തൊഴിലാളി യൂണിയനുകളുടെ ഒരു നേതാവ് പോലും ജോലി ചെയ്യില്ല; ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റും; എന്തുകൊണ്ട് കേരളം ഇങ്ങിനെയായി? ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ട്രേഡ് യൂണിയനിസത്തിന്റെ അതിപ്രസരം; തിരുമേനി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളം - ട്രേഡ് യൂണിയനുകൾ നശിപ്പിച്ച സംസ്ഥാനം എല്ലാ രംഗത്തും അധ:പതിച്ച് നിൽക്കുന്ന ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു ഇന്ന് കേരളം. കേരളത്തിൽ കൃഷിയില്ല , വ്യവസായങ്ങൾ ഇല്ല , തൊഴിൽ ഇല്ല , കടം ഓരോ ദിവസവും പെരുകിക്കൊണ്ടിരിക്കുന്നു കൂടാതെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണ്.

Advertisment

publive-image

എന്തുകൊണ്ട് കേരളം ഇങ്ങിനെയായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഇവിടുത്തെ ട്രേഡ് യൂണിയനിസത്തിന്റെ അതിപ്രസരം. നമുക്ക് ഓരോ മേഖലകളായി പരിശോധിക്കാം.

ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്നതോടു കൂടി ജന്മി - കുടിയാൻ സങ്കല്പം പൊളിച്ചെഴുതപ്പെട്ടു. മിച്ചഭൂമിയെല്ലാം സർക്കാർ ഏറ്റെടുത്തു. എന്നാൽ പിന്നീട് വന്ന സർക്കാരുകൾ മിച്ചഭൂമി വിതരണത്തിൽ കാണിച്ച അനാസ്ഥ ഈ നിയമത്തിന്റെ തന്നെ അന്തസ്സത്തയെ ചോദ്യം ചെയ്തു.

ഇതേ തുടർന്ന് പരമ്പരാഗതമായി കൃഷി ചെയ്ത് വന്നിരുന്ന ഭൂമിയും പാട്ടത്തിന് കൃഷി ചെയ്തിരുന്ന ഭൂമിയും തരിശായി. തൊഴിലാളി സംഘടനകളുടെ ഭീഷണി ഭയന്ന് പലരും കൃഷി ഉപേക്ഷിച്ചു. നെല്ല് കൃഷി ചെയ്താൽ കൊയ്യാൻ ആളെക്കിട്ടാതായി.

തൊഴിലാളികളുടെ അവസരം ഇല്ലാതാക്കുമെന്ന കാരണം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടി ട്രാക്ടർ പോലെയുള്ള യന്ത്ര സാമഗ്രികളുടെ ഉപയോഗത്തെ എതിർത്തു. സ്വന്തം കൃഷിയിടത്തിൽ പോലും സ്വന്തനിലയിൽ കൃഷി ചെയ്യാൻ കർഷകർ മടിച്ചു.

നെൽകൃഷി കേരളത്തിൽ പാടെ ഇല്ലാതായി. കേരളത്തിന്റെ നെല്ലറകൾ ആയിരുന്ന കുട്ടനാട്ടിലും പാലക്കാട്ടിലും നെൽകൃഷി കുറയാൻ തുടങ്ങി. തൊഴിലാളി സംഘടനകളുടെ അനാവശ്യമായ ഇടപെടലും ഭീഷണിയും മൂലം കൃഷിക്കാർ പതിയെ കൃഷിയിൽ നിന്ന് മാറി തുടങ്ങി.

അരിയുടേയും പഴം പച്ചക്കറികളുടേയും കാര്യത്തിൽ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി ക്രമേണ മാറിത്തുടങ്ങി. ഇന്ന് തമിഴ് നാട്ടിൽ നിന്ന് ലോറികൾ എത്തിയില്ലെങ്കിൽ നമ്മൾ പട്ടിണിയിലാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു.

പാടശേഖരങ്ങൾ പലതും നികത്തി കോൺക്രീറ്റ് സൗധങ്ങൾ നിർമ്മിച്ചു. ഇത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവച്ചു. ചുരുക്കത്തിൽ ഉയർന്ന കൂലിയും തൊഴിലാളി സംഘടനകളുടെ ഭീഷണിയും മൂലം കേരളത്തിൽ കൃഷി ഇല്ലാതായി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി സംഘടനകൾ ഉണ്ടെങ്കിൽ കൂടുതൽ വിനാശകാരിയായത് സി.ഐ.ടി.യു ആയിരുന്നു.

