ലത്തീഷ സിവിൽ സർവീസ് പരീക്ഷയെഴുതി, ഓക്സിജൻ സിലിണ്ടറുമായി

പി എൻ മേലില
Monday, June 3, 2019

തോൽക്കാൻ മനസ്സില്ലാത്ത, കരുത്തുറ്റ ഇച്ഛാശക്തിയുടെ പ്രതീകമാണ് എരുമേലി സ്വദേശിനി ലത്തീഷ അൻസാരി. ശരീരത്തെ എല്ലുകൾ പൊടിയുന്ന ബ്രിറ്റിൽ ബോൺ എന്ന അപൂർവ്വരോഗത്തിനടിമയാണ് 26 കാരിയായ ലത്തീഷ.

മുന്നോട്ടുള്ള പ്രയാണത്തിലും പഠനത്തിലും രോഗം ഒരു വിലങ്ങുതടിയാകാൻ ലത്തീഷ അനുവദിക്കാറില്ല. തന്റെ പരിമിതികളെ ദൃഢമായ ഇച്ഛാശക്തികൊണ്ടാണ് അവർ തോൽപ്പിക്കുന്നത്.

എരുമേലി എം.ഇ.എസ് കോളേജിൽനിന്ന് എം.കോം പാസ്സായശേഷം പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് സിവിൽ സർവീസ് കോച്ചിങ് പൂർത്തിയാക്കിയാണ് ഐ എ എസ് ആകണമെന്ന സ്വപനവുമായി ഇന്നലെ തിരുവനന്ത പുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ലത്തീഷ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതിയത്.

ജനനാടായ എരുമേലിയിൽ നിന്ന് രാവിലെതന്നെ കാറിലെത്തി വീൽചെയറിലിരുന്നാണ് പരീക്ഷ എഴുതിയത്.പിതാവ് എരുമേലി പുത്തൻപീടികയിൽ അൻസാരിയും അമ്മ ജമീലയും മകൾക്കൊപ്പം നിഴൽപോലെയുണ്ടായിരുന്നു. അൻസാരി എരുമേലിയിൽ ഹോട്ടൽ നടത്തുകയാണ്.

എരുമേലി കോ ഓപ്പറേറ്റ് ബാങ്കിലെ ജോലിക്കാരികൂടിയായ ലത്തീഷയ്ക്കു കലശലായ ശ്വാസതടസ്സവുമുണ്ട്. വലിയ ഓക്സിജൻ സിലിണ്ടർ കൂടെക്കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പരീക്ഷാഹാളിൽ ചെറിയ സിലിണ്ടർ അനുവദിക്കണമെന്ന ലത്തീഷയുടെ അഭ്യർത്ഥന പരിഗണിച്ചു് സർക്കാരനുവദിച്ച പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുമായാണ് ലത്തീഷ സന്തോഷവതിയായി പരീക്ഷയെഴുതി മടങ്ങിയത്.

ലത്തീഷ സിവിൽ സർവീസ് പരീക്ഷയെഴുതിയ വാർത്ത ഇന്ന് ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു രോഗത്തിനും തന്റെ ലക്ഷ്യത്തെ തകർക്കാനാകില്ലെന്നുറച്ചു വിശ്വസിക്കുന്ന ലത്തീഷയുടെ ഐ എ എസ് മോഹം പൂവണിയട്ടെയെന്ന് നമുക്കും ആശംസിക്കാം.

 

×