സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകാൻ എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി ആള്‍മാറാട്ടം നടത്തിയ സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും; ആൾമാറാട്ടം നടത്തിയ എ വിശാഖിനെതിരെ നടപടിക്ക് സാധ്യത; കുട്ടിസഖാക്കളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ വെട്ടിലായി സിപിഎം

author-image
Gaana
New Update

 

Advertisment

publive-image

തിരുവനന്തപുരം: സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ആകുന്നതിനായി എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി ആള്‍മാറാട്ടം നടത്തിയ സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയെ ഒഴിവാക്കി മത്സരിച്ചിട്ടുപോലുമില്ലാത്ത ഏരിയാ സെക്രട്ടറിയുടെ പേര് സര്‍വകലാശാലക്ക് ശുപാര്‍ശ ചെയ്ത സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടായ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നത്. വ്യാഴാഴ്ച ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയേറ്റ് യോഗമോ വെളളിയാഴ്ച ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയേറ്റോ സംഭവം ചര്‍ച്ച ചെയ്‌തേക്കും.

വിജയിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തി, കോളജ് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ കൃതൃമ രേഖയുണ്ടാക്കിയ എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി എ.വിശാഖ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. പാര്‍ട്ടി അംഗത്തിന് ചേരാത്ത പ്രവര്‍ത്തി നടന്ന സാഹചര്യത്തില്‍ വിശാഖിനെതിരെ സംഘടനാ നടപടി എടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയേക്കും.

ആള്‍മാറാട്ടം നടത്തി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകാന്‍ നടത്തിയ ശ്രമം പുറത്തായതിന് പിന്നാലെ കാട്ടാക്കട ഏരിയ സെക്രട്ടറി എ.വിശാഖിനെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. എന്നാല്‍ ഇത്രയേറെ ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും വിശാഖിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം തയാറായിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സംഘടനാ നേതൃത്വത്തിന്റെ
പിന്തുണയോടെയാണ് വിശാഖ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്
എത്തുന്നതിനായി നീക്കം നടത്തിയതെന്ന് ആക്ഷേപം ഇതിലൂടെ ശരിവെക്കപ്പെടുകയാണ്.

പുറത്തറിഞ്ഞാല്‍ എസ്.എഫ്.ഐക്കും സി.പി.എമ്മിനും തീരാക്കളങ്കമായി മാറുമെന്ന് ഉറപ്പുളള
സംഭവത്തിന് ഇറങ്ങിത്തിരിച്ചവരെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മടിക്കുന്നതിനെ
ന്യായീകരിക്കുന്നതിന് മറ്റൊരു വിശദീകരണവും മതിയാകില്ല. ചെയര്‍മാന്‍ പദവി കരസ്ഥമാക്കാനുളള നീക്കത്തിന് സംഘടനയില്‍ നിന്ന് ലഭിച്ച സഹായം വിശാഖ് പരസ്യപ്പെടുത്തുമോയെന്ന ഭീതികൊണ്ടാണ് പുറത്താക്കാന്‍ മടിക്കുന്നതെന്ന് എസ്.എഫ്.ഐക്ക് അകത്തുതന്നെ ആക്ഷേപമുണ്ട്.

ആള്‍മാറാട്ടം നടത്തി സര്‍വകലാശാല ചെയര്‍മാനാകാനുളള എ.വിശാഖിന്റെ നീക്കത്തിന് അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍ അടങ്ങുന്ന സി.പി.എം നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. സ്റ്റീഫന്‍ അടക്കമുളള നേതാക്കളുടെ ഇടപെടലിലാണ് കോളജ് പ്രിന്‍സിപ്പല്‍ ജയിച്ച പെണ്‍കുട്ടിയെ ഒഴിവാക്കി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന എ.വിശാഖിന്റെ പേര് സര്‍വകലാശാലക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം പ്രിന്‍സിപ്പല്‍ ജി.ജെ.ഷിജു പാര്‍ട്ടി നേതാക്കളോട് വെളിപ്പെടുത്തിയിട്ടുമുണ്ട്.

സി.പി.എം സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ സെക്രട്ടേറിയേറ്റ്
യോഗത്തിനിടയില്‍ നിന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പിലിനെ വിളിച്ചു. തുടര്‍ന്നാണ് ആള്‍മാറാട്ടം നടത്തിയ വിശാഖിനെ ഒഴിവാക്കി യഥാര്‍ത്ഥത്തില്‍ ജയിച്ചവരുടെ പേരുകള്‍ പ്രിന്‍സിപ്പല്‍ സര്‍വകലാശാലക്ക് സമര്‍പ്പിച്ചത്. പ്രിന്‍സിപ്പല്‍ തന്നെ പുറത്തുവിട്ട തിരുത്തിയ ശുപാര്‍ശ അടങ്ങുന്ന ഇ-മെയില്‍ സന്ദേശത്തിന്റെ തീയതി മെയ് 13 ആണ്. പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം വന്നതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ തിരുത്തലുണ്ടായതെന്ന് ഇതിലൂടെ വ്യക്തമാണ്.

എസ്.എഫ്.ഐ നേതാവിന്റെ ആള്‍മാറാട്ട ശ്രമത്തിന് പിന്തുണ നല്‍കിയ പ്രിന്‍സിപ്പല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പ്രതിനിധിയായി സര്‍വകലാശാല സെനറ്റിലേക്ക് മത്സരിക്കാനൊരുങ്ങുമ്പോഴാണ് ആള്‍മാറാട്ട വിവാദം പുറത്തായത്. സംഭവത്തില്‍ പങ്ക് വ്യക്തമായതോടെ പ്രിന്‍സിപ്പലിനെതിരെ സര്‍വകലാശാല നടപടിയെടുത്തേക്കും. ശനിയാഴ്ച ചേരുന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് നടപടി തീരുമാനിക്കും.

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തി മത്സരിക്കുക പോലും ചെയ്യാത്ത നേതാവ് ആള്‍മാറാട്ടത്തിലൂടെ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനാകാന്‍ നടത്തിയ നീക്കം പുറത്തായത് എസ്.എഫ്.ഐക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. സംഭവം കൈവിട്ടുപോകുമെന്ന് കണ്ടതോടെയാണ് ജില്ലാ കമ്മിറ്റിയംഗവും
കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ എ.വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ എസ്.എഫ്.ഐ നിര്‍ബന്ധിതമായത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്ത നേതൃത്വം നിഷേധിക്കാതിരുന്നതും ശ്രദ്ധേയമായി.

സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് എസ്.എഫ്.ഐയുടെ പ്രസ്താവന പറയുന്നത്. തിരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളജില്‍ നിന്ന് സര്‍വകലാശാലയിലേക്ക് അയച്ച യു.യു.സി ലിസ്റ്റിലുളളതെന്ന് അറിഞ്ഞിട്ടും തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ അറിയിക്കുന്നതിനോ തയാറാകാത്ത കുറ്റത്തിനാണ് വിശാഖിനെതിരെ നടപടി
എടുത്തതെന്നും പ്രസ്താവന വിശദീകരിക്കുന്നുണ്ട്.

Advertisment