Advertisment

ചക്ക അമൂല്യമാവുന്നു ! വെറുതെ പൊഴിഞ്ഞുവീഴാന്‍ സമ്മതിയ്ക്കില്ല. മുയലുകള്‍ക്ക് പ്ലാവിന്‍ ചോട്ടില്‍ കളിയ്ക്കാം !

author-image
admin
New Update

- അഗ്നിഹോത്രി

Advertisment

''ഇത് ആ വടക്കേപറമ്പിലെ കരോട്ടേ തൊട്ടിയിലെ ചക്കി പ്ലാവിന്റെ ചക്കപ്പുഴുക്ക് ആണല്ലോ. ആരാ കുട്ടനാണോടീ ഇട്ടോണ്ട് വന്നത്. പഴുപ്പിയ്ക്കാന്‍ രണ്ടെണ്ണം കയറുകെട്ടി ഇറക്കാന്‍ പറയാരുന്നില്ലേ അവനോട്'' - വൈകുന്നേരം നാലുമണിയ്ക്ക് ഔസേപ്പ് മാപ്പിള നല്ല ചൂട് ചക്കപ്പുഴുക്ക് മാങ്ങാച്ചമ്മന്തി കൂട്ടി കഴിച്ചോണ്ട് അന്നമ്മച്ചേടത്തിയോട് ചോദിച്ചു.

'' പഴുപ്പിയ്ക്കാനും വറക്കാനും കൂടി ചക്ക ഇട്ടിട്ടുണ്ട് അവന്‍'' - ചേടത്തി പറഞ്ഞു.

കുട്ടന്‍ ചക്കയിടാന്‍ പോയ കഥയൊന്നും ഔസേപ്പ് മാപ്പിളയ്ക്ക് അറിയത്തില്ലായിരുന്നു. പെങ്ങടെ വീട്ടില്‍ പോയിട്ട് വരുവാരുന്നു പുള്ളിക്കാരന്‍.

publive-image

ഈ വക വര്‍ത്താനങ്ങള്‍ നാലു ദശകങ്ങള്‍ മുന്‍പ് വരെ കേരളത്തിലെ അടുക്കളയില്‍ നിന്ന് കേള്‍ക്കാമായിരുന്നു. സാഹചര്യം പോലെ അല്പസ്വല്പം മാറ്റം ഉണ്ടാവുമെന്നു മാത്രം.

ഇന്ന് ചക്കപ്പുഴുക്ക് ഉണ്ടാക്കാന്‍ ആര്‍ക്കാ നേരം. വലിയ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കി ഉണ്ടാക്കിയിരുന്ന ഈ നാടന്‍ പുഴുക്ക് സമയം മെനക്കെടുത്തുന്നതാണന്ന് പറഞ്ഞ് ഇന്നത്തെ പെണ്ണുങ്ങളൊന്നും ഈ പണിയ്ക്ക് തയ്യാറാകില്ല.

പറമ്പുകള്‍ക്ക് വിശാലതയില്‍ വിരിഞ്ഞ ഭൂതകാലമുണ്ടായിരുന്നു. ഓരോ തൊട്ടിയിലും നില്‍ക്കുന്ന പ്ലാവുകള്‍ക്കും മാവുകള്‍ക്കും പേരും ഉണ്ടാകും. ചക്കപ്പുഴുക്ക് കഴിച്ചപ്പോള്‍ ഔസേപ്പ് മാപ്പിള കൃത്യമായി ചോദിച്ചില്ലേ. ഒരേ പറമ്പില്‍ നില്‍ക്കുന്ന പ്ലാവുകളാണങ്കില്‍ കൂടി പല രുചികളുള്ള ചക്കകളായിരിയ്ക്കും ഉണ്ടാകുന്നത്.

publive-image

ചക്കപ്പുഴുക്കിന്റെ ജനപങ്കാളിത്തം

ഉച്ചയൂണുകഴിഞ്ഞ് അടുക്കളപ്പുറത്തെ തളത്തില്‍ (പഴയ വര്‍ക്ക് ഏരിയ) വീട്ടിലെ സ്ത്രീകളെല്ലാവരും കൂടിചേര്‍ന്നാണ് നാലുമണികാപ്പിയ്ക്ക് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നത്. രാവിലത്തെ കാപ്പികുടിയ്ക്കിടയില്‍ അമ്മച്ചിയുടെ നിര്‍ദ്ദേശം വരും.