ഇതേ ദുര്യോഗം തന്നെ വ്യവസായ രംഗത്തും സംഭവിച്ചത്. ട്രേഡ് യൂണിയൻ സംഘടനകളുടെ ഇടപെടൽ മൂലം ലാഭത്തിൽ നടന്നിരുന്ന പല വ്യവസായ സ്ഥാപനങ്ങളും അടച്ച് പൂട്ടി. മാവൂർ ഗ്വാളിയർ റയൺസ്, മലബാർ സിമന്റ്സ്, കൈത്തറി മേഖലയിലെ പല സ്ഥാപനങ്ങളും ഇവയിൽ പെടുന്നു.

കെ.എസ്.ആർ.ടി.സി നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത് തൊഴിലാളി സംഘടനകളുടെ അനാവശ്യമായ ഇടപെടൽ മൂലമാണ്. മാനേജ്‌മെന്റിനെ തോക്കിൻ മുനയിൽ നിർത്തി ഇവർ കാര്യം സാധിച്ചെടുക്കുന്നു. കെ.എസ്.ഇ.ബി യിലും സ്ഥിതി വ്യത്യസ്തമല്ല. തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നതിനപ്പുറം മന്ത്രിക്ക് പോലും നീങ്ങാൻ പറ്റില്ല.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം, സ്ഥലം മാറ്റം, പ്രമോഷൻ തുടങ്ങി സകല മേഖലകളിലും ട്രേഡ്‌യൂണിയൻ നേതാക്കൾ കൈകടത്തുന്നു. വ്യവസായ സ്ഥാപനങ്ങൾ ലാഭകരമാക്കി നടത്തണം എന്ന ചിന്താഗതി തൊഴിലാളി യൂണിയനുകൾക്കുമില്ല അവരുടെ തല തൊട്ടപ്പൻമാരായ രാഷ്ട്രീയ നേതാക്കൾക്കുമില്ല. തൊഴിലാളി യൂണിയനുകളുടെ ഒരു നേതാവ് പോലും ജോലി ചെയ്യില്ല. ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റും.

ഇതിനപ്പുറം ഒരു പുതിയ വ്യവസായ സംരഭവും കേരളത്തിൽ തുടങ്ങാത്തതും ട്രേഡ് യൂണിയനുകളെ പേടിച്ചാണ്. പണി പകുതിവഴിയിൽ എത്തുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് യൂണിയൻ കാർ കൊടി കുത്തും. പിന്നീട് മുമ്പോട്ട് പോകാൻ പറ്റാത്ത സ്ഥിതിയാകും. മുടക്കിയ കാശ് ഇട്ടെറിഞ്ഞിട്ട് സംരഭകൻ ജീവനും കൊണ്ട് രക്ഷപ്പെടും. ആർക്കും പുതിയ ഒരു സംരഭവും കേരളത്തിൽ തുടങ്ങാൻ താൽപര്യമില്ല.

കിറ്റക്സ് എം.ഡി. സാബു ജേക്കബ്ബിന്റെ സ്ഥിതി കണ്ടില്ലേ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാലയളവ് ഭരിച്ച പാർട്ടി എന്ന നിലക്ക് സി.പി.എമ്മാണ് ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ.വിദ്യാഭ്യാസ രംഗമെടുത്തു നോക്കു .

ട്രേഡ്‌ യൂണിയൻ സംസ്ക്കാരത്തേക്കാൾ അധ:പതിച്ച സംസ്ക്കാരമാണ് അധ്യാപക സംഘടനകളുടേത്. അത് പൊതു വിദ്യാഭ്യാസ മായാലും ഉന്നത വിദ്യാഭ്യാസമായാലും.
വിദ്യാഭ്യാസ രംഗത്തെ കരുത്തരായ സംഘടനയാണ് സി.പി.എം. നയിക്കുന്ന കെ.എസ്.ടി.എ.

കെ.എസ്. ടി.എ അറിയാതെ ഒരു ഉറുമ്പു പോലും വിദ്യാഭ്യാസ മേഖലയിൽ അനങ്ങില്ല. എല്ലാം ഇവർ കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നടക്കുന്നത്. ഇവർ കണ്ടതിനുശേഷമേ ഫയലുകൾ പോലും മന്ത്രിക്ക് ലഭിക്കൂ.

ഇവരുടെ ഒറ്റ നേതാക്കളും ക്ലാസ്സിൽ പോയി പഠിപ്പിക്കില്ല.ഇത് പോലെ തന്നെ ഉന്നത വിദ്യാഭ്യാസ രംഗവും. എ.കെ.പി.സി.ടി.എ , എ.കെ.ജി സി.ടി. എന്നീ സി പി.എം. സംഘടനകൾ ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇവരെല്ലാം സംഘടനയെ സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കുന്നവരാണ്.

ഇങ്ങിനെ സംസ്ഥാനത്തിന്റെ സമസ്ത മേഖലകളും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അതിപ്രസരം മൂലം നാശത്തിന്റെ വക്കിലാണ്.

Advertisment