Advertisment

എന്താണ് സ്മൃതിനാശം / സ്മൃതിക്ഷയം? ഓർമ്മ പലതരമുണ്ടോ ? ഓർമ്മകൾ എങ്ങനെയാണ് തെളിഞ്ഞു വരുന്നത് ?

author-image
admin
New Update

- ഡോ. എം. സി. വിജയചന്ദ്രദാസ്

ചീഫ് ഫിസിഷ്യന്‍,

ശ്രീ ശങ്കരാ ആയുര്‍വ്വേദ വൈദ്യശാല,

പെരുന്ന, ചങ്ങനാശ്ശേരി.

ഫോൺ: 9846131480

Advertisment

publive-image

എന്താണ് സ്മൃതിക്ഷയം?

ഓർമശക്തി കുറഞ്ഞുവരുന്നതിനാണ് സ്മൃതിക്ഷയം എന്ന് പറയുന്നത്. പ്രായാധിക്യത്തിനനുസരിച്ചോ, മറ്റു പല കാരണങ്ങളാലോ താത്കാലികമായി ഒരു ഓർമക്കുറവു വരുന്നതിനെ സ്മൃതിക്ഷയമായി കണക്കാക്കാൻപാടില്ല.

ഓർമയിൽ വളരെയധികം കുറവ്, ക്രമേണയുള്ള നാശം കണ്ടെത്താൻ കഴിഞ്ഞാൽ മാത്രം അതിനെ സ്മൃതിക്ഷയമായി കണക്കാക്കാം.

സ്മൃതി എന്നാൽ എന്താണ്?

പഠിച്ചിട്ടുള്ളതോ അനുഭവിച്ചിട്ടുള്ളതോ ആയ കാര്യങ്ങൾ വീണ്ടും ആഗ്രഹ പ്രകാരമോ മറ്റേതെങ്കിലും പ്രേരണയാലോ മനസ്സിൽ എത്തുന്നതിനാണ് സ്മൃതി എന്നു പറയുന്നത്.

ഇങ്ങനെ ലഘുവായി പറയാമെങ്കിലും വളരെ സങ്കീർണമായ നാഡീ രാസപ്രവർത്തനങ്ങൾ മസ്തിഷ്കത്തിൽ നടക്കുക വഴിയാണ് ഓരോ ലഘുവായ ഓർമ്മയും തെളിയുന്നത്.

കാഴ്ച, കേഴ്വി, സ്വാദ്, ഗന്ധം, സ്പർശം, ചിന്ത, സങ്കൽപം, വികാരം തുടങ്ങിയവയുടെയെല്ലാം പുനരാവിഷ്കാരം ഓർമ്മയായി രൂപപ്പെടുന്നു.

ഓർമ്മ പലതരമുണ്ടോ?

ഓർമ്മ പ്രധാനമായും രണ്ടു തരമുണ്ട്. ഹ്രസ്വ നേരത്തേക്കുള്ള ഓർമ്മയും, ദീർഘകാലാനുബന്ധിയായ ഓർമ്മയും. ഫോൺ ചെയ്യാൻ തൽകാലത്തേക്ക് ഓർത്തുവയ്ക്കുന്ന ഒരു നമ്പരോ ഉടനെ വാങ്ങിയ ഒരു സാധനത്തിൻ്റെ വിലയോ നാം അൽപനേരത്തേക്ക് ഓർത്തുവയ്ക്കുന്നത് ഹ്രസ്വകാലാനുബന്ധിയാണ്.

എന്നാൽ ദീർഘ സ്മൃതികളാകട്ടെ മനസ്സിൽ ശക്തമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ്.

മിക്കവാറും ഈ ഓർമ്മകൾ നമുക്കുപ്രധാനപ്പെട്ടവയായിരിക്കും. ഉദാഹരണമായി നമുടെകുടുംബത്തെ സംബന്ധിച്ചതോ സുഹൃത്തുക്കളെസംബന്ധിച്ചതോ ആയ കാര്യങ്ങൾ, തൊഴിൽപരമോ, പഠനപരമോ ആയ കാര്യങ്ങൾ, നമ്മുടെ മനസ്സിനെ ആഴത്തിൽസ്പർശിച്ചിട്ടുള്ള സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, ദിനങ്ങൾ ഇവയൊക്കെ നീണ്ടുനിൽക്കുന്ന ഓർമ്മകളാണ്.

ഓർമ്മകൾ എങ്ങനെയാണ് തെളിഞ്ഞു വരുന്നത്?

അനുഭവങ്ങളെ സ്മൃതിയായി തിരിച്ചു വിളിക്കുന്നതിന് പ്രേരക ഘടകങ്ങൾ ആവശ്യമാണ്. ചിലത് ശ്രമിച്ച് ഓർത്തെടുക്കേണ്ടതുണ്ട്. എന്നാൽ മറ്റുചില ഓർമ്മകൾ തനിയെ ഒഴുകിവരും. ചില സാഹചര്യങ്ങളോ സന്ദർഭമോ മതി പ്രേരകമായിട്ട്.

ആരോഗ്യവും ഓർമ്മയുമായിട്ട് ബന്ധമുണ്ടോ?

ശാരീരികവും മാനസികവുമായ ആരോഗ്യം തികഞ്ഞ വ്യക്തിയിൽ ഏകാഗ്രതയോടെയും ആസ്വാദ്യകരവുമായി രേഖപ്പെടുത്തപ്പെട്ട അനുഭവങ്ങൾ പൂർണ്ണതയോടെ ഓർമ്മിക്കപ്പെടും. വൈകാരികമായി ആഴത്തിൽ സ്പർശിക്കപ്പെട്ടവയും ഇങ്ങനെ തന്നെയാണ്.