'' ലിസീ, കാപ്പികുടികഴിഞ്ഞ് നടുത്തൊട്ടിയിലെ അതിരേല്‍ നില്‍ക്കുന്ന ചെറിയ പ്ലാവിലെ ചക്ക മൂത്തത് നോക്കി രണ്ടെണ്ണം ഇട്ടു വച്ചേരെ. വൈകൂന്നേരം പുഴുങ്ങണ്ടതാ.''

'' അമ്മച്ചീ..!''

''കിണുങ്ങണ്ട പെണ്ണേ.! വൈകിട്ട് വല്ലതും തിന്നണേ മതി''

മുറ്റം നിറയെ പിള്ളേരുണ്ടായിരുന്നു അന്നൊക്കെ ഓരോവീട്ടിലും. ലിസി എളേത്തുങ്ങളെയും കൂട്ടിനുവിളിച്ച് അരിവാതോട്ടി എടുക്കുമ്പോഴേയ്ക്കും വരാന്തയില്‍ ഉറക്കത്തിലായിരുന്ന കൈസര്‍ ചാടി മുന്നിലിറങ്ങിയിരിയ്ക്കും. ചക്ക ഇടാന്‍ പോകുന്ന ഘോഷയാത്ര നയിയ്ക്കുന്നത് കൈസറാണ്. പറമ്പ് ആകെ ഇളക്കിമറിയ്ക്കും പിള്ളേരും കൈസറും കൂടി.

ഇതിനിടയില്‍ ചക്ക ചെത്തിതാഴത്തിട്ടിരിയ്ക്കും ലിസി. ചക്കയും കൊണ്ട് ഘോഷയാത്ര വീട്ടിലെത്തും മുന്‍പ് കൈസര്‍ അമ്മച്ചിയുടെ അടുത്തെത്തും. താനാണ് ചക്ക ഇട്ടതെന്ന ഭാവമാ അവന്റെ മുഖത്തപ്പോള്‍. ഉച്ചയൂണും പാത്രം മെഴുക്കലും കഴിഞ്ഞ് അമ്മച്ചിയുടെ നേതൃത്വത്തില്‍ ചക്ക പുഴുങ്ങാനുള്ള പരിപാടി ആരംഭിയ്ക്കും.

ചാക്കിനു മുകളിലേയ്ക്ക് ചക്ക എടുത്ത് വച്ച് കോടാലി കൊണ്ട് നടുഭാഗം വട്ടത്തില്‍ വരയും. എന്നിട്ട് കോടാലി ഉയര്‍ത്തി ഒറ്റ വെട്ട്.! ചക്ക രണ്ട് കഷണം. മുറിച്ച രണ്ട് കഷണം നീളത്തില്‍ വരഞ്ഞ് വെട്ടി നാലുകഷണമാക്കും. ചക്കയുടെ വലിപ്പമനുസരിച്ച് വീണ്ടും ചെറിയ കഷണങ്ങളാക്കും. രണ്ട് ചക്കയൊക്കെ ഒന്നിച്ച് പുഴുങ്ങുന്ന വീടുകള്‍ ധാരാളം. കഴിയ്ക്കാന്‍ ആളുകള്‍ ഉണ്ടല്ലോ.

ഈ ചെറിയ കഷണങ്ങള്‍ മടലുചെത്തി ഒരാള്‍ മുറത്തിലേയ്ക്കിടും. മുറത്തിനു ചുറ്റും വട്ടത്തില്‍ ഇരിയ്ക്കുന്ന പെണ്ണുങ്ങളും പിള്ളേരും ചിലപ്പോള്‍ അയലോക്കത്തുനിന്നും ''ഓ..ചുമ്മാ ഇറങ്ങിയതാണേ'' എന്ന് പറഞ്ഞ് നിത്യസന്ദര്‍ശനം നടത്തുന്ന പെണ്ണമ്മയും വിലാസിനിയും ഒക്കെകൂടി ചക്കച്ചുള അടര്‍ത്തിയെടുത്ത് ചകിണിയും ചക്കക്കുരുവും മാറ്റി അരിയാന്‍ പാകത്തിലാക്കികൊടുക്കും.

