എം.ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിട്ട് എസ്.എഫ്.ഐ

New Update

കോട്ടയം:  എം.ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചിട്ടും അക്രമം അഴിച്ചുവിട്ട് എസ്.എഫ്.ഐ. വോട്ട് ചെയ്യാന്‍ എത്തിയ കെ.എസ്.യു - എം.എസ്.എഫ് പ്രവര്‍ത്തകരെ അടക്കം തിരഞ്ഞുപിടിച്ച് ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം തടയാനെത്തിയ പൊലീസ് സംഘത്തെയും ആക്രമിച്ചു.

Advertisment

ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.ഐ: ടി.എസ് റെനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്കുമാര്‍, ശ്രീജിത്ത്, ശ്രീകാന്ത്, ബിനീഷ്, ജസ്റ്റിന്‍, രാഹുല്‍, ഷിജു കുരുവിള, വനിതാ പൊലീസ് ഓഫിസര്‍ വേണി എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

publive-image

പൊതുമുതല്‍ നശിപ്പിച്ചതും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അന്യായമായി സംഘം ചേര്‍ന്നതിനും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ദീപക് അടക്കം മുപ്പതോളം കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

എസ്.എഫ്.ഐ പ്രവത്തകന്‍ രോഹിത്തിനും പരിക്കേറ്റു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി നിഖിലിനെ പൊലീസ് കസ്റ്റഡിയിയിലെത്തു.

ഇന്നലെ രാവിലെ ഒന്‍പതോടെ സര്‍വകലാശാല ആസ്ഥാനത്ത് യൂണിയന്‍ തെരഞ്ഞെടുപ്പ് നടപടി ആരംഭിച്ചപ്പോള്‍ മുതല്‍ അക്രമ സാധ്യതയുണ്ടായിരുന്നു. ഇതു മുന്നില്‍ക്കണ്ട് പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. ആദ്യ എത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ തടയുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു കളയുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായ സ്ഥിതി എത്തിയതോടെയാണ് പൊലീസ് പ്രശ്നത്തില്‍ ഇടപെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു.

സംഘര്‍ഷം കണ്ട് സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എം.എസ്.എഫ് പ്രവര്‍ത്തകനെ ആക്രമിച്ചതിന് നിഖിലിനെ പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റി.

ഇയാളെ ഇറക്കി വിടണമെന്നാവശ്യപ്പെട്ടാണ് മുപ്പതോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തടയുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു.

Advertisment