മിനി മാത്യു ടീച്ചർക്ക് സംസ്ഥാന അധ്യാപക പുരസ്‌കാരം

author-image
Gaana
New Update

publive-image

Advertisment

പെരുമ്പാവൂർ: മാറമ്പള്ളിയിലെ വടക്കേ വാഴക്കുളം ഗവണ്മെന്റ് യു.പി. സ്‌കൂളിലെ പ്രധാന അധ്യാപികയായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കി മിനി മാത്യു ടീച്ചർ പടിയിറങ്ങിയത് ഇക്കഴിഞ്ഞ മെയ് 31ന്. വിരമിച്ച് രണ്ടാഴ്ച പിന്നിടും മുമ്പേ ടീച്ചറെ തേടിയെത്തിയത് സംസ്ഥാന സർക്കാരിന്റെ യു.പി. വിഭാഗം അധ്യാപക പുരസ്‌കാരം.

പാഠ്യ-പാഠ്യേതര പ്രവർത്തനം പരിഗണിച്ചും മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറും എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി ഡയറക്ടർമാർ അംഗങ്ങളുമായ സമിതി അധ്യാപക അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പതിനഞ്ചു വർഷത്തോളം വിവിധ സ്‌കൂളിലെ സേവനത്തിനുശേഷമാണ് മിനി ടീച്ചർ വാഴക്കുളം സ്കൂളിലേയ്ക്ക് എത്തിയത്. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികളുടെ കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്. വിവിധ ക്ലാസുകളിലായി എഴുപത്തഞ്ചോളം അന്യസംസ്ഥാനക്കാരായ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നുണ്ട്.

publive-image

പത്തു വർഷത്തോളം ഇതേ സ്‌കൂളിൽ തുടർന്ന ടീച്ചർക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഈ കുട്ടികളുടെ കാര്യത്തിൽ ഒരു പ്രത്യേക കരുതലുണ്ടായിരുന്നു. മറ്റുകുട്ടികൾക്കിടയിൽ മാറ്റിനിർത്തപ്പെടാതെ അവരുടെ പോരായ്മകൾ കണ്ടറിഞ്ഞു കൊണ്ടുള്ള പ്രവർത്തനത്തിന് ഇതര അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം വേണ്ടുവോളമുണ്ടായിരുന്നുവെന്ന് മിനി ടീച്ചർ പറഞ്ഞു.

2003-ൽ സർവ്വ ശിക്ഷ അഭിയാൻ വഴി ജോലിയിൽ പ്രവേശിച്ച ഇവർ, വാഴക്കുളം സ്‌കൂളിൽ എത്തുമ്പോൾ നൂറ്റിനാല്പതോളം കുട്ടികളാണുണ്ടായിരുന്നത്. വളർച്ച മുരടിച്ച ഈ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അതുവഴി കൂടുതൽ കുട്ടികളെ സ്‌കൂളിലേയ്ക്ക് എത്തിയ്ക്കാനും ടീച്ചർക്കു കഴിഞ്ഞു.

publive-image

എം.എൽ.എ. ഫണ്ട്, എസ്.എസ്.എ. ഫണ്ട് തുടങ്ങിയവയിൽ നിന്നും നേടിയ 12 ക്ലാസ് മുറികൾക്കുപരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിച്ചു നൽകിയ 20 ലക്ഷം രൂപയുടെ രണ്ട് ക്ലാസ് മുറികൾ എന്നിവയും സ്കൂളിന്റെ സ്ഥിരാസ്തികളായി മാറിയത് ടീച്ചറുടെ സേവന കാലയളവിലാണ്. കൂടാതെ പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്നനുവദിച്ച ഒരു കോടി മുടക്കി 8 ക്ലാസ് മുറികളുടെ പണി പൂർത്തിയാക്കി.

അന്തരിച്ച ചലച്ചിത്ര നടൻ എം.പി. ആയിരിക്കുമ്പോൾ പുതിയ സ്‌കൂൾ ബസ്സ് അനുവദിച്ചു കിട്ടി. 7 ഡിജിറ്റൽ ക്ലാസ്റൂം, എറണാകുളം ജില്ലയിലെ ആദ്യത്തെ ശാസ്ത്ര പാർക്ക്, കിഡ്സ് അത്ലെറ്റിക്ക്, കൊളാബറേറ്റീവ് ലേണിംഗ് ക്ലാസ് റൂം, ലൈബ്രറി, ഒ.എൻ.വി. മെമ്മോറിയൽ ലൈബ്രറി ഹാൾ ഇവയെല്ലാം സി.എസ്.ആർ. ഫണ്ടിലൂടെ നേടിയെടുക്കാൻ ടീച്ചറുടെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.

publive-image

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മിനി മാത്യുവിന് കഴിഞ്ഞ വർഷം സ്വച്ഛ്‌ വിദ്യാലയ പുരസ്കാരം നൽകിയിരുന്നു. 2021-ൽ വായനാപൂർണ്ണിമ ഏർപ്പെടുത്തിയ ശ്രേഷ്ഠാചാര്യ പുരസ്കാരത്തിനും അർഹയായിരുന്നു.

സംസ്ഥാന വിദ്യാഭ്യാസ അവാർഡുകൾ മെയ് 16ന് 3 മണിയ്ക്ക് തിരുവനന്തപുരത്ത് തമ്പാനൂരിലെ ശിക്ഷക് സദനിൽ വച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് വിതരണം ചെയ്യുന്നത്.

Advertisment