പരന്ന് കനംകുറഞ്ഞ് അറ്റം വളഞ്ഞിരിയ്ക്കുന്ന 'നമ്പിക്കത്തി' എന്ന വിളിപ്പേരുള്ള കത്തികൊണ്ട് മൂന്നാലുപേര് ചേര്‍ന്ന് ചക്കച്ചുള തുരുതുരെ അരിഞ്ഞുതീര്‍ക്കും. ഇതിനിടയില്‍ ഒരാള് പോയി തേങ്ങ പൊതിച്ച് ചുരണ്ടും.

വേറൊരാള്‍ വാച്ചിലില്‍ നില്‍ക്കുന്ന എരിവുകൊണ്ട് കരണം പൊട്ടിയ്ക്കുന്ന കാന്താരിമുളകും, കന്നുകാലിക്കൂടിനു മുകളിലേയ്ക്ക് ചാഞ്ഞ്, സമൃദ്ധമായി കായ്ച്ച് കിടക്കുന്ന മൂവാണ്ടന്‍ മാവില്‍ നിന്നും മാങ്ങയും, കോഴിക്കൂടിനു പുറകില്‍ നില്‍ക്കുന്ന കൊച്ചുകരിയാപ്പില്‍ നിന്ന് കരിയാപ്പിലയും പറിച്ചോണ്ട് വരും .

publive-image

ചക്കയ്ക്ക് കൂട്ടാന്‍ അന്നൊക്കെ മാങ്ങാച്ചമ്മന്തി ആയിരിയ്ക്കും മിയ്ക്കയിടത്തും. കാന്താരി വച്ചരച്ച മാങ്ങാച്ചമ്മന്തി ചക്കപ്പുഴുക്കിനോട് ചേര്‍ത്ത് വച്ചതാരായിരിയ്ക്കും.!

ചക്കപ്പുഴുക്കിനോട് കൂടി കഴിയ്ക്കാന്‍ വേറെ ഒരു കിടിലന്‍ ഐറ്റവും അമ്മച്ചിയുടെ അടുത്തുണ്ടാവും. തലേ വര്‍ഷം, വലിയ ചീനഭരണിയിലെ ഉപ്പില്‍ കിടന്ന് യൗവ്വനം നഷ്ടപ്പെട്ട് ചുക്കിച്ചുളിഞ്ഞിട്ടും സ്വത്വം നഷ്ടപ്പെടുത്താതെ അതിശയിപ്പിയ്ക്കുന്ന പുതിയ രുചിയിലവതരിയ്ക്കുന്ന നാട്ടുമാങ്ങ.

ഉപ്പുമാങ്ങ ചെറുതായി കീറി മുറിച്ച്, കാന്താരിമുളകും ചുവന്നുള്ളിയും കൂട്ടി അടപലകയില്‍ വച്ച് മരത്തവികൊണ്ട് ചതച്ച് വെളിച്ചെണ്ണയൊഴിച്ച ഉപ്പുമാങ്ങ ചമ്മന്തി..!

ഈ സമയത്തിനുള്ളില്‍ വലിയ അലുമിനിയം ചരുവത്തിലോ ചെമ്പ് ചെരുവത്തിലോ ചക്ക വേവും. ചക്കയ്ക്കുള്ള തേങ്ങാ, കാന്താരി, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, കുരുമുളക് എല്ലാം ചേര്‍ത്ത് അരച്ച് കഴിയുമ്പോള്‍ ചക്ക വെന്ത് പാകമാകും.

വെന്ത ചക്കയുടെ നടുക്ക് തവിക്കണകൊണ്ട് കുഴിയുണ്ടാക്കി അരപ്പും കരിയാപ്പിലയും കൂടി അതിലിട്ട് ചെറുതീയില്‍ ഒന്ന് ആവികേറ്റും.

