/sathyam/media/post_attachments/ulKDO4JTkUch7NX3exwe.jpg)
തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട ഏത് രേഖയും അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറെന്ന് റവന്യൂമന്ത്രി കെ രാജന്‍. രേഖകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മുന്‍ റവന്യുമന്ത്രി അറിഞ്ഞാണ് മരംമുറി ഉത്തരവ് ഇറക്കിയത്. കര്‍ഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. സിപിഐ പ്രതിരോധത്തില്‍ അല്ലെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നെന്നും എന്നാല്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുക ആയിരുന്നെന്നും വനം മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു. 2020 ഒക്ടോബറില്‍ റവന്യുപ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവാണ് കോളിളക്കം ഉണ്ടാക്കിയത്. ഉത്തരവിറക്കും മുമ്പെ നിരവധി തവണ വനം-റവന്യുവകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നു.
64 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യുവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്. പക്ഷെ ചന്ദ്രശേഖരൻ മരംമുറിക്ക് അനുവാദം നൽകാൻ റവന്യുപ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകി. മാത്രമല്ല മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന അത്യന്തം വിവാദമായ ഭാഗം ഉത്തരവിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മന്ത്രിയുടെ കുറിപ്പിന് മുമ്പും ശേഷവും റവന്യുവകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശവും നിയമവകുപ്പിന്‍റെ ഉപദേശവും വാങ്ങണമെന്നും നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതുണ്ടായില്ല. ഫയലിൽ ഒരുഘട്ടത്തിൽ ചന്ദ്രശേഖരനും നിയമോപദേശം വാങ്ങുന്നത് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നുമില്ലാതെ തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.