാരിച്ച പോലെയാണ്. പിണറായി : എല്ലാ ദൈവഗണങ്ങളും ആരാധനാ മൂർത്തികളും ഞങ്ങളോടൊപ്പമാണ്. ശബരിമല അയ്യപ്പൻ ഉൾപ്പടെ. കോടിയേരി ഒന്നു കൂടി കടത്തി പറഞ്ഞു.
ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമായിരുന്നു എന്നാണ് കോടിയേരി പറഞ്ഞത്.
ഇത്രയും പോരേ കത്താൻ !

ഉടൻ വന്നു പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.

എ.കെ.ആന്റണി – ശബരിമലയിൽ ചെയ്ത എല്ലാ ദ്രോഹപ്രവർത്തികൾക്ക് പിണറായി മാപ്പ് പറയണം.
രമേശ് ചെന്നിത്തല – പിണറായിക്ക് അയ്യപ്പന്റെ ശാപം ഉറപ്പാണ്
ശശി തരൂർ – വോട്ടെടുപ്പ് ദിവസമല്ല അയ്യപ്പനെ ഓർമ്മിക്കേണ്ടത്.
കെ.സുധാകരൻ – ദേവൻമാർ അസുരൻമാരുടെ കൂടെ പോകാറില്ല.
കെ.സുരേന്ദ്രൻ – യഥാർത്ഥ അസുരൻ പിണറായി ആണ്
ഇതോടെ ശബരിമല വിഷയം ഇന്നലെ ആളിക്കത്തി.

എ.കെ.ബാലൻ സുകുമാരൻ നായരേയും എൻ.എസ്.എസിനേയും പ്രതിക്കൂട്ടിലാക്കി സംസാരിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. അതുവരെ കാര്യമായി ശബരിമല വിഷയം ശ്രദ്ധിക്കാതിരുന്ന വോട്ടർമാർ പോലും അതിലേക്ക് തിരിഞ്ഞു.

ഇടതുമുന്നണിയുടെ തന്ത്രം പിഴച്ച ദിവസമായിരുന്നു ഇന്നലെ. ഇന്ന് പറഞ്ഞതെന്താണ്. ജി.സുകുമാരൻ നായർ ചതിച്ചു എന്നാണ്. ഇടതുമുന്നണി നേതാക്കളുടെ സമനില തെറ്റി എന്നതാണ് മനസ്സിലാകുന്ന വസ്തുത. കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥ. എന്നാൽ രണ്ട് ദിവസം മുമ്പ് വെള്ളാപ്പള്ളി നടേശന്റെ പത്നി പ്രീതി നടേശനും ശബരിമലയിൽ സ്ത്രീകളെ കൊണ്ടുപോയതിനെ ശക്തമായി വിമർശിച്ചിരുന്നു.

ഒരു സ്ത്രീയ്ക്കും ഇത് സഹിക്കാനാവില്ല എന്നാണ് പ്രീതി നടേശൻ പറഞ്ഞത്. സുകുമാരൻ നായരുടെ അഭിപ്രായത്തെ വെള്ളാപ്പള്ളിയും തള്ളിപ്പറഞ്ഞില്ല എന്നത് ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞത് ഇത് രണ്ട് ദിവസം മുൻപ് പറയണമായിരുന്നു എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തുടർ ഭരണം ഉറപ്പില്ല എന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കിപ്പറഞ്ഞാൽ പോളിങ് ദിവസം പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് ശബരിമല ആയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രത്തിലും ഇടതുമുന്നണിക്ക് പിഴവ് പറ്റി. രണ്ട് കാര്യത്തിൽ…ഒന്ന്, യു.ഡി.എഫിനും എൻ.ഡി.എക്കും വേണ്ടി ദേശീയ നേതാക്കൾ കളം നിറഞ്ഞപ്പോൾ താരമൂല്യമുള്ള ഒരു നേതാവും ഇടതുമുന്നണിക്കു വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. എല്ലാം പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു നടന്നത്.

രണ്ടാമതായി, ഇടതുമുന്നണി വികസനവും കിറ്റും മാത്രം പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കോൺഗ്രസും ബി.ജെ.പിയും തുടക്കത്തിലേ രാഷ്ട്രീയ വിഷയങ്ങൾ പറഞ്ഞു തുടങ്ങി. ആഴക്കടൽ മത്സ്യബന്ധനക്കരാറാണ് ഇടതുമുന്നണിയുടെ നടുവൊടിച്ചത്.

ചുരുക്കത്തിൽ ഇടതുമുന്നണിക്ക് പ്രചാരണ രംഗത്ത് ആദ്യം കിട്ടിയ മേൽക്കൈ അവസാനം നഷ്ടപ്പെട്ടു. ആലപ്പുഴ, കൊല്ലം , തൃശൂർ ജില്ലകൾ യുഡിഎഫിലേക്ക് ചാഞ്ഞതോടെ തുടർ ഭരണം നഷ്ടപ്പെടും എന്ന സത്യം പിണറായി തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ കൃത്യതയാർന്ന പ്രചാരണം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി. വടക്കേ മലബാറിലും മധ്യ തിരുവിതാംകൂറിലും പിണറായി പ്രതീക്ഷിച്ച വർഗീയ ധ്രുവീകരണം ഉണ്ടായതുമില്ല.

മറ്റൊരു പ്രത്യേകത കാര്യമായ ക്രോസ് വോട്ടിങ്ങും ഉണ്ടായില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ വിലാപവും നിലവിളിയും ആരും ശ്രദ്ധിച്ചതുമില്ല. കൃപേഷിനേയും ശരത് ലാലിനേയും ടി.പി. ചന്ദ്രശേഖരനേയും അരിയിൽ ഷുക്കൂറിനേയും ഒക്കെ വെട്ടി നൂറുക്കിയവരുടെ വോട്ട് യാചിച്ച മുല്ലപ്പള്ളി അക്ഷരാർത്ഥത്തിൽ നാണം കെട്ടവനായി.

ഈ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് രണ്ടിന് വരുമ്പോൾ വിശ്വാസികൾക്കും സമാധാന പ്രിയർക്കും ജനാധിപത്യ വിശ്വാസികൾക്കും സന്തോഷം പകർന്ന് നൽകും എന്നതിന് യാതൊരു സംശയവുമുണ്ടാകില്ല.

×