ചക്കപ്പുഴുക്കിന്റെ കൊതിപ്പിയ്ക്കുന്ന മണം അടുക്കളയിലാകെ പരത്തിയ ശേഷം വീടിന്റെ മുക്കിലും മൂലയ്ക്കും പോയി ഉച്ചയൂണും കഴിഞ്ഞ് മയങ്ങുന്നവരെ ഉണര്‍ത്തി അടുക്കളയിലെത്തിയ്ക്കും. പിന്നെ ആ മണം മുറ്റത്തേയ്ക്കും പറമ്പിലേയ്ക്കും പിച്ച വയ്ക്കും.

ഞാലിപ്പൂവന്‍ വാഴയിലയുടെ പച്ചപ്പിലേയ്ക്ക് ആവിപറക്കുന്ന മഞ്ഞനിറത്തിലുള്ള ചക്കപ്പുഴുക്ക് വിളമ്പുമ്പോള്‍ ആ ചൂടില്‍ വാടുന്ന വാഴയിലയുടെ വശ്യസുഗന്ധം മാങ്ങാച്ചമ്മന്തിയില്‍ അലിഞ്ഞ് ചക്കപ്പുഴുക്ക് കാലിയാകും. ചിലപ്പോള്‍ മാങ്ങാച്ചമ്മന്തിയ്ക്ക് പകരം കടുമാങ്ങാ അച്ചാറാകും.

മധുരമിടാത്ത ആവിപറക്കുന്ന കട്ടന്‍ കാപ്പി കോപ്പയില്‍ നിന്നും ഊതിയൂതി കുടിയ്ക്കുമ്പോള്‍, കാന്താരിയുടെ എരിവും ചക്കപ്പുഴുക്കിന്റെ ചൂടും കൂടി വിയര്‍പ്പിയ്ക്കും.

വറുതിയുടെ കാലത്ത് ചക്കയും ചക്കക്കുരുവും കപ്പയു കിഴങ്ങും താളും തകരയും അമൃതായിരുന്നു. ആണ്ടുതോറും പെറ്റിടുന്ന കുട്ടികള്‍ക്ക് അകത്തോട്ടിടാന്‍ വേറെ എന്നാ വഴി. ആളുകള്‍ തമാശായും എന്നാലൊട്ടു കാര്യത്തോടെയും പറയുമായിരുന്നു.

' ചക്കേം മാങ്ങേം മുന്നുമാസം,

കപ്പേം കിഴങ്ങും മൂന്നുമാസം,

താളും തകരേം മൂന്നുമാസം,

അങ്ങനേം ഇങ്ങനേം മൂന്നുമാസം..''

കേരളജനതയുടെ ഒരു വര്‍ഷത്തെ ഭക്ഷണക്രമത്തെ എത്ര ലളിതമായാണ് പറഞ്ഞത്. ചില പദ വ്യത്യാസങ്ങളോടെ പലയിടത്തും ഇതിന്റെ പ്രയോഗം കേട്ടിട്ടുണ്ട്.

publive-image

പ്ലാവും ചക്കയും

മലയാളിയ്ക്ക് ചക്ക എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരുതരം അവഞ്ജ മാറിയിരിയ്ക്കുന്നു. കേരളത്തിന്റെ ദേശീയ ഫലമെന്ന സ്ഥാനലബ്ധിയ്ക്ക് പുറമേ ക്യാന്‍സറിന്റെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, വേദനകള്‍ ഒക്കെ കുറയ്ക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഈ ഫലത്തിന് കഴിയുമെന്ന് വൈദ്യശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു.

പ്ലാവിനും ചക്കയ്ക്കും മലയാളികളുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. ലക്ഷണമൊത്ത പ്ലാവിന്റെ കാതലില്‍ കൊത്തിയെടുത്ത ദേവ വിഗ്രഹങ്ങള്‍ ചിന്താട്ടമാടുന്നുണ്ട് കേരളത്തില്‍. ഗണപതി ഹോമത്തിനും മറ്റ് ഹോമങ്ങള്‍ക്കും ഹിന്ദുക്കള്‍ പ്ലാവിന്‍ വിറക് ഉപയോഗിച്ചുവരുന്നു.

