ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ വിവരാവകാശ അപേക്ഷ ഫീസും രേഖകൾക്കുള്ള ചിലവും അടയ്ക്കാൻ അനുവദിക്കണമെന്ന ഹർജ്ജിയിൽ സംസ്ഥാന സർക്കാരിന് കേരള ഹൈക്കോടതി നോട്ടീസ്

New Update

തിരുവനന്തപുരം:   വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങൾ അപേക്ഷിക്കുന്നതിനുള്ള ഫീസും രേഖകൾക്കുള്ള ചിലവും അടക്കേണ്ട പണം ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ നൽകുവാനും സാധിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിൽ മറുപടി സമർപ്പിക്കുവാൻ ആവശ്യപ്പെട്ട് ഹൈക്കോടതി കേരള സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.

Advertisment

publive-image

വിദേശ ഇന്ത്യക്കാർക്ക് നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ എന്ന സംഘടനയുടെ പ്രസിഡന്റ്‌ അഡ്വ ജോസ് എബ്രഹാം മുഖേനെയാണ് ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസും രേഖകൾക്കുള്ള ചിലവും അടക്കുന്നതിന് ഇന്ത്യൻ പോസ്റ്റൽ ഓർഡറുകൾ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾ അനുവദിക്കണമെന്ന് കേന്ദ്ര മന്ദ്രാലയത്തിന്റെ ഡിപ്പാർട്മെന്റ് ഓഫ് പേർസണൽ ആൻഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവുകളിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെയും അനുവദീനയമല്ല.

ഈ കാരണത്താൽ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി മലയാളികൾക്കാണ് ആവശ്യമായ വിവരങ്ങൾ ലഭിക്കാതിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ നയത്തിൽ കൂടുതലും കഷ്ടത അനുഭവിക്കുന്നത് വിദേശത്തുള്ള പ്രവാസികളാണ്.

വിവരാവകാശ നിയമം മുഖേനെ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനയുള്ള പണമടക്കൽ അസാധുവായ രീതിയാണെന്ന് ചൂണ്ടിക്കാട്ടി പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ നൽകുവാൻ വിസമ്മതം കാണിക്കുന്നത് കേരളത്തിൽ പതിവാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഡിപ്പാർട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് 2013 ൽ ഇലക്ട്രോണിക് ഇന്ത്യൻ പോസ്റ്റൽ ഓർഡർ (ഇ-ഐ.പി.ഒ) സേവനം ആരംഭിച്ചു.

176 ഇന്ത്യൻ എംബസികളിൽ ഈ സേവനം ലഭ്യമാണ്. ഇത് ഇന്ത്യൻ പോസ്റ്റൽ ഓർഡറുകളുടെ നിലവിലുള്ള പ്രാധാന്യത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും നാളിതുവരെയായി കേരള സർക്കാരിന്റെ നയത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അറിയാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്.

ഈ അവകാശം ഫലപ്രദമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളിൽ പറയുന്നു.

ആയതിനാൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ ഫീസും രേഖകൾ നൽകുന്നതിനുള്ള ചിലവും ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ നൽകുന്നത് ഒഴിവാക്കിക്കൊണ്ടുള്ള നിലവിലെ കേരള സർക്കാരിന്റെ നയം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, ഇത് വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തിന് എതിരാണെന്നും പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി.

പ്രവാസി ലീഗൽ സെൽ സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചിരുനെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

ഹർജ്ജി പരിഗണിച്ച ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ മൂന്നാഴ്ചക്കകം മറുപടി സമർപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിന് നോട്ടീസ് അയച്ചു.

സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം എന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഇത് വരെ ഓൺലൈനായി വിവരാവകാശ അപേക്ഷ സമർപ്പിക്കുവാൻ നിലവിൽ സാധ്യമല്ല.

ഈ ആവശ്യമുന്നയിച്ചു വിവരാവകാശ പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രെസിഡന്റുമായ അഡ്വ. ഡി ബി ബിനു നൽകിയ ഹർജ്ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisment