നന്മയിലേക്കായിരുന്നു ആ ഓട്ടം…! പെയ്തിറങ്ങിയ കോഴിക്കോടന്‍ സ്‌നേഹത്തിൽ വീർപ്പുമുട്ടി വെങ്കിടേഷന്‍…

സാലിം ജീറോഡ്
Monday, September 9, 2019

ഹാപ്രളയകാലത്ത് വഴിയറിയാതെ സ്തംഭിച്ചു നിന്ന ആംബുലന്‍സിന് ജീവന്‍ പണയം വെച്ച് വഴി കാണിച്ച പന്ത്രണ്ടുകാരന്‍, കർണാടകയിലെ ധീരബാലന്‍ വെങ്കടേഷന് കോഴിക്കോട്ട് നൽകിയ ആദരം വികാരനിർഭര രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

ദരിദ്രകുടുംബത്തിലെ അംഗമായ വെങ്കടേശന് സുമനസ്സുടെ പിന്തുണയിൽ പുതിയ വീടുവെച്ചു നൽകുമെന്ന ‘ഹെൽപിംഗ് ഹാന്‍ഡ്‌സ്’ പ്രതിനിധിയുടെ പ്രഖ്യാപനം കോഴിക്കോട് ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന സുഹൃത്ത് 25,000 രൂപ വീട് നിർമാണത്തിലേക്ക് നൽകി.

ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ സാന്നിധ്യത്തിൽ ഐശ്വര്യയെന്ന കൊച്ചു ഗായിക നിറഞ്ഞു തുളുമ്പിയ തന്റെ കുടുക്ക പൊട്ടിച്ച പണം മുഴുവന്‍ വെങ്കിടേഷന്റെ വീട് നിർമാണത്തിലേക്ക് സമ്മാനിച്ചപ്പോൾ പലരുടെയും കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

ഇരു കൈകളുമില്ലാത്ത ആസിം വെളിമണ്ണ വീൽ ചെയറിൽ വന്ന് സഹായധനം സമ്മാനിച്ചപ്പോൾ നിരവധി കണ്ണുകളിൽ സ്‌നേഹനീരൊഴുകുന്നത് കാണാമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന വെങ്കിടേഷ് മൂന്ന് കിലോമീലോമീറ്റർ നടന്നാണ് സ്‌കൂളിൽ പോവുന്നതെന്നറിഞ്ഞ ഹാരിസ് നല്ലൊരു സൈക്കിളാണ് സമ്മാനിച്ചത്.

ഒരുപിടി മനുഷ്യസ്‌നേഹികൾ വീട് പണിയാനുള്ള തുകയും, പഠിക്കാനുള്ള പുസ്‌കവും ബാഗും നൽകി സഹായിച്ചു. സോളിഡാരിറ്റി അടക്കം നിരവധി സന്നദ്ധ രാഷ്ട്രീയ സംഘടനകൾ ഉപഹാരം നൽകിയും പൊന്നാടയണിയിച്ചും കോഴിക്കോടന്‍ മധുരം നൽകിയും വെങ്കടേഷനെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വെങ്കടേഷനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. അവനെ തന്റെ കൈകളിൽ എടുത്തുയർത്തിയാണ് അദ്ദേഹം കോഴിക്കോടിന്റെ നന്മ വിളംബരം ചെയ്തത്.

നന്മ മരം കൊച്ചിയിലെ നൗഷാദ്കക്ക് സ്വീകരണമൊരുക്കാന്‍ മുന്‍കൈയെടുത്ത സുഹൃത്ത് മജീദ് പുളിക്കൽ തന്നെയാണ് ഈ പരിപാടിയും ഇത്ര ഹൃദ്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത്.

 

×