പ്ലാവിന്റെ തടി, ഫര്‍ണിച്ചറുകള്‍,ജന്നല്‍ പാളികള്‍, വാതിലുകള്‍, കാല്‍പെട്ടി, പത്താഴങ്ങള്‍, പറ, ചങ്ങഴി, നാഴി, ക്ഷേത്ര വാദ്യോപകരണങ്ങള്‍ തുടങ്ങിയവയ്ക്കായി ഉപയോഗിയ്ക്കുന്നുണ്ട്.

പറമ്പ് നിറയെ പ്ലാവുകളായിരുന്നു കേരളത്തില്‍. ഒന്നും രണ്ടും പത്തുമല്ല, ഇരുപതും അറുപതും നൂറും പ്ലാവുകള്‍ പത്തുമുപ്പത് മീറ്റര്‍ ഉയരത്തിലങ്ങനെ തണല്‍ വിരിച്ചിരുന്ന പുരയിടങ്ങള്‍. മുന്നൂറ്ററുപത്തഞ്ച് ദിവസവും കരിപ്പച്ച നിറത്തിലുള്ള ഇലകള്‍ കൊണ്ട് സമൃദ്ധമായിരുന്നു ഈ വൃക്ഷം.

പക്ഷികളും മൃഗങ്ങളും വഴിയായിരുന്നു പ്രജനനം കൂടുതലും നടക്കുക. പറമ്പിന്റെ അതിരുകളില്‍ ചക്കക്കുരു പാകി കിളിപ്പിയ്ക്കുകയും ചെയ്യും. കൂടുതലും വരിയ്ക്ക പ്ലാവുകളായിരുന്നു ഇങ്ങനെ കിളിപ്പിച്ചിരുന്നത്. വരിയ്ക്ക പ്ലാവിന്റെ കുരു പാകി ഉണ്ടായ പ്ലാവില്‍ വിരിഞ്ഞ കൂഴച്ചക്കയുടെ കഥയും നാട്ടില്‍ പാട്ടായിട്ടുണ്ട്.

വൃശ്ചികമാസത്തോടെ പ്ലാവിന്റെ തടിയോട് ചേര്‍ന്ന് പൊട്ടുന്ന കിളുപ്പുകളിലും എകരങ്ങളിലും(ശിഖരം) ചക്ക വിരിയാന്‍ തുടങ്ങും.പ്ലാവിന്റെ അടിമുതല്‍ മുകളില്‍ വരെ ചിലപ്പോള്‍ ചക്ക വിരിയും. ഒരു കിളുപ്പില്‍ നാലും അഞ്ചും ചക്കകള്‍ ഉണ്ടാകും.

ഇളം പച്ചനിറത്തിലും മങ്ങിയ ഓട്ടുപാത്രത്തിന്റെ നിറത്തിലുള്ളളതും ആയിരിയ്ക്കും ചക്കകള്‍ കൂടുതലും. ചക്കയുടെ വേവും രുചിയും പലപ്പോഴും ഒന്നിനൊന്ന് വ്യത്യസ്തവും ആകാം. ചുളയുടെ വലിപ്പത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ.

ചക്കച്ചുള ചിലപ്പോള്‍ ക്രീം നിറത്തിലും ഇളം ചുവപ്പ് നിറത്തിലും, വെളുത്തനിറത്തിലും കാണാറുണ്ട്. പഴുക്കുമ്പോള്‍ മഞ്ഞനിറവും ചെറിയ ചുവപ്പ് നിറവും ഉണ്ടാവും. തേനിറ്റുവീഴുന്ന ചക്കപ്പഴം വയറുപൊട്ടുന്നതുവരെ കഴിച്ചുപോകും.

ചക്ക പഴുത്താല്‍ നാടുമുഴുവന്‍ അറിയും. ചക്കപ്പഴം തിന്നിട്ട് വരുന്നവര്‍ അടുത്തെത്തും മുമ്പുതന്നേ മണം വരും.

