ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ ഇക്കോ പോയിന്റിലുള്ള ഗണപതിയുടെ കട കഴിഞ്ഞ രാത്രി ആന തകര്‍ത്തിരുന്നു. വിനോദസഞ്ചാരികള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടയാണ് ആന നശിപ്പിച്ചത്.
പടയപ്പ എത്തിയതോടെ ഒന്നര മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി. കഴിഞ്ഞയാഴ്ച ചൊക്കനാട് എസ്റ്റേറ്റിലെ കട തകര്‍ത്ത പടയപ്പ ഇവിടെനിന്നു ഭക്ഷ്യവസ്തുക്കള്‍ തിന്നിരുന്നു. പിന്നീട് മാട്ടുപ്പെട്ടി ഭാഗത്തും എത്തിയിരുന്നു.
ഏതാനും ദിവസങ്ങളായി മൂന്നാറിലെ വിവിധയിടങ്ങളിൽ പടയപ്പ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മാസം മുമ്പു വരെ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമായിരുന്നു ഒറ്റയാന്റെ സ്ഥിരം താവളം.
ആന പതിവായി എത്തിയതോടെ സംസ്കരണ പ്ലാന്റ് ജീവനക്കാര്‍ പച്ചക്കറിയുടെ അവശിഷ്ടങ്ങളും മറ്റും തീറ്റയായി ഇട്ടുകൊടുത്തിരുന്നു. എന്നാല്‍ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉപകരണങ്ങള്‍ക്ക് ആന നാശനഷ്ടം വരുത്തിയതോടെ ജീവനക്കാര്‍ പച്ചക്കറി വേസ്റ്റ് ഇട്ടുകൊടുക്കുന്നത് നിര്‍ത്തുകയും ഇവിടെ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു.
ഇതോടെയാണ് പടയപ്പ മറ്റിടങ്ങളിലേക്ക് എത്താന്‍ തുടങ്ങിയത്. കാട്ടിലേക്കു പോകാതെ മൂന്നാര്‍ മേഖലയില്‍ പടയപ്പ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ നാട്ടുകാര്‍ അതീവ ആശങ്കയിലാണ്.
അരിക്കൊമ്പന്റെ കാര്യത്തില്‍ വനംവകുപ്പ് സ്വീകരിച്ച ജാഗ്രത പടയപ്പയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.