ഇന്റര്‍നെറ്റ് ആസക്തി രാജ്യത്ത് പകര്‍ച്ചാവ്യാധിയായി മാറുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ധര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, October 1, 2019

തിരുവനന്തപുരം:  പരിധിവിട്ട മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വെര്‍ച്വല്‍ ഗെയിം ഉപയോഗം മൂലമുണ്ടാകുന്ന ആസക്തിയും സ്വഭാവ മാറ്റങ്ങളും രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുകയാണെന്ന് മനഃശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ എ.ബി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലോകേഷ് ശെഖാവത്താണ് ഇതു ചൂണ്ടിക്കാട്ടിയത്. ലഹരി ആസക്തികളില്‍ നിന്ന് മുക്തി ലഭിക്കുന്ന പോലെ ഈ സ്വഭാവ മാറ്റങ്ങളില്‍ നിന്ന് മുക്തി ലഭിക്കാന്‍ പരിഹാര മാര്‍ഗങ്ങള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

‘യുവജനങ്ങള്‍ വലിയ തോതിലാണ് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തികള്‍ക്ക് അടിമപ്പെടുന്നത്. ഇത് അവരെ നിഷ്‌ക്രിയരാക്കുകയും ഒരു സാമൂഹിക പ്രശ്‌നത്തിലേക്കു നയിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു. നാല്‍ട്രെക്‌സോണ്‍ എന്ന മരുന്ന് ഇതു ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ ശെഖാവത്ത് പറഞ്ഞു. അതേസമയം ഈ മരുന്ന് എത്രത്തോളം വിജയിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുകവലി ആസക്തിയില്‍ നിന്ന് മോചനം നല്‍കുന്നതിന് ഉപയോഗിക്കുന്ന നികോട്ടിന്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ മദ്യാസക്തി അടക്കമുള്ളവ ലഘൂകരിക്കാന്‍ നാല്‍ട്രെക്‌സോണ്‍ സഹായകമാകുമെന്നും ഡോ. ശെഖാവത്ത് പറഞ്ഞു.

മദ്യ, മയക്കു മരുന്ന് ആസക്തിയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് ഈ വര്‍ഷം സാമൂഹിക നീതി മന്ത്രാലയവും ദല്‍ഹി എയിംസിലെ നാഷണല്‍ ഡ്രഗ് ഡിപന്‍ഡെന്‍സ് ട്രീറ്റ്‌മെന്റ് സെന്ററും നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഇതൊരു ഗൗരവം കുറഞ്ഞ വിഷയമല്ലെന്നും സംസ്ഥാനത്ത് ആസക്തികള്‍ക്ക് അടിമപ്പെട്ടവര്‍ക്കിടയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ വലിയ ആരോഗ്യ, സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആസക്തികള്‍ക്ക് അടിമപ്പെട്ടവരെ ചികിത്സിച്ചു ഭേദമാക്കുന്നതിനുള്ള ചെലവ് മദ്യവും സിഗരറ്റിന്റേയും വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഉയര്‍ന്നതാണ്. ലഹരി, മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ നയം രൂപീകരിക്കുന്നതിനും നിയമം കൊണ്ടുവരുന്നതിനും സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്നും ഡോ ശെഖാവത്ത് പറഞ്ഞു.

×