സ്മൃതിക്ഷയം സംഭവിക്കുന്നത് എങ്ങനെയാണ്?

ഭാവനയുടെ പോരായ്മ, ഉദ്ബോധന സാമഗ്രികളുടെ ന്യൂനത, അയഥാർത്ഥമായ അനുഭവങ്ങൾ ഇവയൊക്കെയും സ്മൃതിക്ഷയത്തിനു കാരണമാണ്. മനസ്സ് പഞ്ചഭൂതാത്മകമാണ്.

മനസ്സിന് മൂന്ന് ഗുണങ്ങളാണ് -

1. സത്വഗുണം

2. രജോഗുണം

3. തമോഗുണം

ശാന്ത ഗുണ പ്രധാനമായ സത്വഗുണത്തിന്റെ വൃദ്ധിയിൽ മനസ്സിന്റെ പ്രവർത്തനങ്ങൾ ശ്രേഷ്ഠമാകുന്നു. എന്നാൽ രജസ്സ് ദുഖാത്മകവും തമസ്സ് അലസതയുമാണ്. ഇവ രണ്ടും ഓർമ്മയെ ദുഷിപ്പിക്കുന്നതാണ്.

സത്വഗുണ പ്രധാനമായ ആഹാര ശൈലിയും ജീവിത ശൈലിയും മനസ്സിൻ്റെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും കാരണമാകുന്നു. എന്നാൽ ശരിയല്ലാത്ത ആഹാര ജീവിത ശൈലികൾ സ്മൃതിക്ഷയത്തിനു കാരണമാകും.

സ്മൃതിക്ഷയത്തിൻ്റെ കാരണങ്ങൾ വാർദ്ധക്യത്തിലെ മസ്തിഷ്ക കോശങ്ങളുടെ അപചയവും കാര്യങ്ങൾ ഗ്രഹിക്കാനുള്ള താത്പര്യക്കുറവും സാമാന്യമായ സ്മൃതിക്ഷഷത്തിനു കാരണമാണ്.

സ്മൃതിക്ഷയം ഭാഗികമോ പൂർണ്ണമോ ആകാം. പെട്ടെന്നുണ്ടാവുന്ന സ്മൃതിക്ഷയം തലച്ചോറിനുണ്ടാകുന്ന ക്ഷതം മൂലമാകാം. അൾഷൈമേഴ്സ് പോലുള്ള രോഗങ്ങളിൽ സ്മൃതിക്ഷയം ക്രമേണയായും പൂർണ്ണമായും ഉണ്ടാകുന്നു.

കൊഴുപ്പ് കുറയ്ക്കാനുള്ള അലോപ്പതി മരുന്നായ സ്റ്റാറ്റിൻ മരുന്നുകൾ പെട്ടെന്ന് സ്മൃതിക്ഷയമുണ്ടാക്കാൻ ഇടയുണ്ട്.

ഏതൊക്കെ രോഗങ്ങളിലാണ് സ്മൃതിക്ഷയമുണ്ടാകുന്നത് ?

മസ്തിഷ്കാഘാതമാണ് പെട്ടെന്ന് സ്മൃതിനാശം സംഭവിക്കാറുള്ള ഒരു രോഗം. മസ്തിഷ്കജ്വരം (meningitis), അപസ്മാരം (epilepsy), രക്തം കട്ടപിടിച്ചുണ്ടാകുന്ന മസ്തിഷ്കശോഷം, മദ്യപാനത്താലുണ്ടാകുന്ന മേധാക്ഷയം (alcoholic dementia), തലയോട്ടിയിലെ മുഴകൾ, കരൾ രോഗങ്ങൾ, ഹോർമോണുമായി ബന്ധപ്പെട്ട രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങളായ കമ്പവാതം, മൾട്ടിപ്പിൾ സ്ക്ളീറോസിസ് തുടങ്ങിയ രോഗങ്ങളും സ്മൃതിനാശത്തിനു കാരണമാണ്.

സ്മൃതിനാശവും പ്രായവും

മറ്റ് ശാരീരീക രോഗങ്ങൾ ഇല്ലെങ്കിൽ 50 വയസ്സിനു മുകളിലേ സ്മൃതിനാശത്തിനു സാധ്യതയുള്ളു.

പാരമ്പര്യം ഒരു ഘടകമാണോ ?

ക്രോമസോം ഘടനയിലുള്ള മാറ്റം മൂലം പാരമ്പര്യമായി സ്മൃതിനാശം കണ്ടുവരാറുണ്ട്.

മാനസിക കാരണങ്ങളാൽ സ്മൃതിക്ഷയം സംഭവിക്കുമോ?

ആഘാതങ്ങൾ / Shock

ആകസ്മികമായ അപകടങ്ങൾ, മരണങ്ങൾ, പ്രകൃതിക്ഷോഭം, പീഡനം, തുടങ്ങിയവയാലുണ്ടാകുന്ന മാനസിക ആഘാതത്താൽ ഓർമ്മ നഷ്ടമാകാം.

മാനസികസമ്മർദം / Stress

ജോലി സംബന്ധമായും മറ്റുമുള്ള പിരിമുറുക്കത്താൽ ഉറക്കകുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രതക്കുറവ് ഇവയാൽ സ്മൃതിക്ഷയം അനുഭവപ്പെടാം.

Advertisment