ചക്കപ്പുഴുക്കും ചക്കവറത്തതും, ചക്കപ്പഴം വരട്ടിയതും, പൂച്ച പുഴുങ്ങിയതും (അരിപ്പൊടിയില്‍ ചക്കപ്പഴവും ഉരുക്കിയ ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച് കുമ്പിളുകൂട്ടിയ ഇടനയിലയില്‍ നിറച്ച് അപ്പച്ചെമ്പില്‍ വച്ച് പുഴുങ്ങും. ഇത് വേകുന്ന മണം ഏഴുകടലും കടന്നുപോകും. മണത്തിനാണോ രുചി, പൂച്ച പുഴുങ്ങിയതിനാണോ രുചി എന്ന് പറയാന്‍ പറ്റത്തില്ല)

publive-image

ചക്ക ചേര്‍ത്ത അവിയലും ചക്ക എരിശ്ശേരിയും ഇടിച്ചക്ക തോരനും ചക്കപ്പഴ പ്രഥമനും മലയാളിയുടെ മാത്രം രുചിസാമ്രാജ്യത്തിലെ സാമന്തരാകുന്നു.

ചക്കക്കുരു കൊണ്ട് മെഴുക്കുപുരട്ടി, തോരന്‍, വറത്തരച്ചത്, ചക്കക്കുരുമാങ്ങാക്കറി, ചക്കയുടെ കൂഞ്ഞില് കൊണ്ട് മെഴുക്കുപുരട്ടി, വറത്തരച്ചകറി, ചക്കക്കുരുവിന്റെ പുറംതോട് ഉപ്പും കുരുമുളക് പൊടിയും തൈരില്‍ ചാലിച്ചതില്‍ മുക്കി ഉണക്കിയ കൊണ്ടാട്ടവും കൊണ്ട് അടുക്കളയില്‍ പത്താം ഉത്സവമായിരിയ്ക്കും ചക്കയുടെ സീസണ്‍ കഴിയുന്നതു വരെ.

ചക്കയുടെ മടലും ചകിണിയും ചക്കക്കുരുവിന്റെ തോടും കന്നുകാലികള്‍ ആര്‍ത്തിയോടെ കഴിയ്ക്കും. പ്ലാവില ആടിന് വളരെ ഇഷ്ടമുള്ള തീറ്റയാണ്. പോഷകസമ്പുഷ്ടമായതിനാല്‍ കറവയുള്ള ആടുകള്‍ പാല് കൂടുതല്‍ ചുരത്തുകയും ചെയ്യും. പച്ച പ്ലാവിലയ്ക്കാണ് ഈ ഗുണം. വാതരോഗികള്‍ കുഴമ്പ് ശരീരത്ത് തേച്ച് പഴുത്ത പ്ലാവില ചൂടാക്കി പിടിച്ചാല്‍ രോഗശമനം ഉണ്ടാവും.

പഴുത്ത കണിവെള്ളരിയുടെ നിറത്തിലുള്ള പഴുത്ത പ്ലാവില കാണാന്‍ നല്ല രസമാണ്. പ്ലാവില കോട്ടി കഞ്ഞികുടിയ്ക്കുന്നത് ശീലമായിരുന്നു മലയാളിയ്ക്ക്. പ്ലാവില ഞെട്ട് അരച്ചിട്ടാല്‍ പഴുതാര വിഷത്തിന് ശമനവും കിട്ടും.

പുരയിടങ്ങളുടെ പഴയ ഹരിതാഭ ഇല്ലാതായി, പുരയിടങ്ങള്‍ ഇടിച്ചു നിരത്തി, കീറി മുറിച്ച് വിറ്റ് കാശാക്കി, വൃക്ഷങ്ങള്‍ വ്യാപകമായി മുറിച്ചു. പ്ലാവുകളുടെ എണ്ണം കുറഞ്ഞു. പകരം പ്ലാവ് നട്ടുപിടിപ്പിയ്ക്കാന്‍ രാജാക്കന്‍മാരും ഇല്ല.വഴിയോരങ്ങളില്‍ ഇന്നും തണല്‍ വിരിച്ചുനില്‍ക്കുന്ന പ്ലാവുകളില്‍ പലതും രാജഭരണകാലത്തെ ഈടുവയ്പുകളാണല്ലോ.

