കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാംന്തുരുത്തിൽ സെറിബ്രൽ പാൾസി രോഗം ബാധിച്ചു തളർന്നു കിടക്കുന്ന കുട്ടിയുടെയും കുടുംബത്തിന്റെയും വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നടപ്പാത അയൽവാസി വേലി കെട്ടി അടച്ചതായി പരാതി.
എഴുമാംന്തുരുത്ത് മേലേപ്പറമ്പിൽ റെജിമോൻ എന്നയാളുടെ വീട്ടിലേയ്ക്കുള്ള നടപ്പാതയാണ് അയൽവാസിയായ കുട്ടോമ്പുറത്ത് കനകാംബരൻ എന്നയാളും വടയാർ സ്വദേശിയായ സുഹൃത്തും കൂടി വേലി കെട്ടി അടച്ചത്.
റെജിമോനും കുടുബാംഗങ്ങളും വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നടപ്പാതയാണ് കഴിഞ്ഞ ദിവസം വേലി കെട്ടി അടച്ചു ഒരു കുടുംബത്തിന്റെ മുഴുവൻ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയത്.
ഭാര്യയും മകളും മകനും അടങ്ങുന്നതാണ് റെജിമോന്റെ കുടുംബം. അദ്ദേഹത്തിന്റെ 16 വയസ്സ് പ്രായമുള്ള മകൾ സെറിബ്രൽ പാൾസി രോഗം ബാധിച്ചു തളർന്ന് കിടപ്പിലാണ്. അയൽവാസി വേലി കെട്ടി നടപ്പാത അടച്ചതോട് കൂടി ഈ കുടുംബത്തിന് ഏത് ആവശ്യത്തിനും പുറത്തോട്ട് ഇറങ്ങുന്നതിനുള്ള ഏക മാർഗ്ഗമാണ് അടഞ്ഞുപോയത്.
വീടിന് സമീപം ഒരു ചെറിയ തട്ടുകട നടത്തി അതിൽ നിന്നും കിട്ടുന്ന തുശ്ചമായ വരുമാനത്തിലാണ് റെജിമോനും കുടുംബവും കഴിഞ്ഞു പോരുന്നത്. സ്വന്തമായി കെട്ടുറപ്പുള്ള ഒരു വീടില്ലാതിരുന്ന ഇവർക്ക് ഈ വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് അനുവദിച്ചു കിട്ടിയ വീടിന്റെ പണികൾ നടന്നുവരികയായിരുന്നു.
അതിനിടയിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിന്റെ ഫലമായി താത്കാലികമായി വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവക്കേണ്ടതായി വന്നു. അതിനിടയിലാണ് വഴി കെട്ടി അടച്ചത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ നടപ്പ് വഴിയോട് ചേർന്നുള്ള സ്ഥലം കനകാംബരൻ എന്ന വ്യക്തി സ്വന്തമാക്കിയതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ നടവഴിയും പ്രദേശവാസികളായ ഒട്ടുമിക്ക ആളുകളും ഉപയോഗിച്ചുകൊണ്ടിരുന്നതുമായ എഴുമാംകായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാം കടവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുളിക്കടവും കയ്യേറുന്നതിനുള്ള നിരന്തര ശ്രമങ്ങൾ നടന്നത്.
അതിന്റെ തുടർച്ചയാണ് ഈ കുടുംബത്തിന്റെ നടപ്പ് വഴി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു പൂർണ്ണമായ രീതിയിൽ അടച്ചു കെട്ടിയത്. രോഗം ബാധിച്ചു തളർന്ന് കിടക്കുന്ന മകളുടെ ചികിത്സാ ആവശ്യത്തിനോ മറ്റ് കാര്യങ്ങൾക്കോ വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോകുന്നതിനോ തിരികെ വരുന്നതിനോ ഉള്ള ഏക മാർഗ്ഗമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
എല്ലാ മഴക്കാലത്തും വെള്ളപ്പൊക്ക കെടുതിയിൽ പെടുന്ന പ്രദേശമായതിനാൽ മേൽപ്പറഞ്ഞ നടപ്പാത പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിലും ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
കടുത്തുരുത്തി പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ഒപ്പം ജില്ലാ കളക്ടർക്കും പരാതി നൽകിയ കുടുംബം അധികൃതരുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
(ആദ്യചിത്രത്തിൽ പച്ചനെറ്റ് കെട്ടി നടപ്പാത തടഞ്ഞിരിക്കുന്നത് കാണാം. അതിനപ്പുറം മാസ്ക്ക് ധരിച്ചുനിൽക്കുന്നതാണ് പരാതിക്കാരാനായ റജിമോൻ. അവിടെ അവർക്ക് പഞ്ചായത്തിൽനിന്നും അനുവദിച്ച വീടിൻ്റെ തറ കെട്ടിയിരിക്കുന്ന സ്ഥലത്താണ് അദ്ദേഹം നിൽക്കുന്നത്. അതിനു തൊട്ടപ്പുറം കാണുന്നതാണ് റജിമോന്റെ തറവാട്. അവിടെയാണവരിപ്പോൾ താമസം.)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us