ജന്തുജാലങ്ങള്‍ക്കും ചക്ക വിശപ്പാറ്റി പോരുന്നു.അണ്ണാനും പക്ഷികളും മരപ്പട്ടിയും വാവലും ഒക്കെ ചക്കപ്പഴം കഴിയ്ക്കാനായി പ്ലാവില്‍ കയറും. ചക്കപ്പഴം ഞെട്ടറ്റ് ചിന്നിച്ചിതറി പ്ലാവിന്‍ ചുവട്ടില്‍ വീണാല്‍ അട്ടകളും പുഴുക്കളും മണിയനീച്ചകളും ആര്‍ത്തുവിളിച്ചെത്തും.

മുയലുകള്‍ക്ക് മരത്തേല്‍ കയറാന്‍ പറ്റാത്തതുകൊണ്ട് താഴെവീഴുന്ന ചക്കപ്പഴം തിന്നാന്‍ പാത്തും പതുങ്ങിയും വരും. ചക്കപ്പഴം തിന്നാന്‍ പാത്തിരുന്ന ഒരു മുയലിന്റെ തലയില്‍ ചക്കവീണ് മുയല്‍ ചത്ത കഥ കേട്ടിട്ടില്ലേ.!

ഇടിച്ചക്ക പരുവം ആകുമ്പോള്‍ ചക്ക കച്ചവടക്കാരെത്തി ചക്കകള്‍ മൊത്തം വിലപറഞ്ഞ് കൊണ്ടുപോകുന്നു.

നാട്ടിന്‍പുറത്ത് മൊളഞ്ഞീന്‍ പറ്റിച്ച് കറങ്ങിനടന്ന്, പട്ടണങ്ങളിലേയ്ക്കും അന്യ ജില്ലകളിലേയ്ക്കും അന്യ സംസ്ഥാനങ്ങളിലേയ്ക്കും വിദേശരാഷ്ട്രങ്ങളിലേയ്ക്കും വണ്ടികയറി പോകുന്ന ചക്ക കിട്ടാക്കനിയാകുമോ എന്ന ആശങ്ക മലയാളികള്‍ക്ക് തോന്നി തുടങ്ങി.

അധികം പടരാത്തതും വലിപ്പം വയ്ക്കാത്തതും എന്നാല്‍ ധാരാളം ഫലം തരുന്നതുമായ പ്ലാവിന്‍ തൈകള്‍ നഴ്സറികളില്‍ നിന്നും വാങ്ങി നടുന്നു.

പ്ലാവിന്റെ വേരുമുതല്‍ തടിയും ഇലയും ചക്കയും വരെ ഉപയോഗയോഗ്യമല്ലേ. ചക്കമൊളഞ്ഞീന്‍ ഉരുക്കി പൊട്ടിയതും തുളകള്‍ വീണതുമായ പാത്രങ്ങള്‍ ഒട്ടിച്ച് ചേര്‍ക്കാനും അടയ്ക്കാനും ഉപയോഗിയ്ക്കാം.

ചക്ക മടല്‍ വൃത്താകൃതിയില്‍ ചെത്തിയെടുത്ത് ചക്രമാക്കി,ഈര്‍ക്കിലികൊണ്ട് ആക്സിലുണ്ടാക്കി കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കളിവണ്ടിഉണ്ടാക്കി കൊടുക്കുന്നതോടെ ഒരു ചക്ക പൂര്‍ണമായും ഉപയോഗിച്ചുകഴിയും.

പ്ലാവിന് കല്പപവൃക്ഷ പദവി കല്പിച്ച് കൊടുക്കേണ്ട സമയം കഴിഞ്ഞിരിയ്ക്കുന്നു. ചക്കമേള നടത്തി നമുക്ക് ആ പദവി അങ്ങ് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചാലോ.!

ചക്കച്ചുളകള്‍

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും !

അക്കരെ പോത്തുവെട്ടി, ഇക്കരെ മണം വന്നു.

ചക്കവീണ് മുയല് ചത്തു.

കൊത്തച്ചക്കയ്ക്കുപ്പുണ്ടോ. (വിഷുപ്പക്ഷി)

Advertisment